ചെന്നൈ: അസാധുവാക്കപ്പെട്ട 45 കോടിയുടെ കറൻസി ചെന്നൈയിലെ ടെയ്‌ലർ ഷോപ്പിൽ നിന്ന് പിടികൂടി. കോടമ്പാക്കത്തെ സക്കറിയ കോളനിയിലെ ഒരു തുന്നൽ കടയിൽ നിന്നാണ് ഇത്രയും വലിയ കറൻസി ശേഖരം പിടികൂടിയത്. അസാധുവാക്കിയ ആയിരം, അഞ്ഞൂറ് നോട്ടുകളുടെ ശേഖരമാണ് പൊലീസ് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തി റെയ്ഡ് നടത്തുകയായിരുന്നു. പൊലീസുകാർക്ക് യൂണിഫോം തുന്നി നൽകുന്ന കടയാണിതെന്നത് അന്വേഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഇതിന്റെ മറവിൽ ഇവിടെ പണം സുരക്ഷിതമായി സൂക്ഷിക്കാമെന്ന് കരുതിയാണ് ഇടപാട് നടന്നതെന്നാണ് സൂചന. നാലു ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നതെന്ന് ടി നഗർ ഡെപ്യൂട്ടി കമ്മിഷണർ ശരവണൻ അറിയിച്ചു.

തുന്നൽ കടയുടമ ദണ്ഡപാണിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. പോണ്ടി ബസാറിലെ റിയൽ എസ്‌റ്റേറ്റുകാരനായ പത്താൻ ഗിലാനിയാണ് തന്നെ പണം ഏൽപിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്.

പഴയ നോട്ടുകൾ കമ്മിഷൻ വാങ്ങി മാറ്റി നൽകുന്നതിന് ഏജന്റായി പ്രവർത്തിക്കുന്നയാളാണ് ദണ്ഡപാണിയെന്ന സംശയത്തിൽ അന്വേഷണം നടന്നുവരികയാണ്. പിടികൂടിയ പണം റിപ്പോർട്ട് സഹിതം റിസർവ് ബാങ്കിന് കൈമാറി. കൂടുതൽ അന്വേഷണത്തിനായി റവന്യൂ ഇന്റലിജൻസിനും വിവരങ്ങൾ നൽകിയിട്ടുണ്ട്.

നവംബർ എട്ടിന് കറൻസി നിരോധനം നടപ്പിലായതിന് ശേഷം ചെന്നൈയിൽ നിരവധി വൻകിടക്കാരിൽ നിന്ന് വൻതോതിൽ പണം പൊലീസും എൻഫോഴ്‌സ്‌മെന്റ്, ടാക്‌സ് അധികൃതരും പിടിച്ചെടുത്തിരുന്നു. ഇൻകംടാക്‌സ് വകുപ്പ് ഇതിനകം 130.5 കോടി രൂപയും 177 കിലോ സ്വർണവും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.