പാലക്കാട്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അടുത്തകാലത്തായി സ്ഥിരമായി കേരളത്തിൽ എത്താറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഘടകമാണ് കേരളത്തിലേത് എന്നതു കൊണ്ടു കൂടിയാണ് അദ്ദേഹം സംസ്ഥാനത്തേക്ക് സന്ദർശനം നടത്തുന്നത്. ഇത് കൂടാതെ ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെടുന്ന സ്ഥലമെനന് നിലയിൽ കൂടി ദേശീയ തലത്തിൽ ശക്തമായ പ്രചരണം സിപിഎമ്മിനെതിരെ ബിജെപി നടത്തുകയും ചെയ്യുന്നു. ഇതിനിടെയാണ് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് സംബന്ധിച്ച വിവാദത്തിൽ പിണറായി സർക്കാർ അനാവശ്യമായി തലവെച്ചു കൊടുത്തത്.

കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ നിയന്ത്രിക്കുന്ന ആർഎസ്എസ് മേധാവി സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നതിന് എതിരെയാണ് പിണറായി സർക്കാർ രംഗത്തെത്തിയതും കേസെടുത്തതും. ഈ നടപടിയോടെ സർക്കാറിനോടുള്ള വെല്ലുവിളിയെന്ന നിലയിൽ ഇന്നലെ വീണ്ടും മോഹൻ ഭ ാഗവത് എത്തി. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സർക്കുലറിന് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് അദ്ദേഹം എത്തിയതും പതാക ഉയർത്തിയതും. കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലാണ് അദ്ദേഹം പതാക ഉയർത്തിയത്. ഇതോടെ ദേശീയ തലത്തിൽ അടക്കം വാർത്തകളെത്തി.

റിപബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്. സ്‌കൂൾ മേലധികാരികൾ വേണം പതാക ഉയർത്താനെന്നായിരുന്നു സർക്കാർ നിർദ്ദേശം നമ്മുടെ സംസ്‌കൃതി ലോകത്തിന് മാർഗദർശിയാണെന്ന് റിപബ്ലിക് ദിനത്തിലെ പരിപാടികൾ ഉദ്ഘാടനം ചെയ്ത് മോഹൻ ഭാഗവത് പറഞ്ഞു. ആ സംസ്‌കൃതിയുടെ അടയാളമാണ് ദേശീയ പതാകയുടെ മുകളിലുള്ളത്. നടുവിൽ കാണുന്ന നിറം നമ്മുടെ നൈർമല്യമാണ്. സമൃദ്ധിയുടെ നിറമാണ് പച്ച. ലോകം മുഴുവൻ ഭാരതം ജയിക്കണം എന്നാണ് ഗാഹേ തവ ജയ ഗാഥ എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ സവിശേഷ സ്വഭാവം സ്വന്തം സ്വഭാവമാക്കി മാറ്റാൻ പൗരൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, മോഹൻ ഭാഗവത് പതാകയുയർത്തിയത് സംബന്ധിച്ച് വിശദീകരണവുമായി സ്‌കൂൾ രംഗത്തെത്തി. സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന വിദ്യാലയത്തിന് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ബാധകമാവില്ലെന്നാണ് സ്‌കൂൾ അധികാരികൾ ഉയർത്തുന്ന വാദം. എന്നാൽ, ആർഎസ്എസ് മേധാവിയെ മാത്രം മുന്നിൽ കണ്ടായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറെന്ന് വ്യക്തമാണ്.

ഈ സർക്കുലറിന് പുല്ലുവില കൽപ്പിക്കുകയാണ് അദ്ദേഹം ആർഎസ്എസ് ചെയ്തത്. പൊലീസുകാർ നോക്കി നിൽക്കെ തന്നെ നൂറൂ കണക്കിന് ആർഎസ്എസ് പ്രവർത്തകരെയും വിദ്യാർത്ഥികളെയും സാക്ഷിയാക്കി മോഹൻ ഭാഗവത് പതാക ഉയർത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ മുമ്പും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നും ഇവർ അവകാശപ്പെടുന്നു. നേരത്തെ കഴിഞ്ഞ സ്വാതന്ത്രദിനത്തിൽ പാലക്കാട് കർണ്ണകിയമ്മൻ സ്‌കൂളിൽ മോഹൻ ഭാഗവത് പതാകയുയർത്തിയത് വിവാദമായിരുന്നു.

നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സ്‌കൂളിൽ ദേശീയപതാക ഉയർത്തിയ സംഭവത്തിൽ പ്രധാന അദ്ധ്യാപകനെതിരെ കേസെടുക്കാൻ കലക്ടർ നിർദേശിച്ചിരുന്നെങ്കിലും ആദ്യം നടന്നില്ല. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. മോഹൻ ഭാഗവത് പാലക്കാട്ടെ സ്‌കൂളിൽ ദേശീയപതാക ഉയർത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. സ്‌കൂൾ പ്രിൻസിപ്പലിനും മാനേജർക്കുമെതിരെ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണു നിർദ്ദേശം നൽകിയത്. ക്രിമിനൽ കേസ് നിലനിൽക്കുമോയെന്നു പരിശോധിക്കാൻ പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

പാലക്കാട് കർണകിയമ്മൻ സ്‌കൂളിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്. സ്‌കൂളുകളിൽ ദേശീയപതാക ഉയർത്തേണ്ടത് ജനപ്രതിനിധികളോ പ്രധാനാധ്യാപകരോ ആയിരിക്കണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. മോഹൻ ഭാഗവത് പതാക ഉയർത്താൻ എത്തുന്നത് അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്‌കൂൾ അധികൃതർക്കു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതു ലംഘിച്ച് ഭാഗവത് പതാക ഉയർത്തുകയായിരുന്നു.

ദേശീയ തലത്തിൽ പിണറായി വിജയന്റെ വെല്ലുവിളി ആർഎസ്എസ് മറികടന്നുവെന്ന വിധത്തിലാണ് വാർത്തകൾ വന്നത്. അനാവശ്യമായി എതിർപ്പുയർത്തി വിഷയത്തിൽ സർക്കാർ തന്നെയാണ് പ്രതിരോധത്തിലായത്. റിപ്പബ്ലിക് ദിനത്തിൽ സ്‌കൂളുകളിൽ സർക്കാർ മേധാവികൾ മാത്രമേ പതാക ഉയർത്താവൂ എന്ന സർക്കുലർ ജനുവരി17നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ഇത് ആർ.എസ്.എസ് നേതാവ് റിപ്പബ്ലിക് ദിനത്തിൽ പാലക്കാട്ടെ സ്‌കൂളിൽ പതാക ഉയർത്തുന്നത് തടയാനാണെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പാലക്കാട് വ്യാസ വിദ്യാ പീഠത്തിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തുന്നത്. സി.ബി.എസ്.ഇ സ്‌കൂളാണിതെന്നും സംസ്ഥാന സർക്കാറിന്റേതല്ലെന്നും പറഞ്ഞാണ് ബിജെപി സർക്കാർ ഉത്തരവ് തങ്ങൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയത്.