കോട്ടയം: റബ്ബർതോട്ടങ്ങളിലെ കൃഷിപ്പണികൾ, കീടരോഗനിയന്ത്രണം, വിളവെടുപ്പ്, സംസ്‌കരണം, ഉത്പന്നനിർമ്മാണം, ഇടവിളകൾ, തേനീച്ചവളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ റബ്ബർബോർഡ് വിവിധതരം പരിശീലനപരിപാടികൾ നടത്തിവരുന്നു. ശാസ്ത്രീയമായി റബ്ബർകൃഷി ചെയ്യുന്നതിനും സ്വയംതൊഴിൽസംരംഭങ്ങൾ തുടങ്ങുന്നതിനും ഈ പരിശീലനപരിപാടികൾ ഏറെ സഹായകമാണ്. കൂടാതെ നൈപുണ്യവികസനത്തിന് ഊന്നൽ നൽകുന്ന പരിശീലനപരിപാടികൾക്കും ബോർഡ് രൂപം നൽകിയിട്ടുണ്ട്. ഇതു സംബന്ധമായ വിവരങ്ങൾ കൂടുതലായി അറിയുന്നതിന് റബ്ബർബോർഡിന്റെ കോൾസെന്ററുമായി ബന്ധപ്പെടാം. കർഷകരുടെ ചോദ്യങ്ങൾക്ക് റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.സുധ ജൂലൈ 20 രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി പറയുന്നതാണ്. കോൾ സെന്റർ നമ്പർ 0481 2576622 ആണ്.

കോൾ സെന്ററിന്റെ പ്രവർത്തനസമയം തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്. റബ്ബർബോർഡിന്റെ വിവിധപദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും.