തൃശ്ശൂർ: റബ്ബർ വില കുത്തനെ താഴുന്നതിനിടെ പുനർനടീൽ കഴിഞ്ഞ നാല് വർഷമായി മുടങ്ങിയത് റബ്ബർ എസ്റ്റേറ്റുകൾക്കും തൊഴിലാളികൾക്കും ചരമക്കുറിപ്പ് എഴുതുകയാണ്. കൃത്യമായ ഇടവേളകളിൽ ചെയ്യുന്ന പുനർനടീൽ തോട്ടങ്ങളുടെ ഉൽപാദനക്ഷമത നിലനിർത്തുന്നതിനോടൊപ്പം, ലക്ഷക്കണക്കിന് തൊഴിൽ ദിനങ്ങളും കൂടിയാണ് സൃഷ്ടിക്കുന്നത്.

തോട്ടങ്ങളിലെ സാധാരണ ടാപ്പിംങ്ങ് തൊഴിലാലികൾ മുതൽ, മുറിച്ച മരം ഉപയോഗിച്ച് പ്രവർത്തിയ്്ക്കുന്ന പ്ലൈവുഡ് കമ്പനികളെവരെയാണ് പുനർനടീൽ മുടങ്ങിയത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതുമൂലം വൻകിട തോട്ടങ്ങളിലെ ആയിരകണക്കിന് തൊഴിലാളികളാണ് പരമ്പരാഗതമായി ചെയ്ത്് വന്ന തൊഴിൽ വിട്ട് മറ്റ് മേഖലകളിലേക്ക് ചേക്കേറിയത്. തോട്ടങ്ങളിലെ റബ്ബർ മരങ്ങൾ വെട്ടിമാറ്റുന്നത് നിരോധിച്ചതിനോടൊപ്പം, വെട്ടിമാറ്റുന്ന മരങ്ങൾക്ക് ഉയർന്ന സീനിയറേജ് തുക സർക്കാരിലേക്ക് നൽകണമെന്ന് നിശ്ചയിച്ചതും റബ്ബർ പ്ലാന്റേഷനുകളുടെ നിലനിൽപ്പിനെത്തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്.

തോട്ടങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിനടക്കം നിരോധനമുള്ളതിനാൽ ഹെക്ടർ കണക്കിന് റബ്ബർ തോട്ടങ്ങളാണ് കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി വനമായി കിടക്കുന്നത്. വനമായി രൂപപ്പെട്ട സ്ഥലത്ത് ആനയും കടുവയുമടക്കമുള്ള വന്യജീവികൾ വിഹരിക്കുന്നതിനാൽ സമീപപ്രദേശങ്ങളിലെ താമസക്കാരും ആശങ്കയിലാണ്. വീടിന് മുറ്റത്ത് കെട്ടിയിട്ട ആടുമാടുകളെ വന്യമൃഗങ്ങൾ പിടിച്ചുകൊണ്ടുപോകുന്നത് ഇവിടങ്ങളിലെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. കേരള ലാന്റ് കൺസർവൻസി നിയമ പ്രകാരം തോട്ടങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ യുഡിഎഫ് സർക്കാർ എംജി രാജമാണിക്യത്തെ സ്പെഷ്യൽ ഓഫീസറായി സർക്കാർ നിയമിച്ചിരുന്നു. ഇതേത്തുടർന്ന് 2014 അവസാനം എച്ച് എംഎൽ ഭൂമി സർക്കാരിന്റേതാണെന്നും, ഇത് കണ്ടുകെട്ടണമെന്ന രാജമാണിക്യത്തിന്റെ റിപ്പോർട്ടാണ് തോട്ടങ്ങളുടെ ചരമം കുറിച്ചത്.

