തിരുവനന്തപുരം: ഒരു എംഎൽഎ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്. വെട്ടിനിന്നിട്ടുണ്ടെടാ, തീർത്തുകളയും എന്നായിരുന്നു ആർഎസ് എസ് നേതാവിന്റെ കൊലവിളി. മാദ്ധ്യമപ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ച ബിജെപി പ്രവർത്തകർ ശ്യാം കുമാറിന്റെ കഴുത്തിന് പിടിച്ച് ഞെരിച്ചു. ശ്രീജിത് കോമ്പാലയെ അടിച്ച് വീഴ്‌ത്താൻ ശ്രമിച്ചു. പ്രാദേശിക ലേഖകന്റെ ക്യാമറ തറയിൽ എറിഞ്ഞ് തകർത്തു. ബിജെപി ദേശീയ നേതൃത്വം കേരളത്തിനായി ഒരുക്കിയ തന്ത്രങ്ങളെയാണ് ഈ അക്രമ മുറ തകർക്കുന്നത്. സിപിഎമ്മിന്റെ കൊലയാളി പാർട്ടിയായി മാറ്റി കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തയ്യാറാക്കിയ പദ്ധതികളും ഇതോടെ പാളി.

ഒറ്റപ്പാലത്ത് മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ വിഷ്ണു നടത്തിയ ആക്രോശങ്ങളിൽ ബിജെപി എംഎൽഎ ഒ രാജഗോപാലിനും കടുത്ത അമർഷമാണുള്ളത്. ഇത്തരം സംഭവങ്ങൾ നിയമസഭയിലെ തന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് രാജഗോപാലിന്റെ അഭിപ്രായം. നിയമസഭയിൽ ഇടത്-വലത് മുന്നണികൾക്ക് ബദലാകാനുള്ള തന്റെ ശ്രമങ്ങളെ ഇത്തരം പ്രവർത്തനങ്ങൾ ദോഷകരമായി സ്വാധീനിക്കുമെന്നാണ് നേമത്ത് നിന്ന് ജയിച്ച് നിയമസഭയിലെത്തിയ രാജഗോപാലിന്റെ നിലപാട്. നിയമസഭയിൽ തീർത്തും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും. താൻ എന്തു പറഞ്ഞാലും സിപിഎമ്മിനും കോൺഗ്രസിനും ഇത്തരം വിവാദങ്ങളുയർത്തി പ്രതിരോധിക്കാനാകും. അതിനാൽ സംഘടനയ്ക്ക് രാഷ്ട്രീയമായി ഒരു ഗുണവും ഇതുമൂലം ഉണ്ടാകില്ലെന്നാണ് രാജഗോപാലിന്റെ പക്ഷം.

ബിജെപി ദേശീയ നേതൃത്വത്തിന്റെ കേരളത്തിലെ പദ്ധതികൾ അട്ടിമറിക്കരുതെന്ന് സംസ്ഥാന നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. കണ്ണൂരിലേയും മറ്റും സംഘർഷം ഉയർത്തിക്കാട്ടാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു. സിപിഐ(എം) അക്രമത്തിനെതിരെ ഡൽഹിയിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ എത്തി തെളിവെടുപ്പ് നടത്തി. വളരെ ആസൂത്രിതമായിട്ടായിരുന്നു അമിത് ഷാ തന്ത്രങ്ങൾ ഒരുക്കിയത്. എന്നാൽ പാലക്കാട്ടെ സംഭവം ഇതെല്ലാം മാറ്റി മറിച്ചു. വെറും പ്രാദേശീക വികാരത്തിന്റെ പേരിലുണ്ടായ ആക്രോശം ബിജെപിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചു. ഇത്തരം അണികളെ നിലയ്ക്ക് നിർത്താൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് അമിത് ഷാ നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ രാജഗോപാലിന്റെ നിരക്ഷണങ്ങൾ ശരിയാണെന്നും അമിത് ഷാ പറയുന്നു.

ഒരു എംഎൽഎയെ കിട്ടയപ്പോൾ ഇതാണ് അഹങ്കാരമെന്ന തരത്തിൽ ചർച്ചകൾ സജീവമാക്കുന്നത് ശരിയല്ല. കേരളത്തിൽ അധികാരം നേടാനുള്ള പദ്ധതികളാണ് ആവഷ്‌കരിക്കുന്നത്. അതിന്റെ ഭാഗമായാണ് കോഴിക്കോട് ബിജെപിയുടെ ദേശീയ നിർവ്വാഹക സമിതി സെപ്റ്റംബറിൽ ചേരാൻ പോലും തീരുമാനിച്ചത്. ഇത്തരം നീക്കങ്ങൾക്ക് ഫലം ഇല്ലാതാക്കുന്നതാകും മാദ്ധ്യമ പ്രവർത്തകർക്ക് നേരയെുള്ള ആക്രമണങ്ങളും മറ്റും. ഇതിലൂടെ പാർട്ടിക്ക് വളരാനാകില്ല. നിയമസഭയിലെ രാജഗോപാലിന്റെ പ്രകടന മികവും ജനകീയ പ്രശ്‌നങ്ങളിലെ പാർട്ടി ഇടപെടലുമാണ് അനിവാര്യം. അതുകൊണ്ട് തന്നെ മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചവർക്ക് മാന്യമായ ശിക്ഷ നൽകണമെന്നാണ് ആവശ്യം. എന്നാൽ ഇവരാരും ബിജെപി പ്രവർത്തകരല്ല. അതിനാൽ തനിക്കൊന്നും ചെയ്യാനാകില്ലെന്നാണ് കുമ്മനത്തിന്റെ പക്ഷം.

