- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ ബോർഡ് ആസ്ഥാനം ഗുവാഹട്ടിയിലേക്ക് മാറ്റുന്നു? അഡീഷണൽ റബർ പ്രൊഡക്ഷൻ കമ്മീഷണറെ അസമിലേക്ക് മാറ്റി; സോണൽ ഓഫീസും പൂട്ടി; ചെയർമാൻ സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നതിന് പിന്നിൽ കേന്ദ്രത്തിന്റെ ഗൂഡനീക്കം
തിരുവനന്തപുരം: ഇന്ത്യയുടെ ആഭ്യന്തര റബർ ഉൽപാദനത്തിൽ 95 ശതമാനവും സംഭാവന ചെയ്യുന്ന കേരളത്തിന്റെ റബർ കർഷകർക്ക് കേന്ദ്രസർക്കാരിന്റെ വക മറ്റൊരു തിരിച്ചടി കൂടി വരുന്നു. ഇന്ത്യൻ റബർ ബോർഡിന്റെ ആസ്ഥാനം കേരളത്തിൽനിന്ന് മാറ്റി അസമിലെ ഗുവാഹട്ടിയിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കാലാവധി പൂർത്തിയാക്കിയ റബർബോർഡ് സമിതി പുനഃസംഘടിപ്
തിരുവനന്തപുരം: ഇന്ത്യയുടെ ആഭ്യന്തര റബർ ഉൽപാദനത്തിൽ 95 ശതമാനവും സംഭാവന ചെയ്യുന്ന കേരളത്തിന്റെ റബർ കർഷകർക്ക് കേന്ദ്രസർക്കാരിന്റെ വക മറ്റൊരു തിരിച്ചടി കൂടി വരുന്നു. ഇന്ത്യൻ റബർ ബോർഡിന്റെ ആസ്ഥാനം കേരളത്തിൽനിന്ന് മാറ്റി അസമിലെ ഗുവാഹട്ടിയിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.
കാലാവധി പൂർത്തിയാക്കിയ റബർബോർഡ് സമിതി പുനഃസംഘടിപ്പിക്കാത്തതും രണ്ടുവർഷമായി ചെയർമാനെ നിയമിക്കാത്തതും ഇതിന്റെ മുന്നൊരുക്കമാണെന്നാണ് സൂചന. റബർബോർഡ് ആസ്ഥാനം മാറ്റുന്നതിന്റെ ആദ്യഘട്ടമായി ബോർഡിനെ നിയന്ത്രിക്കുന്ന അഡീഷണൽ റബർ പ്രൊഡക്ഷൻ കമ്മീഷണറെ (അഡീഷണൽ ആർപിസി) ഗുവാഹട്ടിയിലേക്ക് മാറ്റി.
റബർ പ്രൊഡക്ഷൻ കമ്മീഷണർ (ആർപിസി) ഇല്ലാത്തതിനാൽ രണ്ടുവർഷമായി അഡീഷണൽ ആർപിസിയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പ്ലാന്റേഷൻ സ്‌കീം, സബ്‌സിഡി സ്‌കീം എന്നിവയുൾപ്പെടെ കർഷകന് കിട്ടാനുള്ള മുഴുവൻ ആനുകൂല്യങ്ങളും നിയന്ത്രിച്ചിരുന്നത് അഡീഷണൽ ആർപിസി ആണ്.
ആർപിസിക്കു കീഴിൽ അഞ്ചു ജോയിന്റ് റബർ പ്രൊഡ്രക്ഷൻ കമ്മീഷണറുമാർ (ജെആർപിസി) ഉണ്ട്. എന്നാൽ ഇവർ ജോലിചെയ്യേണ്ട മൂവാറ്റുപുഴ, കോഴിക്കോട്, തിരുവനന്തപുരം സോണൽ ഓഫീസുകൾ അടച്ചുപൂട്ടി. ഒരു ജെആർപിസിയെ ഗുവാഹട്ടിയിലേക്ക് സ്ഥലം മാറ്റി. ബാക്കി മൂന്നുപേരെക്കൂടി അങ്ങോട്ടേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒരു പോസ്റ്റ് ഒഴിച്ചിട്ടിരിക്കുന്നു.
കേരളത്തിന്റെ സോണൽ ഓഫീസുകൾ പൂട്ടിയശേഷം അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ പുതിയ സോണൽ ഓഫീസ് ആരംഭിച്ചു. ആറുമാസക്കാലം മഞ്ഞുമൂടിക്കിടക്കുന്ന ഇറ്റാനഗറിൽ റബർ കൃഷി വിജയിക്കുമോ എന്നുപോലും പരിശോധിക്കാതെയാണ് കേന്ദ്രസർക്കാർ സോണൽ ഓഫീസ് തുറന്നത്.
ഇതിലേറെ സവിശേഷതയുള്ള മറ്റൊരു കണ്ടുപിടുത്തവും കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്- ഝാർഖണ്ഡിൽ തീവ്രവാദം അവസാനിപ്പിക്കാൻ റബ്ബർകൃഷി തുടങ്ങാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി റബർബോർഡ് ആസ്ഥാനത്ത് ജോലിചെയ്യുന്ന 16 ശാസ്ത്രജ്ഞരുടെ തസ്തികകൾ ഝാർഖണ്ഡിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
രണ്ടുവർഷമായി ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടന്നിട്ടും പുതിയൊരാളെ നിയമിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. കേരളത്തിൽനിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ആശാ സ്വാമി, രാജു നാരായണസ്വാമി എന്നിവർ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടും സർക്കാർ ചെവിക്കൊണ്ടില്ല. ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ഐഎഎസ്സുകാരെ ഒഴിവാക്കി രാഷ്ട്രീയക്കാരെ പ്രതിഷ്ഠിക്കാനും ആലോചിക്കുന്നുണ്ട്.