രാജമാണിക്യം റിപ്പോർട്ടിനെതിരെ എച്ച്എംഎൽ ഫയൽ ചെയ്ത ഹരജി നിലവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. പ്രകൃതി ക്ഷോഭത്തിലും വന്യമൃഗങ്ങളുടെ ആക്രമണത്തിലും നശിച്ച മരങ്ങൾ പോലും വെട്ടിമാറ്റാനാകാത്ത സ്ഥിതി വന്നതോടെ, ഉപയോഗ ശൂന്യമായ 2.5 ലക്ഷത്തിൽ പരം റബ്ബറുകളാണ് 2000 ഏക്കറിലായി തൃശ്ശൂരിലെ എച്ച്എംഎൽ എസ്റ്റേറ്റിൽ മാത്രമായുള്ളത്. നാല് വർഷമായി പുനർനടീൽ മുടങ്ങിയതോടെ 7.5 ലക്ഷം തൊഴിൽ ദിനങ്ങളാണ് തൊഴിലാളികൾക്ക് ഇവിടെ നഷ്ടമായിരിക്കുന്നത്. ഇത്മൂലംകമ്പനികൾക്ക് താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനാകുന്നില്ല. ഒപ്പം പുതിയ തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നതിനും വലിയ തടസ്സമാണെന്ന് തൊഴിലാളികളായ ഷീബയും ഷീലയും സരോജിനിയും ചൂണ്ടിക്കാട്ടുന്നു. ലോഡിംങ്, അൺ ലോഡിംങ്, മരം മുറിക്കൽ തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവരും ജോലി നഷ്ടമായവരിൽപെടുന്നു.

2011-12 ൽ റെക്കോർഡ് വിലയിലെത്തിയ റബ്ബറിന് ഇപ്പോൾ 130 രൂപയിൽ താഴെയാണ്. ശരാശരി ഒരു കിലോ റബ്ബറിന്റെ ഉൽപാദന ചെലവ് 160 രൂപയോളം വരുമെന്നിരിക്കെയാണിത്. കേരള ഗ്രൻസ് ആൻഡ് ലീസസ് നിയമപ്രകാരം പാട്ടത്തിന് നൽകിയ തോട്ടങ്ങളിൽ നിന്ന്, മരം വെട്ടുമ്പോളോ, നീക്കം ചെയ്യുമ്പോളോ, പാട്ടത്തിന് നൽകിയ ആൾക്ക് സീനിയറേജ് തുടക നൽകണമെന്നാണ് നിയമ അനുശ്വാസിക്കുന്നത്. 2012 മുതൽ വെട്ടിയ റബ്ബർ തടിക്ക് മെട്രിക്ക് ടണ്ണിന് 2500 ഉം വിറക് കഷ്ണങ്ങൾക്ക് 900 രൂപ എന്നിങ്ങനെയാണ് സിനിയറേജ് സർക്കാരിലേക്ക് നൽകേണ്ടത്.

1990 ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം പാട്ടത്തിന് എടുക്കുന്ന സമയത്ത് ഭൂമിയിൽ ഉള്ള മരങ്ങൾക്ക് മാത്രമാണ് സിനിയറേജ് നൽകേണ്ടത്. മാത്രല്ല, കാർഷിക വിളയായ റബ്ബറിന് സിനിയറേജ് നൽകണമെന്ന് നിയമത്തിൽ എവിടേയും പരാമർശിക്കപ്പെട്ടിട്ടുമില്ല. എന്നിട്ടും കേരളത്തിലെ വൻകിട എസ്റ്റേറ്റുകളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് സിനിയറേജ് ഇനത്തിൽ വനം വകുപ്പ് വർഷാവർഷം പിരിച്ചെടുക്കുന്നതെന്ന് ഹാരിസൺ മലയാളം പ്ലാന്റേഷൻ സിഇഒ ധർമ്മരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

മറ്റിനങ്ങൾ എന്ന വിഭാഗത്തിലാണ് റബറിനുള്ള സിനിയറേജ് തുക ഈടാക്കുന്നത്. ക്യൂബിക്ക് മീറ്ററിന് 530 രൂപ വിറക് കഷ്ണങ്ങൾക്ക് 220 രൂപ എന്ന നിലയിലായിരുന്നു 1998 ൽ പുറത്തിറങ്ങിയ ഉത്തരവിലെ സിനിയറേജ്. നിയമം അനുസരിച്ച് കാർഷികോൽപാദന കമ്മീഷൻ ചെയർമാനും, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ , വ്യവസായ വകുപ്പ് സെക്രട്ടറി , ധനവുപ്പ് സെക്രട്ടറി, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടർ , ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, വനം വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത ഭുമിയിൽ നിന്ന് മുറിക്കുന്ന തടിയ്കക് സിനിയറേജ് വില നിശ്ചയിക്കേണ്ടത്.

ഈ നിരക്ക് സർക്കാരിന് മുന്നിൽ സമർപ്പിക്കുകയും, അതിന് ശേഷം സർക്കാർ ഇതിൽ ഉത്തരവിറക്കുകയും വേണം. നിലവിൽ നിശ്ചയിച്ച തുടക ഇത്തരത്തിൽ നിശ്ചയിച്ചതല്ലെന്നാണ് ലഭ്യമാകുന്ന വിവരം.