ജിദ്ദ: വൈജ്ഞാനിക നവസങ്കേതങ്ങളെയും സംരംഭങ്ങളെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വിഭാഗം നോട്ടെക് എന്ന പേരിൽ സംഘടിപ്പിച്ച വൈജ്ഞാനിക സാങ്കേതിക പ്രദർശനം ശ്രദ്ദേയമായി. സാങ്കേതിക രംഗത്ത് പ്രവാസി യുവാക്കളുടെയും കുട്ടികളുടെയും നവ സംരംഭങ്ങൾ, ആധുനിക ശാസ്ത്ര രംഗത്തെ നൂതന ടെക്‌നോളജികൾ, പ്രഫഷണൽ രംഗത്തെ പുതിയ സാധ്യതകൾ, വിവിധ സാങ്കേതിക സെമിനാറുകൾ ചർച്ചകൾ, വിവിധ പവലിയനുകൾ എന്നിവ ഒരുക്കി പ്രവാസി ജനതക്കിടയിൽ പുതിയൊരു കാൽവെപ്പായി നോട്ടെക്ക് മാറി.

വെള്ളിയാഴ്ച രാവിലെ ആർ.എസ്.സി ജിദ്ദാ സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ച് ആരംഭിച്ച ചടങ്ങ് ICF സെൻട്രൽ കമ്മറ്റി അംഗം അബ്ദുൽ റബ്ബ് ചെമ്മാട് ഉദ്ഘാടനം നിർവഹിച്ചു. ജിദ്ദയുടെ വിവധ ഭാഗങ്ങളിൽ നിന്നും 7 സെക്റ്ററിൽ നിന്ന് മത്സര മത്സരേതര ഇനങ്ങളിലായി 200 ലധികം പ്രതിഭകൾ മാറ്റുരച്ചു.

86 പോയിന്റോടെ ബവാദി സെക്റ്റർ ഒന്നാം സ്ഥാനവും 65 പോയിന്റോടെ മഹ്ജർ സെക്റ്റർ രണ്ടാം സ്ഥാനവും 52 പോയിന്റോടെ ജാമിഅ സെക്റ്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നോടെക് ഡ്രൈവ് ചെയർമാൻ ഷാഫി മുസ്ലിയാരുടെ അധ്യക്ഷതയിൽ ആരംഭിച്ച സമാപന സമ്മേളനം കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ: ശ്രീരാം നിർവഹിച്ചു. നവ സാങ്കേതിക വിദ്യകൾ അനുദിനം വികസിച്ച് കൊണ്ടിരിക്കയാനെന്നും നാനോ ട്ടെക്‌നോളജിയാണ് വരും കാലത്ത് സാങ്കേതിക രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുകയെന്നും അദ്ദേഹം പ്രസ്താവിച്ചു. പങ്കു വെക്കപ്പെടുന്ന അറിവുകൾ കൊണ്ട് മാത്രമാണ് ലോകത്തിന് ഗുണമുള്ളത്, നമ്മളിപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന സാങ്കേതിക ഉപകരണങ്ങളിൽ പലതും വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ കണ്ടെത്തി നമുക്കും കൂടെ പങ്ക് വെക്കുകയായിരുന്നു. അത്തരം വിജ്ഞാന സാങ്കേതിക കൈമാറ്റം നമ്മുടെ ജീവിത നിലവാരം ഉയർത്താൻ സഹാകരമായിട്ടുണ്ട്. നവ സാങ്കേതിക രംഗത്ത് നമുക്കിനിയും പലതും ചെയ്യാൻ കഴിയും. അതിന് നിലവാരമുള്ള സാങ്കേതിക വിദഗ്ധരുടെ ആവിശ്യകത നമ്മുടെ നാട്ടിലും ആഗോള തലത്തിലും നാൾക്കുനാൾ വർധിച്ച് കൊണ്ടിർക്കയാണ്. അതിനാൽ ശാസ്ത്ര സാങ്കേതിക വിദ്യ അഭ്യസിക്കാൻ താത്പര്യപ്പെടുന്നവരെ സമൂഹം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി യുവാക്കൾക്കിടയിലെ നവ സംരഭം എന്തുകൊണ്ടും ശ്രദ്ധേയമാണെന്നും ഇത്തരം ക്രിയാത്മക ചിന്തകളാൽ സജീവമായിരിക്കണം യുവ ജനതയെന്നും അധ്യക്ഷ പ്രസംഗം നടത്തവേ ഷാഫി മുസ്ലിയാർ അഭിപ്രായപെട്ടു. അബ്ദുൽ നസീർ അൻവരി പ്രാർത്ഥന നിർവഹിച്ച് ആരംഭിച്ച ചടങ്ങിൽ ICF നാഷണൽ കമ്മറ്റി അംഗം ഗഫൂർ വാഴക്കാട് ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ അലി ബുഖാരി തുടങ്ങിയവർ സംസാരിച്ചു.

സ്വാദിഖ് ചാലിയാർ സ്വാഗതവും അബ്ദുൽ റഷീദ് വേങ്ങര നന്ദിയും പറഞ്ഞ സദസ്സിൽ മുഹ്‌സിൻ സഖാഫി ബഷീർ ഹാജി, മുഹമ്മദലി വേങ്ങര, ഖലീൽ റഹ്മാൻ കൊളപ്പുറം, യാസർ അറഫാത്ത്, അബ്ദുൽ സലാം മുസ്ലിയാർ പൊന്നാട്, ആർ എസ്സി. സൗദി വെസ്റ്റ് നാഷണൽ ജനറൽ കൺവീനർ തൽഹത്ത് എന്നിവർ സംബന്ധിച്ചു.