മലപ്പുറം: ആർ.എസ്.എസ് നേതാവിനെ കിഡ്‌നാപ്പ് ചെയ്ത് നാടകീയരംഗങ്ങൾ. പുറത്തൂർ കൂട്ടായി പ്രദേശത്താണ് സിനിമയെ വെല്ലുന്ന കിഡ്‌നാപ്പിങ് നടന്നത്. ആർ.എസ്.എസ് തിരുന്നാവായ ശാരീരിക് ശിക്ഷക് പ്രമുഖ് വെട്ടം പടിയം സ്വദേശി കറുത്താൻ പുറത്ത് ബാബു(25)വിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. അജ്ഞാതസ്ഥലങ്ങളിൽ കണ്ണുകെട്ടി കൊണ്ടുപോയി മർദനത്തിനിരയാക്കിയ ബാബു തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിപ്പോൾ. സംഭവത്തിനു പിന്നിൽ സിപിഐ -എമ്മാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. അതേസമയം ഫൈസൽ വധക്കേസിലെ പ്രതിയെന്ന് സംശയിച്ച് നാട്ടുകാർ പിടികൂടിയതാകാമെന്ന് സിപിഐ(എം).

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഘടനാ പരിപാടി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന ബാബുവിനെ കൂട്ടായി പാലത്തിനു സമീപത്ത് നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയത്. സംഘം ബാബുവിനെ ബലമായി പിടിച്ച് ഓട്ടോറിക്ഷയിൽ കയറ്റുകയും തുടർന്ന് ഉടുമുണ്ടഴിച്ച് കണ്ണും മുഖവും മൂടി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയുമായിരുന്നുവത്രെ. അടുത്തുള്ള പുഴക്കടവിൽ കൊണ്ടുപോയി തോണിയിൽ മറുകരയിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മർദിച്ചു. ഇരു കൈകാലുകൾക്കും തലയ്ക്കുമാണ് ബാബുവിന് പരിക്കേറ്റിട്ടുള്ളത്.

സഹപ്രവർത്തകനായ മറ്റൊരു ആർ.എസ്.എസ്സുകാരൻ ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ 'എന്നെ തല്ലല്ലേ... 'എന്ന നിലവിളിയാണ് കേട്ടത്. ഇതോടെ പൊലീസിനെയും ആർ.എസ്.എസ്, ബിജെപി പ്രവർത്തകരെയും വിവരമറിയിച്ചു. പൊലീസ് തിരച്ചിൽ തുടങ്ങിയെങ്കിലും അജ്ഞാത സ്ഥലത്തു പാർപ്പിച്ച ബാബുവിനെ കണ്ടെത്താനായില്ല. ഇതിനിടെ സ്ഥലത്ത് തടിച്ചുകൂടിയ ആർ.എസ്.എസ്- സി പി എം പ്രവർത്തകർ ഏറ്റുമുട്ടിയത് ക്രമസമാധാനപ്രശ്‌നമായി.

മണിക്കൂറുകൾക്കു ശേഷം അർധരാത്രിയോടെയാണ് അടുത്ത പ്രദേശമായ വാടിക്കലിനടുത്ത് ആനപ്പടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാബുവിനെ കണ്ടെത്തിയത്. എന്നാൽ മാരകമായി ശരീരമാസകലം പരിക്കേറ്റിരുന്നു. ബാബുവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിനു പിന്നിൽ സിപിഐ(എം) പ്രവർത്തകരാണെന്ന് ബിജെപി ജില്ലാനേതൃത്വം ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഫൈസൽ വധക്കേസിലെ പ്രതിയാണെന്നു കരുതി നാട്ടുകാർ പിടികൂടിയ സംഭവം സിപിഎമ്മിനു മേൽ ബോധപൂർവം ആരോപിക്കുകയാണെന്ന് സിപിഐ(എം) നേതാക്കളും പ്രതികരിച്ചു. അതേസമയം സംഭവത്തിൽ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെ കേസെടുത്തതായി തിരൂർ സി.ഐ എം.കെ ഷാജി അറിയിച്ചു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആർ.എസ്.എസ് നേതാവിനെ ബിജെപി ജില്ലാ സെക്രട്ടറി രവി തലത്ത്, ബിജെപി നേതാക്കളായ ബാദുഷ തങ്ങൾ, മുസ്തഫ ഹാജി തുടങ്ങിയവർ സന്ദർശിച്ചു.