മുംബൈ: ഇന്ധന വില കുതിച്ചുയരുന്നു. നികുതി കുറച്ചു പോലും സാധാരണക്കാരുടെ കണ്ണീരൊപ്പാൻ മോദി സർക്കാർ തയ്യാറല്ല. പെട്രോളും ഡീസലും ഇനിയും വിലയിൽ കുതിച്ചുയരും. ഖജനാവിലേക്ക് പണം ഒഴുക്കാൻ വില കൂട്ടലിന്റെ സാധ്യതകൾ കേന്ദ്രവും പ്രതീക്ഷയോടെ കാണുന്നു. ഇങ്ങനെ കിട്ടുന്ന പണമെല്ലാം വികസനത്തിന് ചെലവാക്കുമെന്നാണ് വീമ്പു പറച്ചിൽ. എന്നാൽ പണം ഒഴുകുന്നത് പരസ്യ വ്യവസായത്തിലേക്കാണ്. കേന്ദ്രത്തിലെ എൻ.ഡി.എ. സർക്കാർ വിവിധ മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിന് ചെലവിട്ടത് 4,343.26 കോടി രൂപയാണ്. കഞ്ഞികുടിക്കാൻ വകയില്ലാത്ത ഇന്ത്യൻ ജനതയോടുള്ള മോദി സർക്കാരിന്റെ വെല്ലുവിളിയാണ് ഇതെന്നാണ് ഉയരുന്ന ആക്ഷേപം.

പരസ്യ ചെലവിൽ വ്യാപകമായ വിമർശനമുയർന്നതിനെത്തുടർന്ന് ഈ വർഷം പരസ്യച്ചെലവ് അൽപം കുറയ്ക്കാൻ കേന്ദ്രം തയ്യാറായിട്ടുണ്ടെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖകളിൽനിന്ന് വ്യക്തമാകുന്നു. എന്നാൽ ഗണ്യമായ കുറവ് കേന്ദ്രം വരുത്തില്ല. ചരിത്രത്തിലെ ഏറ്റവും വലിയ പരസ്യ ധൂർത്താണ് നടക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും മോദി പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല. പട്ടിണി പാവങ്ങൾക്കായി ചെലവാക്കേണ്ട തുകയാണ് പ്രധാനമന്ത്രിയുടെ പടമുള്ള പരസ്യങ്ങൾ നൽകാൻ വേണ്ടി ധൂർത്ത് അടിച്ച് തീർക്കുന്നത്. മുമ്പൊരു കേന്ദ്ര സർക്കാരും ഇത്രയേറെ തുക പരസ്യത്തിന് ചെലവാക്കിയിട്ടില്ല.

4,343.26 കോടിയാണ് പരസ്യത്തിന് നൽകുന്ന ചെലവ്. മോദി സർക്കാർ അധികാരത്തിൽവന്നതിനുശേഷം 2014 ജൂൺ മുതൽ 2018 മാർച്ച് വരെ പത്രങ്ങളിലും ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും പരസ്യത്തിനുവേണ്ടി ചെലവിട്ട പണത്തിന്റെ കണക്കാണിത്. കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആൻഡ് കമ്യൂണിക്കേഷൻ(ബി.ഒ.സി.) വിഭാഗത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് തപൻ സൂത്രധാർ ആണ് മുംബൈയിലെ വിവരാവകാശ പ്രവർത്തകൻ അനിൽ ഗാൽഗലിക്ക് ഇത് കൈമാറിയത്. ഈ വിവരം പുറത്തുവന്നതോടെയാണ് ധൂർത്തിനെതിരെ ചർച്ച സജീവമായത്. പക്ഷേ ഇതൊന്നും കാര്യമാക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

ദേശീയ മാധ്യമങ്ങളെല്ലാം കേന്ദ്ര സർക്കാരിന് അനുകൂലമായാണ് വാർത്തകൾ നൽകാറ്. പലരും മോദിക്കെതിരായ വിമർശനങ്ങൾ നൽകാറു പോലുമില്ല. ഇതിന് കാരണവും മാധ്യമങ്ങളിലേക്ക് ഒഴുകുന്ന ഈ പരസ്യക്കണക്കുകളാണ്. മോദിയെ അനുകൂലിക്കാത്തവർക്ക് പരസ്യം വരുന്നത് കുറയും. ഇതാണ് തന്ത്രമെന്നാണ് ഉയരുന്ന വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ കോടികൾ മോഹിക്കുന്ന മാധ്യമങ്ങൾ സർക്കാർ വിരുദ്ധ വിഷയങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. അങ്ങനെ ഖജനാവിൽ നിന്ന് പണമൊഴുക്കി മാധ്യമങ്ങളെ സ്വാധീനിക്കുകയാണ് കേന്ദ്ര സർക്കാർ.

2014 ജൂൺ മുതൽ 2015 മാർച്ച് വരെ 953.44 കോടി രൂപയാണ് പരസ്യത്തിന് ചെലവിട്ടത്. ഇതിൽ 424 കോടി രൂപ അച്ചടി മാധ്യമങ്ങൾക്കും 448 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങൾക്കും 79.72 കോടി രൂപ പുറം പരസ്യങ്ങൾക്കുമായിരുന്നു. 2015-16 സാമ്പത്തിക വർഷം തുക 1,171 കോടി രൂപയായി ഉയർന്നു. ഇതിൽ 510 കോടി രൂപ അച്ചടി മാധ്യമങ്ങൾക്കും 541 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങൾക്കും ലഭിച്ചു. അടുത്ത വർഷം അച്ചടി മാധ്യമങ്ങൾക്കുള്ള തുക 463 കോടിയായി കുറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങളുടേത് 613 കോടിയായി ഉയരുകയും ചെയ്തു. മൊത്തം 1,263.15 കോടി രൂപയാണ് 2016-17 വർഷം ചെലവിട്ടത്.

എന്നാൽ, 2017-18 വർഷം പരസ്യത്തുകയിൽ ഗണ്യമായ കുറവു വന്നു. അച്ചടി മാധ്യമങ്ങളുടെ 333 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങളുടെ 475 കോടി രൂപയും ഉൾപ്പെടെ 955.46 കോടി രൂപയാണ് ഈ വർഷം ചെലവിട്ടത്.