തിരുവനന്തപുരം: യുവമോർച്ചയുടെ സംസ്ഥാന വെസ് പ്രസിഡന്റായിരുന്നു ആർ എസ് വിനോദ്. തിരുവനന്തപുരം ജില്ലാ യുവമോർച്ച പ്രസിഡന്റായാണ് ബിജെപി നേതൃത്വത്തിൽ സജീവമായത്. തിരുവനന്തപുരത്തെ ബിജെപി നേതാവായിരുന്ന എംഎസ് കുമാറുമായിട്ടായിരുന്നു അടുപ്പം. ബിജെപി ജില്ലാ സെക്രട്ടറിയുമായി. പിന്നെ അണിയറയിലായിരുന്നു ശ്രീകണ്‌ഠേശ്വരത്ത് താമസിക്കുന്ന നേതാവിന്റെ പ്രവർത്തനം. വി മുരളീധരൻ ബിജെപിയുടെ അധ്യക്ഷനായതോടെ എല്ലാ അർത്ഥത്തിലും ഒഴിവാക്കപ്പെട്ടു. ആർ എസ് എസിന്റെ അതൃപ്തിയായിരുന്നു ഇതിന് കാരണം. ബിജെപിയുടെ കോട്ടയായ ശ്രീകണ്‌ഠേശ്വരത്ത് പലഘട്ടത്തിലും കൗൺസിലർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെങ്കിലും സമ്മതിച്ചതുമില്ല.

ഇത്തരത്തിലൊരു നേതാവിനെ നേരെയാണ് പാർട്ടി അന്വേഷണ കമ്മീഷൻ തന്നെ സംശയങ്ങൾ ഉന്നയിക്കുന്നത്. ബിജെപിയുടെ സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദിന് 5.60 കോടി നൽകിയെന്ന് സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തി. വർക്കല എസ്.ആർ. കോളജ് ഉടമ ആർ. ഷാജിയാണ് പണം നൽകിയത്. ഡൽഹിയിലെ സതീഷ് നായർക്ക് തുക കുഴൽപ്പണമായി കൈമാറിയെന്നും മൊഴിയുണ്ട്. ഇത് അന്വേഷണ കമ്മീഷന് മുമ്പിൽ വിനോദ് സമ്മതിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. അതാണ് ഗുരുതരം. അതും പെരുമ്പാവൂരിലെ മുസ്ലിം ഹവാല ഇടപാടുകാരന്റെ പങ്കും സൂചിപ്പിക്കുന്നു. ഇവിടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം. സ്വന്തമായി സഹകരണ ബാങ്കുള്ള വ്യക്തിയാണ് വിനോദ്. അതുകൊണ്ട് തന്നെ ഈ ആരോപണത്തിന്റെ വ്യാപ്തിയും കൂടുന്നു. സാമാനരീതിയിൽ പല ബിജെപിക്കാർക്കും സഹകരണ ബാങ്കുകളുണ്ട്. ഇതിലെല്ലാം കള്ളപ്പണം ഉണ്ടെന്നും ഇവർക്കെല്ലാം കുഴൽപ്പണ ലോബിയുടെ പിന്തുണയുണ്ടെന്നും സംശയം ശക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്.

തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് ആർ എസ് വിനോദിന്റെ വേണാട് സഹകരണ സംഘം. ബിജെപിയിൽ നിന്ന് മാറി നിൽക്കുമ്പോഴായിരുന്നു വേണാടുമായി വിനോദ് മുന്നോട്ട് പോയത്. ചില നേതാക്കളുടെ പിന്തുണയും കിട്ടിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് മുരളീധരൻ എത്തിയപ്പോൾ കൃഷ്ണദാസ് പക്ഷം തഴയപ്പെട്ടു. ഇതോടെയാണ് വിനോദ് പാർട്ടിയിൽ തഴയപ്പെട്ടത്. നേരത്തെ ബിജെപി ഓഫീസിലെ അക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടായിരുന്നു. ഈ സമയത്ത് കേസിലും വഴക്കിലുമൊന്നും വിനോദെന്ന യുവ നേതാവ് പെട്ടിരുന്നില്ല. എങ്കിലും ആർഎസ്എസ് എന്നും സംശയത്തോടെ കണ്ട നേതാവായിരുന്നു ഇദ്ദേഹം. അതുകൊണ്ട് തന്നെ സ്ഥാനങ്ങൾ നൽകാൻ മുരളീധരന് മേൽ സമ്മർദ്ദവും ഉണ്ടായില്ല.

എംടി രമേശിന്റെ വിശ്വസ്തനായിരുന്നു വിനോദ്. അധ്യക്ഷനായി കുമ്മനം എത്തിയപ്പോൾ ഭാവി നേതാവായി ആർഎസ്എസ് മുന്നിൽ കണ്ടത് എംടി രമേശിനെയാണ്. തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ രമേശിനോട് ആർഎസ്എസ് നിർദ്ദേശിച്ചു. ഇതോടെ ഭാവി സംസ്ഥാന പ്രസിഡന്റായി ഏവരും കരുതിയിരുന്ന രമേശിന് അടുത്ത് വിനോദ് എത്തി. ഈ ബന്ധമാണ് ബിജെപിയെ കുടുക്കുന്നത്. സഹകരണ സെൽ എന്നത് തീർത്തും അപ്രധാന ഘടകമാണ്. സഹകരണ മേഖലയിലെ പരിചയം ഉയർത്തി സെല്ലിന്റെ കൺവീനറായി വിനോദിനെ ഉയർത്തിക്കാട്ടിയതും രമേശായിരുന്നു. ഇത് കുമ്മനം അംഗീകരിച്ചു. ഈ ലേബലിലിലാണ് ബിജെപിയുടെ സംസ്ഥാന സമിതിയിലേക്കും വിനോദ് എത്തുന്നത്. ഇതിൽ രമേശ് നടത്തിയ ഇടപെടൽ എല്ലാവർക്കും അറിയാം.

വിനോദിന് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുമായി പോലും വിനോദിന് അടുത്ത ബന്ധമുണ്ടായിരുന്നു. സി.പി.എം നേതാക്കളുമായി പോലും സൗഹൃദമുണ്ട്. അത്തരത്തിലൊരു വ്യക്തിയാണ് ആരോപണത്തിൽ നിൽക്കുന്നത്. വിനോദിന്റെ മകളുടെ വിവാഹത്തിൽ എല്ലാ രാഷ്ട്രീയക്കാരും സജീവമായി പങ്കെടുത്തിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന് കരുത്തായി ചൂണ്ടിക്കാട്ടുന്നു. വർക്കലയിൽ മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപി സംസ്ഥാന നേതാക്കൾ കോഴ വാങ്ങിയെന്ന കണ്ടെത്തിലിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം ഗൗരവമുള്ളതാണ്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകും. കേന്ദ്ര ഭരണത്തിന്റെ തണലിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ വൻ കൊള്ളയാണ് നടത്തുന്നത്. കൊടുങ്ങല്ലൂരിൽ ബിജെപിയുടെ പ്രാദേശിക നേതാവ് വീട്ടിൽ കള്ളനോട്ടടിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയപ്പോൾ തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. അതിന്റെ തുടർച്ചയാണ് മെഡിക്കൽ കോളജിന് കോഴ വാങ്ങിയതും ഹവാല പണമിടപാടും.

കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം കോഴ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന വ്യാപകമായി ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ കള്ളനോട്ടിറക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.