- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.എൻ.യുവിലെ കലാപവും കണ്ണൂരിലെ ആർഎസ്എസ്സിന്റെ കൊലപാതകവും കേരളത്തിലും ബംഗാളിലും ബിജെപിക്ക് തുണയാകുമോ? സിപിഎമ്മിനെിരെയുള്ള മുന്നേറ്റത്തിന് നിർണായകമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ
ന്യൂഡൽഹി: ജെ.എൻ.യുവിലെ അഫ്‌സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യമെമ്പാടും കത്തിപ്പടരവെ, അതിനെ രാഷ്ട്രീയമായി എങ്ങനെ മുതലാക്കുമെന്ന ചിന്തയിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കണ്ണൂരിലെ ആർഎസ്എസ്. പ്രവർത്തകന്റെ വധവും പശ്ചിമ ബംഗാളിലെ ജാദവ്പുർ യൂണിവേഴ്‌സിറ്റിയിലെ അഫ്‌സൽ ഗുരു അനുസ്മരണവും കേരളത്തിലും ബംഗാളിലും ബിജെപിക്ക് ഗു
ന്യൂഡൽഹി: ജെ.എൻ.യുവിലെ അഫ്‌സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യമെമ്പാടും കത്തിപ്പടരവെ, അതിനെ രാഷ്ട്രീയമായി എങ്ങനെ മുതലാക്കുമെന്ന ചിന്തയിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കണ്ണൂരിലെ ആർഎസ്എസ്. പ്രവർത്തകന്റെ വധവും പശ്ചിമ ബംഗാളിലെ ജാദവ്പുർ യൂണിവേഴ്‌സിറ്റിയിലെ അഫ്‌സൽ ഗുരു അനുസ്മരണവും കേരളത്തിലും ബംഗാളിലും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അവർ വിലയിരുത്തുന്നു.
ഈ രണ്ട് സംഭവങ്ങളും കേരളത്തിലും ബംഗാളിലും ബിജെപിക്ക് പുതിയ വാതിൽ തുറന്നിട്ടുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ബിജെപിയെക്കുറിച്ച് ചർച്ച ചെയ്യാനും ബിജെപിയുടെ വാക്കുകൾക്ക് വിലകൊടുക്കാനും കേരളത്തിലെയും ബംഗാളിലെയും വോട്ടർമാർ തയ്യാറാകുന്നുണ്ടെന്ന് മുതിർന്ന നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഭൂരിപക്ഷ സമുദായത്തെ അടുപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഈ വിവാദങ്ങൾക്കിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കിയിരുന്നു. ഈ സാഹചര്യം കേരളത്തിലും തമിഴ്‌നാട്ടിലും ഗുണകരമാകുമെന്നാണ് കരുതുന്നത്.
എന്നാൽ, കേരളത്തിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പാർട്ടിയുമായി അകലുന്നത് ബിജെപിക്ക് ആശങ്ക പകർന്നിട്ടുണ്ട്. മറ്റു പാർട്ടികളുമായി ചർച്ചയിലാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാൽ, ബിഡിജെഎസുമായുള്ള തർക്കം പരിഹരിക്കാനാകുമെന്ന പ്രതീക്ഷ ഇപ്പോഴും ബിജെപിക്കുണ്ട്. 140 സീറ്റുകളിൽ 67 എണ്ണം ധർമ ജന സേനയ്ക്ക് നൽകാൻ പാർട്ടി തയ്യാറാണെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. എന്നിട്ടും വെള്ളാപ്പള്ളി മനസ്സുമാറി. തുഷാറിനെ കേന്ദ്രമന്ത്രിയാക്കാത്തതാണ് ഇതിന് കാരണമെന്നാണ് ബിജെപിയുടെ പക്ഷം. വരും ദിനങ്ങളിൽ ഇതിനെ മറികടക്കാൻ വേണ്ടത് ചെയ്യും.
കേരളത്തിൽ സിപിഎമ്മാണ് പാർട്ടിയുടെ പ്രധാന ശത്രു. കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വധവും പി.ജയരാജന്റെ അറസ്റ്റും ബിജെപിക്ക് ഗുണം ചെയ്യും. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണ് സിപിഐ(എം) എന്ന ആരോപണം ശരിവെക്കുന്നതാണ് ഈ രണ്ടുസംഭവങ്ങളുമെന്ന് നേതാക്കൾ കരുതുന്നു. കേരളത്തിൽ അക്കൗണ്ട് തുറക്കുകയെന്ന സ്വപ്‌നം സഫലമാകുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് അവർ. ഏഷ്യാനെറ്റിന്റെ തെരഞ്ഞെടുപ്പ് പ്രചരണവും പ്രതീക്ഷയാണ്. ഇതെല്ലാം ചർച്ചകളിൽ ഉയർത്താനാണ് നീക്കം. തെക്കൻകേരളത്തിലും മലബാറിലും സാന്നിധ്യമറിയിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്.
അഫ്‌സൽ ഗുരുവിന് അനുകൂലമായി ജെഎൻയുവിലെ പ്രശ്‌നങ്ങൾ സിപിഐ(എം) രാഷ്ട്രീയ ആയുധമായി. കേരളത്തിലെ ന്യൂനപക്ഷ മനസ്സുകളെ അടുപ്പിക്കാനാണ് സിപിഐ(എം) ഇത് ആയുധമാക്കിയത്. ഈ സാഹചര്യത്തിൽ ജെഎൻയുവിൽ സംഭവിച്ചത് എന്തെന്ന് ബിജെപി വിശദീകരിക്കും. രാജ്യ സ്‌നേഹം ഉയർത്തുന്നതുകൊണ്ടാണ് ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്നും ആരോപിക്കും. കേരളത്തിൽ അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്നവർക്ക് അസഹിഷ്ണുതാ വാദം ഉയർത്താനുള്ള ധാർമിക അവകാശമുണ്ടോ എന്നാകും ചർച്ചയാക്കുക. ഇതിനായി അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ താമസിയാതെ കേരളത്തിലെത്തും.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജാഥ മലബാറിൽ ചലനമുണ്ടാക്കി. എന്നാൽ തെക്കൻ കേരളത്തിൽ വേണ്ടത്ര ഏശിയിട്ടില്ലെന്നാണ് വിലയിരുത്തൽ. കേരള യാത്രയിൽ മോദി പങ്കെടുക്കേണ്ടതായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്. കേരളത്തിലെ സംഘടനയുമായി ആർഎസ്എസ് അടുത്തതോടെ കൂടുതൽ ചിട്ടയായ പ്രവർത്തനങ്ങൾ സാധ്യമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ നേട്ടമെല്ലാം നിയമസഭയിൽ വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. അതിന് ജെഎൻയുവിൽ നടത്തിയ കള്ളക്കളികൾ തുറന്നുകാട്ടണം. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളെ താറടിക്കാനാണ് ഇത്തരം വിവാദങ്ങൾ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത്.
ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കൊണ്ട് മാത്രമാണ് അനാവശ്യവിവാദങ്ങളിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തത്. എന്നാൽ കേരളത്തിലെ പ്രചരണങ്ങളിൽ മോദി നിറയുമ്പോൾ ജെഎൻയുവിഷയവും ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും ആയുധമാക്കും. ബംഗാളിലെ സിപിഐ(എം)-കോൺഗ്രസ് കൂട്ടുകൂടിയാകുമ്പോൾ കാര്യങ്ങളെല്ലാം അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.