ഹൈദരാബാദ്: ഇന്ത്യയിലെ മെട്രോ നഗരങ്ങളുടെ പട്ടികയിൽ വരില്ലെങ്കിലും, എന്നും മെട്രോ നഗരങ്ങളെ അതിശയിപ്പിച്ച് മുമ്പെ നടന്ന നഗരമാണ് ഹൈദരാബാദ്. വിവരസാങ്കേതിക രംഗം മുതൽക്ക് ഹൈദരാബാദ് മറ്റു നഗരങ്ങൾക്ക് മാതൃകയാണ്. ഭിക്ഷാടകരരില്ലാത്ത നഗരമായി മാറുകയെന്നതാണ് ഹൈദരാബാദ് അടുത്തതായി മുന്നോട്ടുവെച്ചിരിക്കുന്ന ലക്ഷ്യം. ഇതിനായി, തെലങ്കാന ജയിൽ വകുപ്പാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഹൈദരാബാദിലെ തെരുവുകൾ ഭിക്ഷാടന മുക്തമാക്കുന്നതിനായി പൊതുജനങ്ങളുടെ സഹായത്തോടെയാണ് ജയിൽ വകുപ്പ് ശ്രമം തുടങ്ങിയിരിക്കുന്നത്. ഭിക്ഷാടകരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 500 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെവിടെയാണ് ഭിക്ഷാകടകരുള്ളതെന്ന വിവരം നൽകുക മാത്രമാണ്് ജനങ്ങളുടെ ചുമതലയെന്ന് ജയിൽ വിഭാഗം ഡി.ജി.പി. പറയുന്നു. ജയിൽ വകുപ്പിന്റെ കൺട്രോൾ റൂമിലേക്കാണ് വിവരം നൽകേണ്ടത്.

വിവരം കിട്ടിയാൽ അധികൃതർ അവിടെ പാഞ്ഞെത്തും. ഭിക്ഷാടകരെ കണ്ടുപിടിച്ച് അവരെ കൂട്ടിക്കൊണ്ടുപോയി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള അഭയകേന്ദ്രത്തിലെത്തിക്കും. അവിടെ സൗജന്യ താമസവും ഭക്ഷണവും കൗൺസലിങ്ങും തൊഴിൽ പരിശീലനവും നൽകും. രോഗികളാണെങ്കിൽ അവരെ ആശുപത്രിയിലാക്കി ചികിത്സ നൽകും.

ആരോഗ്യമുള്ളവരാണെങ്കിൽ അവർക്ക് യോജിച്ച തൊഴിൽ നൽകും. ഭിക്ഷാടനത്തിൽനിന്ന് പിന്തിരിപ്പിക്കുക മാത്രമല്ല, അവരെ പുനരധിവസിപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്ന് ഡി.ജി.പി. പറഞ്ഞു. ജയിൽ വകുപ്പിന്റെ തന്നെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഫർണീച്ചർ നിർമ്മാണ സ്ഥാപനങ്ങളിലാണ് ഇവർക്ക് ജോലി നൽകുക.

ജയിൽ വകുപ്പിന്റെ ഉദ്യമം ഇതേവരെ മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 741 പുരുഷന്മാരെയും 300 സ്ത്രീകളെയുമാണ് ഭിക്ഷാടനത്തിൽനിന്ന് മോചിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ സാധാരണ ജീവിതം നയിച്ചുതുടങ്ങിയതായി അധികൃതർ പറയുന്നു. അവശേഷിക്കുന്ന ഭിക്ഷാടകരെയും കണ്ടെത്തി നഗരത്തെ പൂർണമായും ഭിക്ഷാടന രഹിതമാക്കുകയാണ് ജയിൽ വകുപ്പിന്റെ ലക്ഷ്യം.