തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ രാഹുൽ പശുപാലൻ പിടിയിലായപ്പോൾ ഏറ്റവുമധികം വിമർശനങ്ങളുമായി വന്നത് സംഘപരിവാർ പ്രവർത്തകരായിരുന്നു. ചുംബന സമരക്കാരെ ഒന്നടങ്കം ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും കമന്റുകളും നിറയുകയും ചെയ്തു. സമരത്തിനു നേതൃത്വം നൽകിയതും പിന്തുണയേകിയതും കമ്യൂണിസ്റ്റുകാർ ആണെന്ന് ആരോപിച്ച് അവർക്കു നേരെയും മാരക ആക്രമണമാണു സോഷ്യൽ മീഡിയ നടത്തിയത്.

ചുംബനസമരക്കാരും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുമെല്ലാം തങ്ങളുടെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും സൈബർ ആക്രമണവും മറ്റു പ്രചാരണങ്ങളും ഹിന്ദുത്വ സംഘടനകൾ തുടരുക തന്നെയായിരുന്നു. എന്നാലിതാ, പുറത്തുവരുന്ന പുതിയ വാർത്തകൾ ആർഎസ്എസിനു കനത്ത തിരിച്ചടി ആയിരിക്കുകയാണ്.

പെൺകുട്ടികളുടെ നഗ്നചിത്രം എടുത്തു ഭീഷണിപ്പെടുത്തി രാഹുൽ പശുപാലന്റെ സംഘത്തിനു കൊടുത്തത് ആർഎസ്എസ് നേതാവാണെന്ന വിവരമാണു പുറത്തുവരുന്നത്. ഗുരുതര കുറ്റകൃത്യത്തിനു രാഹുൽ പശുപാലനൊപ്പം ജയിലിൽ കഴിയുന്നത് കാട്ടാക്കട സ്വദേശിയും കണ്ടക്ടറുമായ ആർഎസ്എസ് പ്രവർത്തകൻ ചന്ദ്രകുമാറാണ്. ആർഎസ്എസ് പ്രചാരകനായിരുന്ന ഗോപകുമാറിന്റെ അനിയനും കറ കളഞ്ഞ ആർഎസ്എസുകാരനുമാണ് ഇയാൾ.

രാഹുലിന്റെ അറസ്റ്റിനു പിന്നാലെ ചന്ദ്രകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. രാത്രി എറണാകുളത്തു നിന്നു വന്ന പൊലീസുകാർ ചന്ദ്രകുമാറിനെ അറസ്റ്റു ചെയ്തു കൊണ്ട് പോയപ്പോൾ തൊട്ടു പിറകെ ജാമ്യത്തിൽ ഇറക്കാൻ പോയത് കാട്ടാക്കടയിലെ പ്രമുഖ ആർഎസ്എസ് നേതാവു കൂടിയായ ഇയാളുടെ ചേട്ടൻ ഗോപകുമാറായിരുന്നു. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥനായ ആർഎസ്എസ് നേതാവും കൊച്ചിയിലെ ആർഎസ്എസ് നേതാക്കളും കൂടിയാണ് ജാമ്യത്തിൽ ഇറക്കാൻ ചെന്നത്. എന്നാൽ, അവിടെ വച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചന്ദ്രകുമാർ എടുത്ത ചിത്രങ്ങൾ കാട്ടിയാണ് ജാമ്യത്തിൽ ഇറക്കാൻ വന്നവരെ തിരിച്ചയച്ചത്. സമാന സ്വഭാവമുള്ള കേസിൽ മുമ്പും ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണു വിവരം.

ഓൺലൈൻ പെൺ വാണിഭക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെയും ചുംബനസമരക്കാർക്കെതിരെയും രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്ന സംഘപരിവാറുകാർ ഇനി ഈ വിഷയത്തിൽ എന്തു പറയുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. രാഹുൽ പശുപാലന്റെ പേരിൽ ചുംബനസമരക്കാരെ ആകെയും സിപിഎമ്മുകാരെ മൊത്തത്തിലും പരിഹസിച്ച ആർഎസ്എസുകാർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി കിട്ടിയിരിക്കുകയാണ്. ചുംബന സമരത്തിന്റെ പേരിൽ പൊറുതിമുട്ടിയവർ സംഘപരിവാറിനെ പ്രതിക്കൂട്ടിൽ ചേർക്കാൻ കഴിഞ്ഞ ആവേശത്തിലാണിപ്പോൾ. സംഘപരിവാർ പ്രവർത്തകർ ഇപ്പോൾ പുലർത്തുന്ന നിലപാടു കണക്കിലെടുത്താൽ ചന്ദ്രകുമാറിന്റെ പേരിൽ ആർഎസ്എസുകാരെ മുഴുവൻ അത്തരക്കാരായി കണക്കാക്കമല്ലോ എന്ന വാദമാണ് എതിർപക്ഷം ഉയർത്തുന്നത്. ഓൺലൈൻ പെൺ വാണിഭ കേസിൽ രാഹുൽ പശുപാലൻ പ്രതിയായപ്പോൾ ചുംബനസമരക്കാരെയും സിപിഎമ്മുകാരെയും മുഴുവൻ അടച്ചാക്ഷേപിച്ചതുപോലെ ഇനി കുന്തമുന ആർഎസ്എസിനു നേരെ തിരിയുകയാണ്.

പെൺകുട്ടികളെ ഭീഷണിപ്പെടുത്തി നഗ്നചിത്രം എടുത്ത് വാണിഭത്തിനായി രാഹുൽ പശുപാലന് എത്തിച്ചു കൊടുത്ത കുറ്റത്തിനാണ് ചന്ദ്രകുമാറിനെ അറസ്റ്റു ചെയ്തത്. കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടറായ ഇയാൾ പട്ടകുളത്ത് ആർ എസ് എസുകാർ നടത്തുന്ന ട്യൂഷൻ സെന്ററിലെ അദ്ധ്യാപകൻ കൂടിയാണ് എന്നതും കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എന്തായാലും, ചുംബന സമരത്തിന്റെ പേരിൽ പൊറുതിമുട്ടിയവർ സംഘപരിവാറിനെ പ്രതിക്കൂട്ടിൽ ചേർക്കാൻ കഴിഞ്ഞ ആവേശത്തിലാണിപ്പോൾ. ആർഎസ്എസുകാർക്കുള്ള മറുപടി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രവഹിക്കുന്നുണ്ട്. ചന്ദ്രകുമാറിനെ സ്റ്റേഷനിൽ നിന്നിറക്കാൻ ചെന്ന സഹോദരൻ ഗോപകുമാർ അനിയന്റെ വീരസ്യം കേട്ട് തലയിൽ മുണ്ടിട്ട് ഓടിയെന്നാണു പരിഹാസം.

അതിനിടെ, ചന്ദ്രകുമാർ ആർഎസ്എസ് പ്രവർത്തകൻ അല്ലെന്ന വാദവും ഇതിനിടെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ, പട്ടകുളത്ത് ആർഎസ്എസുകാർ നടത്തുന്ന ട്യൂഷൻ സെന്ററിലെ ഈ അദ്ധ്യാപകൻ അവിടം കേന്ദ്രമാക്കി എസ്എഫ്‌ഐക്കാരെ ആക്രമിക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.