കോട്ടയം: അഴിമതി കണ്ടെത്തുന്നതിലും അതു പൊതുജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടുന്നതിലും മാദ്ധ്യമങ്ങൾ പുലർത്തുന്ന ജാഗ്രത അഭിനന്ദനാർഹമാണെന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു. റബ്ബർബോർഡിലെ വിജിലൻസ് വാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിപോലും വാണിജ്യവത്കരിക്കപ്പെട്ടിരിക്കുകയാണെന്നും അതു തടയാൻ കഴിയാത്തത് നിയമങ്ങൾ നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട സംവിധാനങ്ങൾ പരാജയപ്പെടുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി തടയുന്നതിന് രാഷ്ട്രീയമായ ഇച്ഛാശക്തി ആവശ്യമാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ വനിതാകമ്മീഷൻ അംഗം ഡോ. ജെ. പ്രമീളാ ദേവി പറഞ്ഞു. നീതി നടപ്പാക്കുന്നതിൽ രാജ്യത്തുണ്ടാകുന്ന കാലതാമസം അഴിമതിക്കു കൂടുതൽ പ്രേരണയാകുന്നു. അഴിമതി പൂർണ്ണമായി തുടച്ചുനീക്കുന്നതിന് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന്  ഉറപ്പാക്കുന്ന  ഭരണസംവിധാനമാണ് നമുക്കാവശ്യമെന്നും അവർ ചൂണ്ടിക്കാട്ടി.
റബ്ബർബോർഡിന്റെ സെക്രട്ടറി ഇൻ-ചാർജും ഫിനാൻസ് ഡയറക്ടറുമായ വിജു ചാക്കോ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. വിജിലൻസ് ഓഫീസർ തോമസ് അഗസ്റ്റിൻ സ്വാഗതവും അസിസ്റ്റന്റ് വിജിലൻസ് ഓഫീസർ എസ്‌പി. രമേശൻ കൃതജ്ഞതയും പറഞ്ഞു.
       
സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദ്ദേശാനുസരണം 2015 ഒക്‌ടോബർ 26 മുതൽ 31 വരെയാണ് റബ്ബർബോർഡിൽ വിജിലൻസ്‌വാരാചരണം നടക്കുന്നത്. അഴിമതിനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി പ്രസംഗമത്സരങ്ങളും ഡിബേറ്റും ഉണ്ടായിരിക്കും.