കൊച്ചി: ഏജന്റുമാരില്ലാതെ വാഹനം റീ ടെസ്റ്റിനായി എത്തിച്ച യുവാവിന് ജോയിന്റെ ആർടിഒയുടെ ശകാരം. പറവൂർ സ്വദേശി സിയാദിനെയാണ് ജോയിന്റെ ആർടിഒ ബിജു ജെയിംസ് യൂണിഫോമിൽ ചീത്തവിളിച്ച് പുറത്താക്കിയത്. റീടെസ്റ്റിനായി കൊണ്ടുവന്ന വണ്ടി പുറത്തിട്ട ശേഷം സിയാദ് ഉദ്യോഗസ്ഥനെ കാണുകയായിരന്നു. എന്നാൽ, ഇപ്പോൾ വരാൻ സാധിക്കില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് അതെന്താണ് 11 മണയേ സമയമായുള്ളല്ലോ എന്ന് ചോദിക്കുകയായിരുന്നു.

ഇതോടെ നീ കുറേ ദിവസമായി ഇതിലെ കിടന്നു കളിക്കുന്നു.. എന്നു പറഞ്ഞ് ആർടിഒ ശകാരവർഷവമായി എത്തുകയായിരുന്നു. സിയാദ് തന്നെയാണ് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്. അതേസമയം ഏജന്റുമാരില്ലാതെ വാഹനം റീ ടെസ്റ്റിനായി എത്തിച്ചതിന്റെ പേരിലാണ് ശകാരവർഷം ഉണ്ടായതെന്നാണ് ആരോപണം. പറവൂർ സ്വദേശി സിയാദ്. ഏജന്റുമാർ വഴിയുള്ള ഇടപാടിന്റെ കൈക്കൂലി ലഭിക്കില്ലെന്നതിനാലാണ് ആർടിഒ കയർത്തതെന്ന് സിയാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഏജന്റുമാരില്ലാതെ സ്വന്തം നിലയ്ക്ക് ഓൺലൈനിൽ ഫീസടച്ച് തന്റെ ടാറ്റാ 407 ലോറി റീ ടെസ്റ്റിനായി എത്തിച്ചതായിരുന്നു സിയാദ്. എന്നാൽ സമയം വൈകിയെന്ന് പറഞ്ഞ് പറവൂർ ജോയിന്റ് ആർടിഒ ബിജു ജെയിംസ്, ഇദ്ദേഹത്തെ ചീത്തവിളിച്ച് ആട്ടിയിറക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിയാദ് മൊബൈലിൽ റെക്കോർഡ് ചെയ്യുകയും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയുമായിരുന്നു. ഏജന്റുമാർ മുഖേന വന്നാലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി ലഭിക്കൂ, സ്വന്തം നിലയക്ക് ഫീസടച്ചാൽ അവർക്ക് പണം കിട്ടില്ല. ഇതിന്റെ ദേഷ്യമാണ് തന്നോട് തീർത്തതെന്ന് സിയാദ് മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

അതേസമയം യൂണിഫോമിലായിരുന്ന ഉദ്യോഗസ്ഥൻ ഇടപാടുകാരനോട് കയർത്ത് സംസാരിച്ചത് വകുപ്പുതല നടപടികൾക്ക് കാരണമാകുമെന്നാണ് വിവരം. സമയത്ത് തന്റെ വാഹനം റീ ടെസ്റ്റ് ചെയ്ത് നൽകാത്തതും ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തത് കാണിച്ച് മുഖ്യമന്ത്രിക്കും ഗാതാഗത മന്ത്രിക്കും പരാതി നൽകുമെന്ന് സിയാദ് പറഞ്ഞു. എന്നാൽ, സംഘടിത മണൽ മാഫിയയുടെ നേതാവാണ് സിയാദ് എന്നും മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച് തന്നെ കുടുക്കാനാണ് വീഡിയോ ചിത്രീകരിച്ചതെന്നും ജോയിന്റ് ആർടിഒ ബിജു ജെയിംസ് പറഞ്ഞു.