ഇന്ത്യൻ ഭരണഘടനയുടെ 25ാമത്തെ അനുച്ഛേദം പറയുന്നത് ഇന്ത്യയിലെ ഏത് മനുഷ്യനും അവന് ഇഷ്ടമുള്ള മതവും വിശ്വാസവും പ്രാക്ടീസ് ചെയ്യാമെന്നാണ്. അതിന് നിബന്ധനയായി പറഞ്ഞിരിക്കുന്നത് ഇത് ആരോഗ്യപരമായ കാരണത്താലോ, പബ്ലിക്ക് ഓർഡറിന്റെ, അതായത് ക്രമസമാധാനവുമായി ബന്ധപ്പെട്ടോ, പബ്ലിക്ക് മൊറാലിറ്റിയുടെ മൂല്യ ബോധത്തിന്റെ അടിസ്ഥാനത്തിലോ വേണമെങ്കിൽ നിയന്ത്രിക്കാം എന്നാണ്. എന്ന് വച്ചാൽ ഒരു പ്രാക്ടീസ്, ഒരു രീതി, ഒരു സമൂഹത്തിന്റെ അല്ലെങ്കിൽ വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുമെങ്കിൽ തടയിടാൻ കോടതിയ്‌ക്കോ രാഷ്ട്രത്തിനോ സാധിക്കും.അതുപോലെ തന്നെ അതൊരു സമൂഹത്തിന്റെ നന്മയെ ഇല്ലാതാക്കുമെങ്കിൽ അല്ലെങ്കിൽ അതൊരു കലാപത്തിന് കാരണമാകുമെങ്കിൽ അങ്ങനെ ചെയ്യാം.

 

അല്ലാത്തിടത്തോളം കാലം ഏത് വിശ്വാസത്തിലും തുടരാൻ ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്. ആ അർത്ഥത്തിൽ ആചാരപരമായ കാരണങ്ങളാൽ ശബരിമലയിലേക്ക് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം പാടില്ല എന്ന് ഒരു നിബന്ധന ആരെങ്കിലും കൊണ്ടു വന്നാൽ അത് ഭരണ ഘടനയ്ക്ക് അനുസൃതമാണ്.എന്നിട്ടും നമ്മുടെ സുപ്രീം കോടതി പറഞ്ഞിരിക്കുന്നത് അത് ബാധകമല്ല എന്നാണ്. സുപ്രീം കോടതിയിലിരിക്കുന്ന ജഡ്ജിമാർക്ക് നിയമമറിയാത്തതുകൊണ്ടാണെന്നോ സുപ്രീം കോടതിയിലിരിക്കുന്ന ജഡ്ജിമാർ കൈക്കൂലി വാങ്ങിയതുകൊണ്ടാണെന്നോ അല്ലെങ്കിൽ അവരാരും വിവരമില്ലാത്തവരാണെന്നോ ഞാൻ വിശ്വസിക്കുന്നില്ല.

സുപ്രീം കോടതിയുടെ മുന്നിൽ ഈ വിഷയം എത്തിയപ്പോൾ അവർക്ക് പരിഗണിക്കാൻ രണ്ടേ രണ്ട് കാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, നിയമവും ഭരണഘടനയും എന്ത് പറയുന്നു. രണ്ട് ഇതിന് എതിർവാദത്തെ അനുകൂലിക്കുന്നവർ എന്ത് തെളിവ് നൽകുന്നു. ഇവിടെയാണ് പ്രശ്‌നം. നിയമം എല്ലാവർക്കും തുല്യമാണ് എന്ന് പറയമ്പോഴും സുപ്രീം കോടതിയിൽ ഒരു കേസ് സമർപ്പിക്കാൻ സാധിക്കുന്നത് പോലും പ്രിവിലേജാണ് എന്നതാണ് സത്യം. എന്നാൽ താഴെ തട്ടു മുതൽ ചെന്ന് നിങ്ങൾക്ക് സുപ്രീം കോടതി വരെ പോകാൻ സാധിക്കും എന്ന് വാദിക്കുന്നവരുണ്ട്.

