ജിദ്ദ : പ്രവാസി വിദ്യാർത്ഥികൾക്കായി രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന ഹൈട്ടൻ ക്യാമ്പ് ജാമിഅ സെക്ടറിൽ സമാപിച്ചു. ജിദ്ദ അൽ സൈഫ് ബീച്ചിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.പ്രവാസ ലോകത്തെ മതിൽ കെട്ടുകൾക്കിടയിൽ തളക്കപ്പെടുന്ന ബാല്യങ്ങൾക്ക് ക്യാമ്പ് നവ്യാനുഭവമായി.

അബ്‌റാർ ചുള്ളിയാട് പ്രാർത്ഥന നിർവഹിച്ച സദസ്സിൽ സെക്ടർ രിസാല കൺവീനർ ശമീർ കുന്നത്ത് ഉദ്ഘാടനവും ആർ എസ് സി ജാമിഅ സെക്ടർ ജനറൽ കൺവീനർ ഫൈസൽ മഞ്ചേരി വിഷയാവതരണവും നടത്തി.

ഒറ്റമുറികളിൽ ഒതുങ്ങിപ്പോകുന്ന ബാല്യങ്ങൾ വലിയ മാനസീക സംഘർഷങ്ങൾ അനുഭവിക്കുന്നു. കൂട്ടുകൂടുന്നതിന്റെ ഇമ്പമറിയാത്ത ബാല്യങ്ങൾ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുന്ന കാഴ്ച വേദനാജനകമാണ്. ഏകാന്തതയിൽ രമിക്കുന്ന കുട്ടികളാണ് ബ്ലൂവെയിൽ പോലുള്ള അപകടകരമായ ഗെയിമുകൾക്കടിമപ്പെടുന്നത് എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ നല്ല കൂട്ടുകാരെ തിരഞ്ഞെടുത്ത് നല്ല നാളേക് നല്ല സൗഹൃദങ്ങൾ വാർത്തെടുക്കണമെന്ന് വിഷയാവതരണത്തിനിടെ ഫൈസൽ മഞ്ചേരി കുട്ടികളെ ഉണർത്തി.

കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ ഗെയിമുകളിലും മത്സരങ്ങളിലും ആഘോഷപൂർവമാണവർ പങ്കെടുത്തത്. നന്മ വിളയിക്കുന്ന ഇത്തരം സൗഹൃദക്ക്യാമ്പുകൾ കുട്ടികൾക്കായി ഇനിയുമോരുക്കണമെന്ന ആവിശ്യം കുട്ടികളും രക്ഷിതാക്കളും ഒരു പോലെ ഉന്നയിച്ചു.

യാസിർ ഇന്ത്യനൂർ,താജുദ്ധീൻ വൈലത്തൂർ,അൻവർ ചേലക്കര,നിയാസ് കൂടരഞ്ഞി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.