ലഖ്‌നൗ: ഉത്തർപ്രദേശിൽ പാലും പാൽ ഉത്പന്നങ്ങളും മാത്രം വിളമ്പി ഇഫ്താർ വിരുന്ന് നടത്താൻ ആർ.എസ്.എസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. പാലും മധുരപലഹാരങ്ങളും സസ്യജന്യ വിഭവങ്ങളും മാത്രം ഉൾപ്പെടുത്തി മതസൗഹാർദ്ദത്തിനായി ഇഫ്താർ സംഘടിപ്പിക്കാനാണ് പരിപാടി. ഇത് ദേശവ്യാപകമായി നടപ്പാക്കാനും ആലോചനകൾ നടക്കുന്നതായി സൂചനകളുണ്ട്.

ആർഎസ്എസിന്റെ ബീഫ് വിരുദ്ധത ദേശവ്യാപകമായി ചർച്ചയാകുന്നതിനിടെയാണ് പുതിയ നീക്കം. ആർഎസ്എസിനോടുള്ള വിരോധം ഇല്ലാതാക്കാൻകൂടി ലക്ഷ്യമിട്ടാണ് ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നത്.

തങ്ങളുടെ ആശയങ്ങൾക്ക് മുസ്ലിം ജനവിഭാഗങ്ങളിൽ സ്വീകാര്യത ലഭിക്കുന്നതിനായി ആർ.എസ്.എസ് രൂപീകരിച്ച മുസ്ലിം രാഷ്ട്രീയ മഞ്ചാണ്, ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് ആർ.എസ്.എസ് മുന്നിട്ടിറങ്ങുന്നത്.

നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ആയിരിക്കും ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുക. പാലും പാൽ ഉത്പന്നങ്ങൾക്കും ഇഫ്താർ വിരുന്നിൽ മുൻഗണന നൽകും. സസ്യജന്യ വിഭവങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

പശു സംരക്ഷണം, മാംസജന്യ രോഗങ്ങളെ തടയൽ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും കൂടി ലക്ഷ്യമിട്ടാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ആർ.എസ്.എസിന്റെ പുതിയ നീക്കത്തെ, സംസ്ഥാനത്തെ മുസ്ലിം സംഘടനകളും സ്വാഗതം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.