പാലക്കാട്: പാലക്കാട് കിണാശ്ശേരി മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഏരിയാ നേതാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്.

മുഖംമൂടി ധരിപ്പിച്ചായിരുന്നു പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. അവിടെ വച്ചാണ് ആദ്യം വെട്ടിയതെന്ന് പ്രതി പൊലീസിന് ചൂണ്ടിക്കാട്ടി നൽകി. പിന്നീട് എങ്ങോട്ട് നീങ്ങിയെന്നും സംഭവിച്ച കാര്യങ്ങളും പ്രതി വ്യക്തമായി തന്നെ പൊലീസിനോട് വിവരിച്ചു. കാറിന്റെ പുറകിലേക്കാണോ വശത്തേക്കാണോ വലിച്ച് മാറ്റിയതെന്നതടക്കം പൊലീസ് ഉദ്യോഗസ്ഥർ ചോദിക്കുന്നുണ്ടായിരുന്നു. കൃത്യമായി തന്നെ പ്രതി ഉത്തരം നൽകി.

കൃത്യം നടത്തിയ മമ്പറത്തും പ്രതികൾ വാഹനത്തിൽ ഒന്നിച്ച് കയറിയ തത്തമംഗലം ഗ്രൗണ്ടിലും ആയുധങ്ങൾ ഉപേക്ഷിച്ച കണ്ണന്നൂരിലുമാണ് പോപ്പുലർ ഫ്രണ്ട് ഏരിയാ നേതാവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വെട്ടേറ്റ ശേഷം രക്ഷപെടാനായി രണ്ട് മീറ്ററിലധികം സഞ്ജിത്ത് ഓടിമാറിയെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

സഞ്ജിത്തുകൊലക്കേസിലെ പ്രതികൾ സഞ്ചരിച്ച കാറോടിച്ചത് ഇന്നലെ രാത്രി അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിയെ കൊലപാതകം നടന്ന മമ്പറത്ത് തെളിവെടുപ്പിനെത്തിച്ചത്. സഞ്ജിത്തിന്റെ ബൈക്ക് ഇടിച്ചിട്ട രീതിയും തുടർന്നു നടന്ന അരും കൊലയും പ്രതി പൊലീസിനോട് വിവരിച്ചു.

സഞ്ജിത്തിനെ തടഞ്ഞ് നിർത്തി വെട്ടിയെന്നും വേട്ടേറ്റ ശേഷം രണ്ടുമീറ്ററോളം ഓടിമാറാൻ ശ്രമിച്ചെന്നും പ്രതി വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം അന്വേഷണ സംഘം രേഖപ്പെടുത്തി. പിന്നീടെത്തിച്ചത്. കൊലയാളി സംഘം യാത്ര തുടങ്ങിയ തത്തലംഗലം പള്ളിമുക്കിലേക്കാണ്.

ഇവിടെ നിന്നും കാറെടുത്തശേഷം തോട്ടടുത്ത ഗ്രൗണ്ട് പരിസരത്തേക്കാണ് പ്രതി പോയത്. അവിടെ വച്ചാണ് നാലംഗ കൊലയാളി സംഘം കാറിൽ കയറിയത്. അവിടെ നിന്നും സഞ്ജിത്തിനെ പിന്തുടർന്നെത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ആയുധമുപേക്ഷിച്ച ദേശീയ പാതയോരത്തെ കണ്ണന്നൂരിലും പ്രതിയെ എത്തിച്ചു.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി എത്തിയ സംഘത്തിലുണ്ടായിരുന്നു.

കൊലപാതകം നടത്തിയ ശേഷം നടത്തിയ ശേഷം പ്രതികളായ മൂന്ന് പേർ മാരുതി 800 കാറിൽ രക്ഷപ്പെട്ടു. കുഴൽമന്ദം വരെ ഒരുമിച്ചാണ് പോയത്. ഇവിടെ വെച്ച് കാറ് കേടായി. വർക്ക്ഷോപ്പിൽ പോയെങ്കിലും കാറ് പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടർന്ന് കുഴൽമന്ദത്ത് നിന്ന് പ്രതികൾ പലവഴിക്ക് നീങ്ങുകയായിരുന്നുവെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി.

ഇതിനിടയിൽ കണ്ണന്നൂർ വെച്ച് കൊലക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചുവെന്നും പ്രതി മൊഴി നൽകി. ആയുധം ഉപേക്ഷിച്ച കണ്ണന്നൂർ സർവീസ് റോഡിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയനാക്കാനുള്ളതിനാൽ പേരും മേൽവിലാസവും പുറത്തുവിടാനാവില്ലെന്നാണ് പൊലീസ് പറഞ്ഞത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സഞ്ജിതുകൊല്ലപ്പെട്ട് ഏട്ട് ദിവസമായ ഇന്നലെയാണ് കേസിലെ നിർണായക അറസ്റ്റ് ഉണ്ടായത്.

നാല് പേർകൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ എത്രപേർ കൃത്യത്തിൽ പങ്കെടുത്തുവെന്നതും വ്യക്തമല്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃത്യത്തിലുൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുകയുണ്ടായി.

ഈ അറസ്റ്റിന് മുമ്പ് കൊതപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇന്നലെ മുണ്ടക്കയത്തുനിന്ന് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈർ നാലുമാസം മുൻപാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്.

സുബൈറിന് താമസിക്കാനായി എടുത്തുനൽകിയ വാടകക്കെട്ടിടത്തിലായിരുന്നു മറ്റ് രണ്ടുപേരും ഉണ്ടായിരുന്നത്. ഇവരവിടെ താമസിച്ചത് ബേക്കറിയുടമ അറിഞ്ഞിരുന്നില്ല. മൂന്ന് പേർക്കും കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങൾ പൊലീസിനിനിയും പുറത്തുവിട്ടിട്ടില്ല. മറ്റു പ്രതികളിലേക്കും അന്വേഷണമെത്തുന്ന മുറയ്ക്കാവും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക.

പാലക്കാട് എസ്‌പിആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തുകൊല്ലപ്പെട്ടത്.