- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജിത് വധക്കേസിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായതു കൊലയാളി സംഘത്തിന് ഒളിവിൽ കഴിയാൻ സഹായം ചെയ്ത ഒറ്റപ്പാലം സ്വദേശി; അറസ്റ്റിലായ മൂന്ന് പേരും പോപ്പുലർ ഫ്രണ്ട് നേതാക്കളെന്ന് പൊലീസ്; പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തുകൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലയാളി സംഘത്തെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാറാണ് അറസ്റ്റിലായത്. അതിനിടെ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടു. മൂന്നുപേരും പോപ്പുലർ ഫ്രണ്ട് നേതാക്കളെന്ന് പാലക്കാട് എസ്പി ആർ. വിശ്വനാഥ് അറിയിച്ചു
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തുകൊല്ലപ്പെട്ടിട്ട് പതിനേഴ് ദിവസം പിന്നിട്ട ശേഷമാണ് മൂന്നാമത്തെ പ്രതിയുടെ അറസ്റ്റ്. അഞ്ചംഗ കൊലയാളി സംഘത്തിന് ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായം ചെയ്ത ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി നിഷാദ് എന്ന നിസാറാണ് അറസ്റ്റിലായത്.
പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിസാറും പോപ്പുലർ ഫ്രണ്ട് നേതാവാണ്.
തിരിച്ചറിയൽ പരേഡ് കഴിഞ്ഞതിന് പിന്നാലെ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. കൊലയാളി സംഘം സഞ്ചരിച്ച വാഹനമോടിച്ചത് നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുൾ സലാമായിരുന്നു. ജാഫർ സാദിഖാണ് അറസ്റ്റിലായ മറ്റൊരാൾ. കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് ജാഫർ. ഇനിയും അഞ്ചുപേർ കൂടി അറസ്റ്റിലാവാനുണ്ടെന്നും പ്രതികളെപ്പറ്റി കൃത്യമായ സൂചനയുണ്ടെന്നും പാലക്കാട് എസ്പി പറഞ്ഞു.
പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു.
സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