കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ കടന്നു കയറി ട്രാൻസ്‌പോർട്ട് ഓഫിസറെ ഉപരോധിച്ച കേസിൽ പ്രതികളായ ബസുടമകളെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. കണ്ണൂർറീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.എം.ഉമ്മറെ ഓഫീസിന്ന കത്ത് കയറി തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ പ്രതികളായ ബസുടമകളെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

.ജില്ലാ ബസ്സുടമസ്ഥ സംഘം ഭാരവാഹികളായ കെ.രാജ് കുമാർ, കെ.ഗംഗാധരൻ, എം.സി.പവിത്രൻ, കെ.പി.മോഹനൻ, കെ.പി.മുരളീധരൻ, ടി.എം.സുധാകരൻ, മുജീബ് റഹ്മാൻ, ആർ.സി.സുനിൽകുമാർ, പി.വിജയൻ, എൻ.ഉമേശൻ, പ്രേമാനന്ദൻ ,പി.രാജേന്ദ്രൻ എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എസ്.അമ്പിളി വിട്ടയച്ചത്. പുതുതായിബസ്സുകൾക്ക് നൽകിയ ടൈമിങ്ങ് അശാസ്ത്രീയമാണെന്നും ഇതു റദ്ദ്‌ചെയ്യണമെന്നാവശ്യപ്പെട്ട് 2017 ഫെബ്രുവരി 9ന് കാലത്ത് 10-15 ന് പ്രതികളുൾപ്പെടെ അമ്പതോളം ബസ്സ് അസോസിയേഷൻ പ്രവർത്തകർ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു കേസ്.

പുതിയ ബസ്സ് ടൈമിങ്ങ് നടത്തുന്നതിന് മുമ്പേ ആർ.ടി.ഒ.മാർ ബസ്സുടമകളുമായി കൂടിയാലോചന നടത്തണമെന്ന നിബന്ധന തെറ്റിച്ച് ഏകപക്ഷീയമായാണ് ആർ.ടി.ഒ. ടൈമിങ്ങ് നടത്തിയതെന്നും ഇങ്ങിനെ നടത്തിയ ഉത്തരവ് ട്രാൻസ്‌പോർട്ട് കമ്മീഷണർ റദ്ദ് ചെയ്ത കാര്യവും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ.എ.ടി. പ്രജിൽ വാദിച്ചു.

ഇതിനു പുറമേ ടൈമിങ്ങ് കോൺഫറൻസ് വിളിക്കാതെഅശാസ്ത്രീയമായി നടത്തിയ ടൈമിങ്ങ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകൾ പ്രതിഷേധിക്കുക മാത്രമാണുണ്ടായതെന്നും വ്യക്തമാക്കി. തുടർന്നാണ് കോടതി ബസ്സുടമകളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത് ' കഴിഞ്ഞ മാസം മാട്ടൂൽ റൂട്ടിലോടുന്ന ബസുകൾക്ക് കണ്ണൂർ ആർ.ടി.ഒ ഒരു മിനുട്ട് വ്യത്യാസത്തിൽ റണ്ണിങ് ടൈം നൽകിയത് വിവാദമായിരുന്നു.