ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേർക്കു നടന്ന ആക്രമണത്തെ അപലപിച്ച് ആർഎസ്എസ്. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നില്ലെന്നാണ് ആർഎസ്എസ് പ്രതികരിച്ചത്. നേരത്തേ ബിജെപി സംസ്ഥാന നേതൃത്വവും യെച്ചൂരിക്കെതിരായ ആക്രമണത്തെ അപലപിച്ചിരുന്നു.

ഇന്നലെ വൈകിട്ടാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടായത്. സി.പി.എം ആസ്ഥാനമായ എകെജി ഭവനിൽ പ്രവേശിച്ച ഭാരതീയ ഹിന്ദുസേനാ സംഘടനയിൽപ്പെട്ട രണ്ടു പേരാണ് മുദ്രാവാക്യം മുഴക്കി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. യെച്ചൂരി താഴെ വീഴാൻപോയി. സംഭവത്തിൽ വൻ പ്രതിഷേധമാണ് സിപിഎമ്മിന്റെ ഭാഗത്തുനന്ന് ഉണ്ടായത്. എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും ശക്തമായി പ്രതികരിച്ചു.

ഇതിനിടെ, യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനാ പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചു. നിസാര വകുപ്പുകൾ മാത്രമാണ് എകെജി ഭവനിൽ കയറി യെച്ചൂരിയെ കയ്യേറ്റം ചെയ്ത ഹിന്ദുസേനാ പ്രവർത്തകർക്കെതിരെ ചാർത്തിയത്.

ഹിന്ദുസേന പ്രവർത്തകർ യെച്ചൂരിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇവർ ഹിന്ദുസേന പ്രവർത്തകരല്ലെന്നും അനുഭാവികൾ മാത്രമാണെന്നും ചാർജ് ഷീറ്റിലുണ്ട്. ഇതിന് പിന്നാലെയാണ് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചത്.

അതേസമയം പൊലീസ് നടപടിയിൽ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നാണ് ഇതിനെക്കുറിച്ചുള്ള യെച്ചൂരിയുടെ പ്രതികരണം. കേന്ദ്രസർക്കാരിന് കീഴിലാണ് ഡൽഹി പൊലീസ്. ആക്രമണം നടത്തിയവർക്ക് ഇവരുമായുള്ള ബന്ധം വ്യക്തമാണല്ലോ. ജനങ്ങളുടെ സുരക്ഷ അവനവൻ തന്നെ ഉറപ്പാക്കേണ്ട അവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം പറഞ്ഞു.