തിരുവനന്തപുരം: ആർഎസ്എസ് കാര്യവാഹക് വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം പിടിയിൽ. മണികണ്ഠൻ ഉൾപ്പെടെ ആറുപേരെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരുൾപ്പെടെയുള്ള മുഖ്യ പ്രതികളാണ് പിടിയിലായത്. ഇവരെ രഹസ്യ കേന്ദ്രത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്.

സി.പി.എം പ്രവർത്തകനായ മണിക്കുട്ടൻ എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നേരത്തെ ആരോപിച്ചിരുന്നു. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് മണിക്കുട്ടൻ. 

അതേസമയം തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.വീഡിയോ, മെസേജ്, ഫേസ് ബുക്ക് പോസ്റ്റ് എന്നിവയിലൂടെ വ്യാജ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
ശനിയാഴ്‌ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവർത്തകൻ രാജേഷ് വെട്ടേറ്റു മരിച്ചത്. വലതുകൈ അറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഇന്നു ബിജെപി ഹർത്താർ ആചരിക്കുകയാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസിന് ശേഷം കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപതാകമാണ് ഇന്നലെ തലസ്ഥാനത്ത് അരങ്ങേറിയത്.

ഓട്ടോ ഡ്രൈവർ കൂടിയായ രാജേഷ് വീട്ടിൽ പോകാനായി കല്ലമ്പള്ളിയിലെ കടയിൽ നിന്നും പാലു വാങ്ങുമ്പോൾ ഏതാനും ബൈക്കുകളിലും ഓട്ടോകളിലുമായി വാളും വെട്ടുകത്തിയുമായി എത്തിയ 15 അംഗസംഘം കടയുടമയെ ഭീഷണിപ്പെടുത്തി ഓടിച്ചശേഷം രാജേഷിനെ വെട്ടുകയായിരുന്നുവെന്നു പറയുന്നു. വെട്ടിമാറ്റിയ രാജേഷിന്റെ ഇടതുകൈ അടുത്ത പറമ്പിലേയ്ക്കു വലിച്ചെറിഞ്ഞു.

സംഘം പോയ ശേഷമാണ് കടയുടമയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.

രാത്രി ഒൻപത് മണിയോടെ ഇടവക്കോട് രാത്രി ശാഖയിൽ പോയ ശേഷം നടന്നാണ് രാജേഷ് സാധനം വാങ്ങാനായി വീടിനു സമീപത്തെ വിനായക നഗറിലെ കടയിലെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. വീട് സമീപത്താസാധനം വാങ്ങി കടക്കാരന് പൈസകൊടുത്തുമടങ്ങുന്നതിനിടെയാണ് പതിനഞ്ചോളം വരുന്ന സംഘം രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്.

വെട്ടേറ്റു വീണതോടെ കൈയിലുണ്ടായിരുന്ന പാൽ ഉൾപ്പെടെയുള്ള സാധങ്ങൾ തെറിച്ചുവീണു. ഇയാളുടെ ഇടതു കൈ പൂർണമായും വേർപെട്ടിരുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു. വലതു കൈ മുറിഞ്ഞുതൂങ്ങിയ അവസ്ഥയിലുമായിരുന്നു. രണ്ടു കാലുകൾക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.

യുവാവിനെ ആക്രമിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം, യുവാവിന്റെ കൈ വെട്ടിമാറ്റി അടുത്ത പറമ്പിലേക്കു വലിച്ചെറിഞ്ഞു. ഇരു കാലുകളിലും ശരീരത്തിലും പതിനഞ്ചോളം വെട്ടേറ്റ് രക്തം വാർന്ന നിലയിൽ റോഡിൽക്കിടന്ന രാജേഷിനെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട് കഴിഞ്ഞദിവസം തകർത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. സി.പി.എം ബിജെപി സംഘർഷത്തിൽ വിവിധ സ്റ്റേഷനുകളിലായി 32 കേസുകൾ രജിസ്റ്റർ ചെയ്തു. നഗരപരിധിയിൽ മാത്രം 23 കേസുകളാണുള്ളത്. ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിൽ വ്യാഴാഴ്ച പിടിയിലായ ഐ.പി.ബിനു ഉൾപ്പെടെ 11 പേരെ കോടതി റിമാൻഡ് ചെയ്തു.

നഗരത്തിൽ നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. യൂണിവേഴ്സിറ്റി കോളജിനു സമീപം ഇന്നലെ പുലർച്ചെ സ്ഫോടനശബ്ദം കേട്ടതിനെ തുടർന്നു പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴു ബൈക്കുകളും രണ്ടു വടിവാളുകളും ഫോർട്ട് പൊലീസ് പിടികൂടി.