തിരുവനന്തപുരം: രാജ്യത്ത് 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. അതിനിടെ കേരളത്തിൽ വോട്ടെടുപ്പിനിടെ വിവാദവും ഉയരുന്നു. വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പായി നിൽക്കുന്നതിനിടെ മൂന്ന് രാഷ്ട്രീയ കക്ഷികൾക്ക് പോളിങ് ഏജന്റുമാർ ഇല്ലെന്നും അവരുടെ വോട്ട് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. സിപിഐ, എൻസിപി, ജനതാദൾ എന്നീ കക്ഷികൾക്ക് ഏജന്റുമാർ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ നിയമസഭാ സെക്രട്ടറിക്ക് പരാതിയും നൽകി. ഏജന്റില്ലാത്ത പാർട്ടികളുടെ വോട്ട് റദ്ദാക്കണമെന്നാണ് മുഖ്യ ആവശ്യമായി ഉന്നയിച്ചിട്ടുള്ളത്. ഇത് ഗൗരവമായ പ്രശ്‌നമാണെന്നും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ ഇത് ബാധിച്ചേക്കുമോ എന്ന ചർച്ചയും സജീവമായി. എന്നാൽ താമസിയാതെ തന്നെ ഇത് ഒരു പ്രശ്‌നമല്ലെന്ന് വ്യക്തമാക്കി വരണാധികാരി യുഡിഎഫിന്റെ പരാതി തള്ളി.

രാജ്യത്ത് 58 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിലും ഇതിൽ 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ 25 സീറ്റുകളിലേക്കാണു മത്സരം. ഏഴു കേന്ദ്രമന്ത്രിമാരും ബിജെപി കേരളഘടകം മുൻ അധ്യക്ഷൻ വി.മുരളീധരനും (മഹാരാഷ്ട്ര) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് വൈകീട്ട് നാലുവരെ വോട്ടെടുപ്പ് നടക്കും. ഇതിന് പിന്നാലെ തന്നെ ഫലപ്രഖ്യാപനവും ഉണ്ടാവും.

യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞതോടെ എംപി. വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിൽ തന്നെയാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. വീരേന്ദ്രകുമാറിനെയും കൂട്ടരേയും എൽഡിഎഫിലെ ഘടകകക്ഷി ആക്കിയിട്ടില്ലെങ്കിലും രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് തന്നെ നൽകാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. ബി. ബാബുപ്രസാദാണ് യുഡിഎഫ് സ്ഥാനാർത്ഥി. നിയമസഭാ മന്ദിരത്തിൽ രാവിലെ 9 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്.

നിതീഷ് കുമാറിനൊപ്പം നിൽക്കാനാകില്ലെന്നും ആ പാർട്ടിയുടെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്നുമായിരുന്നു വീരേന്ദ്രകുമാറിന്റെ നിലപാട്. എന്നാൽ രാജിവച്ചു ദിവസങ്ങൾക്കുള്ളിൽ വീരേന്ദ്രകുമാർ പക്ഷം യുഡിഎഫ് വിട്ട് എൽഡിഎഫുമായി ചേരാൻ തീരുമാനിച്ചു. എൽഡിഎഫിന്റെ വോട്ട് ഉറപ്പിച്ചതിനാൽ വീരേന്ദ്രകുമാറിനു ഭീഷണിയില്ല എന്നായിരുന്നു നിലയെങ്കിലും തിരഞ്ഞെടുപ്പിന് പോളിങ് ഏജന്റുമാരില്ലെന്ന പരാതി യുഡിഎഫ് ഉയർത്തിയത് ഫലത്തെ അത് ബാധിക്കുമോ എന്ന സംശയം ഉയർത്തി.

