ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ ആർ.എസ്.സി 140 എന്ന വേണാട് ബസ് ഇനി മുതൽ ചങ്ക് ബസ് എന്നറിയപ്പെടും. പുതിയ സി.എം.ഡി ടോമിൻ തച്ചങ്കരിയാണ് ബസിനെ അങ്ങിനെ വിളിക്കാൻ നിർദ്ദേശം നൽകിയത്. ഈരാറ്റുപേട്ടയിൽ നിന്ന് കട്ടപ്പനയിലേക്ക് പോകുന്ന RSC 140 എന്ന വേണാട് ബസിന്റെ ഔദ്യോഗിക പേരായാണ് ചങ്ക് എന്നിട്ടിരിക്കുന്നത്. കൈവിട്ടു പോയ വേണാട് ബസിനെ പറ്റി ഹൃദയം തകർന്നുള്ള പെൺകുട്ടിയുടെ ഫോൺ സംഭാഷണം കേരളക്കരയിൽ തരംഗമായിരുന്നു. ഒടുവിൽ സി.എം.ഡി ടോമിൻ തച്ചങ്കരി ബസ് ഡിപ്പോയ്ക്ക് തന്നെ തിരികെ നൽകുകയും ചെയ്തു. അതിന് ശേഷമാണ് ചങ്ക് എന്ന പേരിടാൻ നിർദ്ധേശം നൽകിയത്.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ RSC 140 എന്ന ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയത്. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആലുവ ഡിപ്പോയിലെ എന്ക്വയറിയിൽ ഒരു ഫോൺ കോൾ വരുന്നു. മറുതലയ്ക്കൽ ഒരു പെൺകുട്ടിയായിരുന്നു.തങ്ങൾ സ്ഥിരമായി യാത്രചെയ്തുകൊണ്ടിരുന്ന RSC 140 എന്ന ബസ്സിനോടുള്ള സ്‌നേഹവും അടുപ്പവും എല്ലാം ഫോണിലൂടെ പെൺകുട്ടി വിവരിക്കുകയാണ്. ഫോണെടുത്ത ജീവനക്കാരനാകട്ടെ ഇതെല്ലാം കേട്ട് അന്തിച്ചു പോകുകയും ചെയ്തു. ആദ്യം ആരോ കബളിപ്പിക്കാൻ വിളിക്കുകയാണ് എന്ന് തോന്നിയെങ്കിലും പിന്നീടുള്ള സംസാരത്തിൽ നിന്നും ഇത് ശരിക്കുള്ളതാണ് എന്ന് ജീവനക്കാരന് മനസ്സിലായി.

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങൾക്ക് തന്നെ തിരികെ തരാൻ പാടില്ലേ എന്നൊക്കെയുള്ള വിഷമം നിറഞ്ഞ വാക്കുകൾ കേട്ട് ഫോണെടുത്ത ജീവനക്കാരൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. മാറി വന്ന പുതിയ ബസ് ഞങ്ങൾക്ക് വേണ്ടയെന്നും പെൺകുട്ടി പറയുന്നുണ്ട്. ഈ ഫോൺ കോൾ റെക്കോർഡ് ചെയ്തത് ഇപ്പോൾ ഫേസ്‌ബുക്കിൽ ഹിറ്റായി മാറിയിരിക്കുകയാണ്. വിളിച്ചത് ഒരു പെൺകുട്ടി ആയതിനാൽ വിമർശകർക്കും എന്തെങ്കിലും പറയുവാൻ വയ്യാതായി. എംഡിക്ക് പരാതി നൽകാൻ നിർദ്ധേശിച്ച് ജീവനക്കാരൻ ഒടുവിൽ ഫോൺവയ്ക്കുകയായിരുന്നു.

ഈ ഫോൺ കോൾ കെ.എസ്.ആർ.ടി.സി ഗ്രൂപ്പുകളിൽ വൈറലായി. പുതിയ സി.എം.ഡിയായി ചുമതലയേറ്റ ദിവസം തന്നെ ടോമിൻ തച്ചങ്കരിയുടെ കൈവശവും ഈ സന്ദേശമെത്തി. അന്ന് തന്നെ അദേഹം ഉത്തരവിട്ടു. RSC 140 തിരികെ ഈരാറ്റുപേട്ടയിലേക്ക് മാറ്റാൻ.

അങ്ങിനെ തിരികൈയത്തിയ ബസിനെ യാത്രക്കാർ മാലയിട്ട് സ്വീകരിച്ചു. ഇതും കണ്ടതോടെയാണ് ആ ബസിനെ വെറും വേണാടാക്കി മാറ്റേണ്ട...പേര് തന്നെ ചങ്ക് ബസ് എന്നാക്കി മാറ്റാൻ തീരുമാനിച്ചത്. എത്രയും വേഗം ഒരു ചങ്ക്(ഹൃദയത്തിന്റെ) ചിത്രം ബസിന്റെ മുന്നിൽ പതിക്കാനും എം.ഡി നിർദ്ദേശിക്കുകയായിരുന്നു..

ഒരു വർഷത്തിലേറെയായി ഈരാറ്റുപേട്ടയിൽ നിന്ന് കട്ടപ്പനയിലേക്ക് മലയോര റൂട്ടിലൂടെ യാത്ര തുടരുകയായിരുന്നു RSC 140. വിദ്യാർത്ഥികളും സർക്കാർ ഉദ്യോഗസ്ഥരും തൊഴിലാളികളുമൊക്കെയായി രാവിലെയും വൈകിട്ടും സ്ഥിരം യാത്രക്കാരാണ്. ഫോൺ വിളിച്ച ആൾ ആരാണെന്ന് ആർക്കും അറിയില്ല. ഒരു കോളേജ് വിദ്യാർത്ഥിയാണ് എന്ന് മാത്രമേ അറിയൂ എന്തായാലും ബസ് തിരികെ കിട്ടിയ സന്തോഷം മാത്രമല്ല ചങ്ക് എന്ന പേര് കൂടി കിട്ടിയതോടെ ഏവർക്കും സന്തോഷമായിരിക്കുകയാണ്. എന്നാൽ എവിടെയോ ഇരുന്ന് താൻ കാരണമാണല്ലോ ഇങ്ങനെ സംഭവിച്ചത് എന്നോർത്ത് പുഞ്ചിരിക്കുന്നുണ്ടാവാം.