തിരുവനന്തപുരം: അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പും രാജ്യസഭാ എംപിമാരുടെ തെരഞ്ഞെടുപ്പും അടുത്തതോടെ യുഡിഎഫ് നേതൃത്വത്തിൽ അങ്കലാപ്പ് ശക്തമാകുന്നു. ആർഎസ്‌പിയെയും സോഷ്യലിസ്റ്റ് ജനതയെയും ലക്ഷ്യമിട്ട് ഇടതുമുന്നണി നീക്കം തുടങ്ങുന്നുവെന്ന ആശങ്ക ശക്തമായതോടെയാണ് കോൺഗ്രസ് പുതിയ കരുക്കൾ നീക്കുന്നത്. യുഡിഎഫിന് അർഹതപ്പെട്ട രണ്ട് രാജ്യസഭാ സീറ്റുകൾ വിജയിപ്പിക്കാൻ ആർഎസ്‌പിയുടെ സഹായം അത്യാവശ്യമാണ്. ഇപ്പോഴത്തെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ എന്തും സംഭവിക്കാമെന്നാണ് വിലയിരുത്തൽ. പിണറായി വിജയന് പകരം കോടിയേരി ബാലകൃഷ്ണൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായത് മുതൽ യുഡിഎഫിലെ കക്ഷികളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം നടത്തിയുരുന്നു. എന്നാൽ, ആർഎസ്‌പിയും, സോഷ്യലിസ്റ്റ് ജനതയും തിരികെ എത്തിയാൽ സ്വീകരിക്കാമെന്ന തന്ത്രമാണ് ഇപ്പോൾ ഇടതുമുന്നണി കൈക്കൊണ്ടിരിക്കുന്നത്. ഇത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുള്ളതുകൊണ്ട് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർഎസ്‌പിക്ക് നൽകാൻ ആലോചന തുടങ്ങിയിട്ടുണ്ട്.

ഇന്നലെ യുഡിഎഫ് നേതൃത്വത്തെ വിമർശിച്ച് ആർഎസ്‌പി ദേശീയ നേതാവ് ടി ജെ ചന്ദ്രചൂഢൻ രംഗത്തെത്തിയിരുന്നു. ഇത് ആർഎസ്‌പിക്ക് മുന്നണിയിലുള്ള അതൃപ്തിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ യുഡിഎഫ് വിടുന്ന കാര്യം ആർ.എസ്‌പി ഇതേ വരെ ചർച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഇന്ന് പറഞ്ഞിരുന്നു. ചന്ദ്രചൂഢന്റെ പ്രതികരണം എന്തുദ്ദേശിച്ചാണെന്ന് അറിയില്ല. ആർ.എസ്‌പിയെ നശിപ്പിക്കാൻ ഇടതുമുന്നണി ശ്രമിച്ചപ്പോഴാണ് മുന്നണി വിട്ടതെന്നും അസീസ് പറയുകയുണ്ടായി. അസീസിന്റെ വാക്കുകൾ കോൺഗ്രസ് നേതാക്കൾ അനുനയിപ്പിച്ചതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന.

ലോക്‌സഭാ സീറ്റിനെ ചൊല്ലിയാണ് ഇടതുമുന്നണിയുമായി ആർഎസ്‌പി പിണങ്ങിയത്. എൻ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ആർഎസ്‌പി മറുകണ്ടം ചാടുകയും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിക്കുകയും ചെയത്ു. എന്നാൽ, കോവൂർ കുഞ്ഞുമോൻ അടക്കമുള്ള എംഎൽഎമാർ യുഡിഎഫിൽ അസ്വസ്ഥരാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ ഇനി യുഡിഎഫിന്റെ ഭാഗമായി നിന്ന് മത്സരിച്ച് ജയിക്കാൻ കഴിയുമോ എന്ന കാര്യം പോലും ആർഎസ്‌പി എംഎൽഎമാർക്ക് ഉറപ്പില്ല. അതുകൊണ്ട് ഇടതുബന്ധം ഉപേക്ഷിച്ചെത്തിയ തങ്ങൾക്ക് കൂടുതൽ സ്ഥാനങ്ങൾ വേണമെന്ന് ആർഎസ്‌പി ആവശ്യപ്പെട്ടിരുന്നു. അതൊകൊണ്ട് കുഞ്ഞുമോനെ അനുനയിപ്പിക്കാനായി ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറായിരിക്കയാണ് കോൺഗ്രസ് നേതാക്കൾ.

അരുവിക്കര ഉപതിരഞ്ഞെടുപ്പാണ് ഇതിന് മറ്റൊരു കാരണവും. ഇടതുമുന്നണിയുടെ ഭാഗമായിരുന്നപ്പോൾ അരുവിക്കരയിൽ മത്സരിച്ചത് ആർഎസ്‌പി സ്ഥാനാർത്ഥിയായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അവിടെ അവകാശവാദം ഉന്നയിക്കാതിരിക്കാൻ വേണ്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർഎസ്‌പിക്ക് നൽകാൻ കോൺഗ്രസ് ആലോചിക്കുന്നത്. ഇവിടെ സ്ഥാനാർത്ഥിയാകാൻ വേണ്ടി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.

ജി കാർത്തികേയന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതാക്കൾ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കെ മോഹൻകുമാർ കോൺഗ്രസുകാരെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് വാദിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശമിപ്പിക്കാൻ അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആർഎസ്‌പിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാനും കോൺഗ്രസ് ആലോചന തുടങ്ങിയത്.

പി സി ജോർജ്ജ് കൂടി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അട്ടിമറിയുണ്ടായാൽ ഒരു രാജ്യസഭാ സ്ഥാനാർത്ഥി തോൽക്കുന്ന സാഹചര്യം വന്നേക്കാം. അത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ നടത്തുന്നത്.