എന്നാൽ പോളിങ് ഏജന്റ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വേണ്ടെന്ന നിലപാടാണ് വരണാധികാരി സ്വീകരിച്ചത്. വോട്ട് അംഗത്തിന്റെ മൗലികാകവകാശമാണെന്നും വരണാധികാരി വ്യക്തമാക്കിയതോടെ ആശങ്കയൊഴിഞ്ഞു. എന്നാൽ വൈകീട്ട് വോട്ടെണ്ണുന്ന വേളയിൽ ഈ പ്രശ്‌നം യുഡിഎഫ് വീണ്ടും ഉന്നയിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, വീരേന്ദ്രകുമാറിന്റെ എൽഡിഎഫ് പക്ഷംചേരൽ ഇഷ്ടമില്ലാത്തതിനാൽ ആണോ സിപിഐയും എൻസിപിയും വീരനുമായി തെറ്റിപ്പിരിഞ്ഞ് എൽഡിഎഫിനൊപ്പം നേരത്തേ ചേക്കേറിയ മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദളും ഇന്ന് പോളിങ് ഏജന്റുമാരെ നിർത്താത്തതെന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു. ഈ വിഷയത്തിൽ ഈ മൂന്ന് കക്ഷികളുടെയും വോട്ട് റദ്ദായാൽ അത് വീരേന്ദ്രകുമാറിന്റെ വിജയത്തെ ബാധിക്കുമെന്ന നിലയാണ് ചർച്ചയായത്.

അതേസമയം, ഇത്തവണ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഭരണം കൈപ്പിടിയിൽ ഉള്ളതിനാൽ രാജ്യസഭയിൽ അംഗബലം കൂട്ടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. നിലവിൽ സഭയിൽ 58 സീറ്റുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. തിരഞ്ഞെടുപ്പു കഴിയുമ്പോൾ അംഗബലം എഴുപതിലേറെയാകും. എന്നാൽ, 245 അംഗ സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കണമെങ്കിൽ സഖ്യകക്ഷികളും രാഷ്ട്രീയ സുഹൃത്തുക്കളും തുടർന്നും ബിജെപിയെ സഹായിക്കേണ്ടിവരും.

ഇതിനിടെ പത്തു സീറ്റുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശിൽ എസ്‌പിബിഎസ്‌പി സഖ്യത്തെ ഞെട്ടിച്ച് ബിഎസ്‌പി എംഎൽഎ ബിജെപിക്കു ക്രോസ് വോട്ട് ചെയ്തതും ചർച്ചയായി. രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ എംഎൽഎ അനിൽ കുമാർ സിങ്ങാണു താൻ മഹാരാജ് ജിക്കൊപ്പമാണെന്നു വ്യക്തമാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ് മഹാരാജ് ജി എന്ന് വിശേഷിപ്പിച്ചത്.

പാർട്ടിയിലെ കൂട്ടായ്മ ഉറപ്പാക്കാൻ ഇന്നലെ രാത്രി ബിഎസ്‌പി അധ്യക്ഷ മായാവതിയുടെ വീട്ടിൽ നടത്തിയ അത്താഴ വിരുന്നിൽ അനിൽ കുമാർ സിങ്ങും പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് യോഗി ആദിത്യനാഥിന്റെ വീട്ടിലേക്കു പോകുകയായിരുന്നു അദ്ദേഹം. ഇതിനുപിന്നാലെ അനിലിനെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ബിഎസ്‌പി നേതൃത്വം ഇടപെട്ട് ലക്‌നൗവിലേക്കു മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

കർണാടകയിൽ നാലു രാജ്യസഭാ സീറ്റുകളിലേക്ക് അഞ്ചു സ്ഥാനാർത്ഥികളാണു രംഗത്തുള്ളത്. ഇവിടെ ബിജെപിക്കായി രംഗത്തുള്ള മലയാളി വ്യവസയായി രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിന് അഞ്ചു പേരുടെ പിന്തുണ കുറവുണ്ട്. ഈ വെല്ലുവിളി ബിജെപിക്ക് മറികടക്കാനാവുമോ എന്നത് സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾക്ക് കാരണമാകും. രാജസ്ഥാനിൽ തിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു സീറ്റുകൾ ബിജെപിയുടെ കരുത്തു കൂട്ടും. ഇവിടെനിന്നു നിലവിൽ ഒരംഗമേയുള്ളൂ.