തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷനിലെ ഒഴിവുകൾ ആറാഴ്ചയ്ക്കുള്ളിൽ നികത്തണമെന്ന ഹൈക്കോടതി വിധി വന്നതോടെ ലക്ഷങ്ങൾ ശമ്പളവും കാറും ലഭിക്കുന്ന കമ്മീഷനിൽ എങ്ങനെയെങ്കിലും കയറിപ്പറ്റാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി. സംസ്ഥാനത്തെ തലമുതിർന്ന മാദ്ധ്യമപ്രവർത്തകരും രാഷ്ട്രീയപാർട്ടികളുടെ നോമിനികളുമാണ് കമ്മീഷനിൽ കയറിപ്പറ്റാനുള്ള ചരടുവലികൾ ഊർജ്ജിതമാക്കിയത്. പാർലമെന്റ് പാസാക്കിയ വിവരാവകാശനിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട പ്രധാന അധികാരിയായ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ നിയമനം നടത്താത്തതുമൂലം പ്രവർത്തനം തടസ്സപ്പെടുന്നതു പൊതുജനതാൽപര്യത്തിനു വിരുദ്ധമാകുമെന്നു വ്യക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നിയമനം ഉടൻ വേണമെന്ന നിർദ്ദേശിച്ചത്.

സുപ്രീംകോടതി നിർദ്ദേശപ്രകാരം നീതിപൂർവകവും സുതാര്യവുമായ നടപടിക്രമം ഉറപ്പാക്കിക്കൊണ്ടു വിവരാവകാശ കമ്മിഷനിലെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി എം എ പൂക്കോയ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിയമനം ഉടൻ വേണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തു മുഖ്യ വിവരാവകാശ കമ്മിഷണർ ഉൾപ്പെടെ ആകെയുള്ള ആറംഗങ്ങളിൽ നാലു സ്ഥാനമാണ് ഒഴിഞ്ഞു കിടക്കുന്നത്. കമ്മിഷൻ അംഗങ്ങളെ നിയമിക്കാത്തതുമൂലം അപേക്ഷകളും അപ്പീലുകളും തീർപ്പാക്കാതെ കിടക്കുകയാണെന്നായിരുന്നു ഹർജിക്കാരൻ ബോധിച്ചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധിയും.

നേരത്തെ കമ്മിഷണർ സി.എസ്. ശശികുമാറും വിരമിച്ചതോടെ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഇനി മുഖ്യ കമ്മിഷണർ സിബി മാത്യൂസ് മാത്രമാണ് ഉള്ളത്. സിബി മാത്യൂസടക്കം ആറുപേരാണു കമ്മിഷനിലുണ്ടായിരുന്നത്. നാലംഗങ്ങൾ വിരമിച്ചു. ഒരംഗം രണ്ടുവർഷമായി സ്‌പെൻഷനിലുമായതോടെ കമ്മിഷന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ചെന്ന് സർക്കാരും വിലയിരുത്തിയിരന്നു. ഇപ്പോൾ വിധി പുറത്തുവന്നതോടെ വന്നതോടെ തലസ്ഥാനം കേന്ദ്രീകരിച്ച് നിരവധി ചരടുവലികളാണ് നടക്കുന്നത്. മാദ്ധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും അടക്കമുള്ളവരാണ് പിന്നിൽ.

കേരളകൗമുദിയിലെ ഡെപ്യൂട്ടി എഡിറ്ററായ പി പി ജെയിസിനാണ് ഇപ്പോഴത്തെ നിലയിൽ അംഗമാകാനുള്ള കൂടുതൽ സാധ്യത. നാല് പത്രപ്രവർത്തകരാണ് ഇതിനായി ഇടിച്ചു നിന്നത്. മാതൃഭൂമിയിൽ നിന്ന് വിരമിച്ച് വച്ചൂച്ചിറ മധു, സണ്ണിക്കുട്ടി എബ്രഹാം, ജേക്കബ് ജോർജ്ജ് എന്നിവരാണ് മറ്റ് മൂന്ന് പേര്. ഇവർക്കെല്ലാം വിവിധ കോണുകളിൽ നിന്നും ഓഫറുകളും ഉണ്ടായിരുന്നു. എന്നാൽ പിപി ജെയിംസിനാണ് നറുക്കുവീഴാൻ കൂടുതൽ സാധ്യതയുള്ളത്. കെ എം മാണിയുടെയും ക്ലീമീസ് പിതാവും പി പി ജെയിംസിനെ പിന്തുണക്കുന്നു. കേരളാ കൗമുദിയിലെ ഡെപ്യൂട്ടി എഡിറ്റർ എന്ന നിലയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പിന്തുണയും ജെയിംസിന് ഗുണം ചെയ്യും.

വച്ചൂച്ചിറ മധുവിനുള്ള സാധ്യത ജനതാദൾ വീരേന്ദ്രകുമാറിന്റെ പിന്തുണയാണ്. കോൺഗ്രസിലെ എ വിഭാഗമാണ് സണ്ണിക്കുട്ടിക്കായി രംഗത്തുള്ളത്. എ ഗ്രൂപ്പ് കടുംപിടുത്തം പിടിച്ചാൽ സണ്ണിക്കുട്ടി എബ്രഹാമിനും കമ്മീഷനിൽ അംഗത്വം ലഭിച്ചേക്കും. ഇവരെ കൂടാതെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പ്രൈമറി സ്‌കൂൾ ടീച്ചറും ജനതാദളിലെ ഒരു നേതാവും തങ്ങൾക്ക് അംഗത്വം വേണമെന്ന ആവശ്യവുമയാി രംഗത്തുണ്ട്.

എംഎൽഎ ആയി മത്സരിക്കാൻ സീറ്റ് കിട്ടാൻ സാധ്യതയില്ലാത്ത എല്ലാ കെപിസിസി അംഗങ്ങളും വിവരാവകാശ കമ്മീഷണറാകാൻ രംഗത്തുണ്ട്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ചേർന്ന സമിതിയാണ് അംഗങ്ങളെ കണ്ടെത്തി ഗവർണ്ണർക്ക് ശുപാർശ നൽകേണ്ടത്. മൂന്നിൽ രണ്ടു പേരുടെ പിന്തുണയുള്ളവരാകും വിവരാവകാശ കമ്മീഷണറാവുക. ഒരു ലക്ഷം രൂപയിൽ അധികം ശമ്പളമുള്ള പദവിയാണ് ഇത്. ഇതിനൊപ്പം ജ്യൂഡീഷ്യൽ അധികാരവുമുണ്ട്. ഇത് തന്നെയാണ് ഈ തസ്തികയിലേക്ക് ആളുകൾ ഇടിച്ചു നിൽക്കാനുള്ള കാരണവും.

അതേസമയം സിബി മാത്യുസിന് പകരക്കാരനായി വിവരാവകാശ കമ്മീഷണർ ആരാകുമെന്ന കാര്യം ഇനിയും വ്യക്തമാല്ല. വിൻസൻ എം പോളിനെ ആ തസ്തികയിലേക്ക് പരിഗണിക്കുന്നതായുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ, ബാർകോഴ കേസിൽ വിവാദമായ സാഹചര്യത്തിലെ അദ്ദേഹത്തെ പരിഗണിക്കേണ്ടെന്ന അഭിപ്രായവും ശക്തമായി ഉയരുന്നുണ്ട്.