തിരുവനന്തപുരം: റബ്ബർതോട്ടങ്ങളിൽ നിന്ന് അധികവരുമാനം നേടാൻ ഇടവിളക്കൃഷി കർഷകരെ സഹായിക്കും. മുഖ്യവിളയായ റബ്ബറിന് ദോഷകരമല്ലാത്തവിധത്തിൽ അപക്വകാലഘട്ടത്തിൽ വാഴ, കൈത, പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ്. വിളവെടുപ്പിനു മുമ്പുതന്നെ വരുമാനം നേടാൻ കർഷകന് ഇത് സഹായകമാകും. തോട്ടത്തിൽ റബ്ബറിനോടൊപ്പം ദീർഘകാലവിളകളായ കൊക്കോ, കാപ്പി, വാനില തുടങ്ങിയവയും ഔഷധസസ്യങ്ങളും ഇടവിളകളായി കൃഷി ചെയ്യാവുന്നതാണ്. ഇതിനെക്കുറിച്ച് വിവിധ പരീക്ഷണനിരീക്ഷണങ്ങൾ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം നടത്തിയിട്ടുണ്ടൺ്. ജൈവവൈവിദ്ധ്യം നിലനിർത്തുന്നതിനും വേനൽകാലത്ത് മണ്ണിൽ ജലാംശം നിലനിർത്തുന്നതിനും മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിനും ബഹുവിളക്കൃഷി സഹായകമാണ്. 

റബ്ബർതോട്ടങ്ങളിൽ ഇടവിളകൾ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞയും ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം ജോയിന്റ് ഡയറക്ടറുമായ ഡോ. എം. ഡി. ജെസ്സി 29-ാം തീയതി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ കോൾ സെന്ററിൽ കർഷകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതാണ്.
കോൾ സെന്റർ നമ്പർ: 0481 2576622.

റബ്ബർബോർഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിൽ നിന്നു ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.