എന്നാൽ ഇന്ത്യയിലെ ഒരേ ഒരു കോടതിയിൽ പോലും ഒരു കേസ് അവതരിപ്പിച്ചെടുക്കാൻ ഭാഗ്യം വേണം. ഒരു മിനിട്ടിനുള്ളിൽ നിങ്ങളുടെ കേസ് യോഗ്യതയുള്ളതാണോ എന്ന് ബോധിപ്പിക്കാൻ സാധിക്കുന്ന അഭിഭാഷകർക്ക് മാത്രമേ ഒരു അപ്പീൽ പോലും അവിടെ നൽകാൻ സാധിക്കൂ എന്നതാണ് സത്യം.അതിനേക്കാളും പ്രധാനപ്പെട്ട കാര്യം 40ഉ ം 50ഉം ലക്ഷം ഫീസ് വാങ്ങുന്ന അതിവിദഗ്ധരായ അഭിഭാഷകരുടെ ഇടയിൽ സാധാരണക്കാരന് ഒരു കേസ് വാദിച്ച് ജയിക്കാൻ സാധിക്കുകയില്ല എന്നതാണ്. അപ്പോൾ ചോദ്യമുണ്ടാകും ഒരു സാധാരണക്കാരനും സുപ്രീം കോടതിയിൽ നീതി ലഭിക്കില്ലേ എന്ന്.

തീർച്ചയായും ലഭിക്കും. പ്രശാന്ത് ഭൂഷണെപ്പോലെയുള്ള നിരവധി അഭിഭാഷകർ ഒരു ഫീസും വാങ്ങാതെ സാധാരണക്കാർക്ക് വേണ്ടി കേസ് നടത്താറുണ്ട്. ശബരിമല കേസിൽ സർക്കാരും ദേവസ്വം ബോർഡും അടക്കമുള്ള സംവിധാനങ്ങൾ ശബരിമലയിൽ സ്ത്രീ പ്രവേശനം വേണം എന്ന നിലപാടാണ് എടുത്തത്. അതിനെ എതിർത്തത് രാഹുൽ ഈശ്വറിനെ പോലുള്ള ഒരാളും എൻഎസ്എസ്‌നെ പോലുള്ള ചിലരും മാത്രമായിരുന്നു. അവർക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു അവർക്ക് കാശുമുടക്കി അഭിഭാഷകരെ വയ്ക്കുവാൻ സാധിക്കുമായിരുന്നില്ല. ഒരു സിറ്റിങ്ങിന് കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും കൊടുക്കാത്ത ഒരു അഭിഭാഷകനും കേസ് വാദിച്ച് സുപ്രീം കോടതിയിൽ ജയിക്കാൻ സാധിക്കുകയില്ല എന്നതാണ് സത്യം. ഈ സത്യം മനസിലാക്കാതെയാണ് പലപ്പോഴും കോടതി വിധി എന്ന് പറയുന്നത്.

അതുകൊണ്ട് തന്നെ ഈ കോടതി വിധി പഴിതുകളില്ലാത്തതാണ് എന്ന് വിലയിരുത്താനോ അല്ലെങ്കിൽ ഇത് വിധിച്ച കോടതി കറപ്റ്റഡാണ് എന്ന് പറയാനോ ആർക്കും അധികാരമില്ല.ഏറ്റവും ശ്രദ്ധേയമായ സംഗതി ശബരിമല കേസ് എന്ന് പറയുന്നത് ഒരു മുഖം മൂടിയുടെ മറവൽ സംഭവിച്ചതാണ് എന്നാണ്. ഏറെ പുരോഗമനപരമായ വിധി എന്നാണ് പലരും ഇതിനെ വിലയിരുത്തുന്നത്. എന്നാൽ രാഹുൽ ഈശ്വറിനെ പോലെയുള്ളവർ പറയുന്നു ഇതൊരു ബ്രാഹ്മണിക്ക് അജൻഡയുടെ ഭാഗമാണ് എന്ന്. ഹിന്ദുവിന് ഇങ്ങനെ ആവാമെങ്കിൽ മറ്റുള്ളവരുടെ കാര്യത്തിൽ എന്തുകൊണ്ട് ആവാൻ സാധിക്കില്ലെന്ന ചോദ്യം പിൽക്കാലത്ത് ഉയർന്ന് വരുന്നതിന്റെ അടയാളമാണ് എന്നാണ് ഇവർ പറയുന്നത്.

ശ്രദ്ധിക്കേണ്ട കാര്യം ആർഎസ്എസിനെ പോലെയുള്ളവർ ഇക്കാര്യത്തിൽ ഹൈന്ദവ മനസിനൊപ്പമല്ല എന്നതാണ്. ഒരു പക്ഷേ ശബരിമല പോലെ ആർഎസ്എസിന് ഒട്ടും പ്രാധാന്യമില്ലാത്ത ഒരു ക്ഷേത്രത്തിലെ ഹിന്ദു വിരുദ്ധമെന്ന് തോന്നിക്കുന്ന വിധി അതിനേക്കാൾ വലിയ ചില നിലപാടുകളുടെ തുടക്കമായി മാറ്റാൻ ആർഎസ്എസ് ആഗ്രഹിക്കുന്നുണ്ടാവാം. ഇതാണ് അപകടകരമായ അവസ്ഥ.