അക്രമത്തിൽ മൂന്ന് മാദ്ധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. സംഭവ ദിവസം തന്നെ ജില്ലാ പ്രചാരകൻ വിഷ്ണുവിനെ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണു രണ്ടുവർഷമായി പാലക്കാട് പ്രചാരകനായി പ്രവർത്തിക്കുകയാണ്. ഇതും ബിജെപിയെ വെട്ടിലാക്കുന്നു. കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിഷ്ണു. ഈ സാഹചര്യത്തിൽ ഇയാളെ നിയന്ത്രിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന പറയുന്നതെങ്ങനെയെന്നാണ് സിപിഐ(എം) അടക്കമുള്ള മറ്റ് പാർട്ടി്ക്കാർ ചോദിക്കുന്നത്. ഇതിന് പ്രതിരോധിക്കാൻ ഏറെ പാടുപെടുമെന്ന് ബിജെപിക്കും അറിയാം.

സിപിഐ(എം) അക്രമങ്ങളുയർത്തി മുന്നേറാനുള്ള കുമ്മനത്തിന്റെ നീക്കത്തെയാണ് പാലക്കാട്ടെ സംഭവം പ്രതിരോധത്തിലാക്കുന്നത്. മാദ്ധ്യമ പ്രവർത്തകർക്കെതിരായ അക്രമം അപലപനീയമാണെന്നു കുമ്മനം രാജശേഖരൻ വ്യക്തമാക്കി കഴിഞ്ഞുു. മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകപരമായ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. മാദ്ധ്യമങ്ങൾക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു.

അതിനിടെ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പ്രതിയാക്കി ഒറ്റപ്പാലം പൊലീസ് കേസെടുത്തു. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി വളപ്പിലാണ് സംഭവം നടന്നത്. ചെർപ്പുളശ്ശേരി നെല്ലായിയിലുണ്ടായ സിപിഐ(എം)ബിജെപി സംഘർഷത്തിലെ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാദ്ധ്യമപ്രവർത്തകർക്കുനേരെയാണ് ഇവർ ആക്രമണം നടത്തിയത്. പ്രതികൾക്കൊപ്പം വന്നവർ ലേഖകന്മാരുടെ ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടുകയും കൊടുക്കാതെ വന്നപ്പോൾ ക്യാമറ പിടിച്ചുവാങ്ങി എറിഞ്ഞുടയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു.

ചെർപ്പുളശേരി നെല്ലായ പഞ്ചായത്തിലെ മോസ്‌കോ പൊട്ടച്ചിറ പ്രദേശത്ത് ശനിയാഴ്ച സിപിഐ(എം)- ആർഎസ്എസ് സംഘർഷം നടന്നിരുന്നു. ഇതിൽ അറസ്റ്റിലായ ആർഎസ്എസുകാരായ ആറ് പ്രതികളെ കോടതിയിൽ കൊണ്ടുവരുമ്പോഴായിരുന്നു അതിക്രമം. പ്രതികളെ സ്വകാര്യ വാഹനത്തിലാണ് പൊലീസ് കോടതിയിലെത്തിച്ചത്. വാഹനത്തോടൊപ്പം മുന്നിൽ രണ്ട് ബൈക്കുകളിലും പിന്നിൽ മറ്റൊരു വാഹനത്തിലുമായി വന്ന ആർഎസ്എസുകാരാണ് മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചത്. പ്രതികളെ കോടതിയിലേക്ക് നടത്തിക്കൊണ്ടുപോകുന്ന ദൃശ്യം പകർത്താൻ ശ്രമിക്കുകയായിരുന്നു മാദ്ധ്യമപ്രവർത്തകർ. ഇതിനെ സംഘടിതമായി ചോദ്യംചെയ്ത് ക്യാമറ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് തകർത്തു. തുടർന്നായിരുന്നു ആക്രമണം.

ഏഷ്യാനെറ്റ് ലേഖകന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി 'നീയാരാ, ജില്ലാ കാര്യവാഹിന് നേരെ കൈ ഉയർത്താൻ നീ ആരാടാ' എന്ന് ആക്രോശിച്ചായിരുന്നു മർദനം. ബഹളംകേട്ട് പൊലീസും മറ്റും എത്തുമ്പോഴേക്കും അക്രമിസംഘത്തിൽപ്പെട്ടവർ കോടതിവളപ്പിലൂടെ രക്ഷപ്പെട്ടു. അക്രമികളിൽ രണ്ടുപേർ ബൈക്കിൽ കയറിപ്പോകുന്നതിനിടെ 'ഒരു ഭരണവും എംഎൽഎയുമില്ലാത്തപ്പോഴും വെട്ടിയിട്ടുണ്ട്, തീർത്തുകളയുമെടാ, സൂക്ഷിച്ചോ....' എന്ന് കൊലവിളിയും മുഴക്കി. വിഷ്ണു ഉൾപ്പെടെ മൂന്നുപേർക്കെതിരെ വധശ്രമം, ക്യാമറ തകർക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഒറ്റപ്പാലം പൊലീസ് കേസെടുത്തു.