ആലപ്പുഴ: ആലപ്പുഴയിൽ മാരകായുധങ്ങളുമായി പിടിയിലായ ആർഎസ്എസ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു പൊലീസ്. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ നവാസ് നൈനയെ കൊലപെടുത്താൻ ശ്രമിച്ചതിനാണ് രണ്ട് ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരിൽ നിന്നും വടിവാളുകൾ പിടിച്ചെടുത്തിരുന്നു. ഇന്നലെ രാത്രി 11 മണിക്കാണ് വധശ്രമം ഉണ്ടായത്.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ആയുധങ്ങളുമായി എത്തിയ രണ്ട് ആർഎസ്എസ് പ്രവർത്തകരെയാണ് രാത്രി പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗമായ നവാസ് നൈനയെ വധിക്കാൻ എത്തിയവരാണെന്ന പരാതിയിലാണ് ഇവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തത്.

പാഷേഡ് ആശുപത്രിക്ക് സമീപത്ത് വെച്ച് ടി റോഡിന് അടുത്തുള്ള മതിലിന്റെ മറവിൽ നിന്നാണ് പ്രതികൾ ആയുധവുമായി ആക്രമിക്കാൻ എത്തിയത്. രണ്ടാം പ്രതി ശ്രീനാഥുമായി എത്തിയ ബിട്ടു സുമേഷ് ഇരുട്ടിന്റെ മറവിൽ നിന്നും നവാസിനെ നേരെ എത്തുകയായിരുന്നു. കഴുത്തിനെ ലക്ഷ്യം വെച്ച് വാൾ വീശിയപ്പോൾ നവാസിന് ഒപ്പമുണ്ടായിരുന്ന നിഷാദ് കൈ കൊണ്ട് തട്ടിമാറ്റിയതു കൊണ്ടാണ് പരിക്ക് ഏൽക്കാതിരുന്നത്. തുടർന്ന് പ്രതികളെ നവാസിം സംഘവും കീഴ്‌പ്പെടുത്തുകയായിരുന്നു. പൊലീസിൽ വിവരം അറിയിച്ചു വധശ്രമത്തിന് ഉപയോഗിച്ച ആയുധവും കസ്റ്റഡിയിൽ എടുത്തു.

അതേസമയം മാരകായുധങ്ങളുമായി ആർ.എസ്സ്.എസ്സ് പ്രവർത്തകരെ നാട്ടുകാർ പിടികൂടിയത് പ്രദേശത്തു വീണ്ടും കലാപ ശ്രമം നടത്താനുള്ള ആർഎസ്എസ്സ് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജയരാജ് പറഞ്ഞു. വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി സംശയാസ്പദമായ രീതിയിൽ കണ്ട സംഘ്പരിവാർ പ്രവർത്തകരായ സുമേഷ് (ബിറ്റു), ശ്രീനാഥ് എന്നിവരെയാണ് ജനങ്ങൾ സംഘടിച്ച് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ച സ്ഥലത്തിന് 100 മീറ്റർ മാറിയാണ് സംഭവം.

റമളാൻ മാസത്തിൽ രാത്രി പ്രാർത്ഥന കഴിഞ്ഞു പോകുന്ന വിശ്വാസികളെ ആക്രമിക്കുകയായിരുന്നോ ഇവരുടെ ലക്ഷ്യമെന്നത് അന്വേഷിക്കണം എന്നും പൊലീസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും ജയരാജ് ആവശ്യപെട്ടു. 2021 ഡിസംബർ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തി. ഷാൻ കേസിൽ പ്രതികളെ വേഗം പിടികൂടിയെങ്കിലും രൺജീത്ത് കേസിൽ പൊലീസ് നന്നേ പണിപ്പെട്ടു. ഈ കേസിലെ ചിലരെയും ഇനിയും പിടികൂടാനുണ്ട്.

പാലക്കാട്ടെ ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം നൽകിയത്. ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്റുകളും ഇടുന്നത് പൊലീസ് നിരീക്ഷിക്കും. ലൗ ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തിലും സമുദായങ്ങൾ തമ്മിൽ സ്പർധ ഉണ്ടാകാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ മുൻകരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്.