- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് നികുതി കുടിശ്ശിക അടച്ചില്ല; വാർത്ത പരന്നത് 'അമിതാഭ് ബച്ചന്റെ' റോൾസ് റോയ്‌സ് കാർ ബംഗളൂരുവിൽ പിടിച്ചെന്ന്; മൈസൂരിലെ ബിസിനസുകാരനായ യൂസുഫ് ഷെരീഫിന് വിറ്റിട്ടും പൊല്ലാപ്പായത് രേഖകൾ പേരിലേക്ക് മാറ്റത്തതിനാലെന്ന് ബംഗളൂരു ആർ.ടി.ഒ
ബംഗളൂരു: കഴിഞ്ഞ ദിവസം കർണാടകയിൽ പൊലീസും ആർ.ടി.ഒ അധികൃതരും ചേർന്ന് നടത്തിയ സ്‌പെഷൽ ഡ്രൈവിൽ പിടികൂടി നിരവധി ആഡംബര കാറുകളിൽ ഒന്ന് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ 'പേരിലുള്ള' വാഹനമാണ്. റോൾസ് റോയ്‌സ് ഫാന്റം ആയിരുന്നു ഇത്. എങ്ങിനെയാണ് ബച്ചന്റെ റോൾസ് റോയ്‌സ് ബംഗളൂരുവിൽ എത്തിയത് യഥർഥത്തിൽ വല്ല നിയമ ലംഘനവും ഈ വാഹനം നടത്തിയിട്ടുണ്ടോ എന്നൊക്കെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഈ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരുവിലെ ആർ.ടി.ഒ ഉദ്യോഗസ്ഥൻ.
2007ൽ ത്രി ഇഡിയറ്റ്‌സ് നിർമ്മാതാവും സംവിധായകനുമായ വിധു വിനോദ് ചോപ്ര അമിതാഭ് ബച്ചന് സമ്മാനമായി നൽകിയതായിരുന്നു വെള്ള റോൾസ് റോയ്‌സ് ഫാന്റം. 3.5 മുതൽ 4.5 കോടിവരെയാണ് ഫാന്റത്തിന്റെ വില. വർഷങ്ങൾ കഴിഞ്ഞ് 2019ൽ വാഹനം ആറു കോടിരൂപക്ക് ബച്ചൻ മൈസൂർ ആസ്ഥാനമായുള്ള ഉംറ ഡെവലപ്പേഴ്‌സ് എന്ന നിർമ്മാണ കമ്പനിക്ക് വിറ്റു.
ബിസിനസുകാരനായ യൂസുഫ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. കോലാർ ഗോൾഡ് ഫീൽഡിൽ നിന്നുള്ള സ്‌ക്രാപ്പ് എടുത്ത് കച്ചവടം നടത്തി ധനികനായ ആളാണ് യൂസുഫ് ഷെരീഫ്. യൂസുഫ് ആറ് കോടി രൂപയ്ക്കാണ് റോൾസ് ബച്ചനിൽനിന്ന് വാങ്ങിയത്. ബച്ചൻ ഉപയോഗിച്ചിരുന്ന കാർ എന്ന നിലക്കാണ് വാഹനത്തിന് വില കൂടുതൽ കിട്ടിയത്.
വാഹനം വാങ്ങിയെങ്കിലും രേഖകൾ തന്റെ പേരിലേക്ക് യൂസുഫ് മാറ്റിയിരുന്നില്ല. തിങ്കളാഴ്ച എംജി റോഡിൽ വച്ച് യൂസുഫിന്റെ ഡ്രൈവർ സൽമാൻ ഖാൻ വാഹനം ഓടിച്ചിരുന്ന സമയത്താണ് റോൾസ് പൊലീസ് പിടിച്ചെടുത്തത്. യൂസുഫ് ഷെരീഫ് ആർടിഒ ഓഫീസിലെത്തി കാർ വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും, റോഡ് നികുതി കുടിശ്ശിക അടയ്ച്ചാൽ മാത്രമേ വാഹനം വിട്ടുതരൂ എന്നാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി.
വാഹനം പിടിച്ചെടുത്തപ്പോൾ ഡ്രൈവർ ചില രേഖകൾ കാണിച്ചെങ്കിലും അവ വ്യാജമാണെന്ന് തെളിഞ്ഞതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ എൻ. ശിവകുമാർ പറഞ്ഞു. നിലവിൽ ബംഗളുരു നഗരത്തിൽനിന്ന് മാറി നിലമംഗലയിലാണ് കാറുകൾ സുക്ഷിച്ചിരിക്കുന്നത്. മേഴ്‌സിഡസ്- ബെൻസ്, ഔഡി, ലാൻഡ് റോവർ, പോർഷെ, റോൾസ് റോയ്‌സ് തുടങ്ങിയ സൂപ്പർ ലക്ഷ്വറി കാറുകളാണ് പിടിച്ചെടുത്തത്. രേഖകൾ സമർപ്പിക്കാത്തതിനും നികുതിയൊടുക്കാത്തതിനുമായിരുന്നു പൊലീസ് നടപടി.
ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ആഡംബര കാറുകൾ വാങ്ങി ബംഗളൂരുവിൽ വിൽക്കുന്നത് പതിവാണ്. മിക്കപ്പോഴും, ഈ കാറുകളുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമായിരിക്കുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതോ ആയിരിക്കും. വാഹനം പിടിക്കപ്പെടുന്നതുവരെ വാങ്ങുന്നയാൾക്ക് വ്യാജ രേഖകൾ ഉപയോഗിച്ച് വഞ്ചിക്കപ്പെട്ടതായി ഒരിക്കലും അറിയാൻ കഴിയില്ല.
ബോളിവുഡ് സെലിബ്രിറ്റികൾ ബംഗളൂരു ഡീലർമാർ വഴിയാണ് അവരുടെ സെക്കൻഡ്ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നത്. മുംബൈയിൽ തങ്ങളുടെ കാറുകൾ വിൽക്കാൻ താരങ്ങൾക്ക് താലപ്പര്യം ഉണ്ടാകാറില്ല. ബെംഗളൂരുവിലാകട്ടെ സെലിബ്രിറ്റികൾ ഉപയോഗിച്ച കാറുകൾക്ക് വലിയ ഡിമാൻഡുണ്ട്. പലപ്പോഴും യഥാർഥ റോഡ് വിലയേക്കാൾ മികച്ച വിലക്കാണ് ഇവ വിൽക്കപ്പെടുന്നത്. എല്ലാവരും രേഖകൾ വ്യാജമായി ഉണ്ടാക്കുന്നില്ലെന്നും എന്നാൽ കുറച്ചുപേർ അങ്ങിനെ ചെയ്യാറുന്നുണ്ടെന്നുമാണ് ആർ.ടി.ഒ അധികൃതർ പറയുന്നത്.
ഞായറാഴ്ച യുബി സിറ്റിയിൽ നിന്നാണ് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തത്. പരിവാഹൻ സേവ വെബ്‌സൈറ്റിൽ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ബംഗളൂരു ആർടിഒ പറയുന്നു. ഉടമകൾ രേഖകൾ ഹാജരാക്കിയാൽ വാഹനങ്ങൾ വിട്ടുനൽകും.
ന്യൂസ് ഡെസ്ക്