കോട്ടയം: അടുത്തവർഷത്തെ നടീൽകാലം മുതൽ റബ്ബർനടീൽവസ്തുക്കൾക്ക് സർട്ടിഫിക്കേഷൻ ഏർപ്പെടുത്താൻ റബ്ബർബോർഡ് തീരുമാനിച്ചിരിക്കുന്നു. സ്വകാര്യനഴ്‌സറികളിൽ ലഭ്യമാകുന്ന നടീൽവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാണ് ബോർഡ് ഈ സംവിധാനം കൊണ്ടുവരുന്നത്.

അടുത്തവർഷത്തേക്കുള്ള നടീൽവസ്തുക്കളുടെ ഗുണമേന്മ ഉയർത്തുന്നതിന് ഈ സീസൺ മുതൽ നഴ്‌സറിക്കാർ ശ്രദ്ധിക്കണം. വിത്തു പാകുന്നതുമുതൽ നഴ്‌സറികൾ പാലിക്കേണ്ട മികവുറ്റ നഴ്‌സറിപരിപാലനസമ്പ്രദായങ്ങൾ ഏതൊക്കെയായിരിക്കണം എന്നതിനെപ്പറ്റി ബോർഡ് പ്രസിദ്ധം ചെയ്തിട്ടുള്ള ലഘുഗ്രന്ഥം എല്ലാ റീജിയണൽ ഓഫീസുകളിലും ലഭ്യമാണ്. ആവശ്യമുള്ളവർക്ക് നഴ്‌സറിപരിപാലനത്തിൽ ബോർഡ് പരിശീലനവും നൽകും.
റബ്ബറിന്റെ ഉത്പാദനം പ്രധാനമായും നടീൽവസ്തുക്കളുടെ ഗുണമേന്മയെ ആശ്രയിച്ചാണിരിക്കുന്നത്. മേൽത്തരം നടീൽവസ്തുക്കൾ ഉത്പാദിപ്പിക്കാൻ നഴ്‌സറികൾക്കും മെച്ചപ്പെട്ടവ തിരിച്ചറിയാൻ കർഷകർക്കും കഴിയണം.

റബ്ബർനഴ്‌സറിപരിപാലനത്തെക്കുറിച്ചും സർട്ടിഫിക്കേഷനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അറിയാനും ഈ വിഷയങ്ങളിലുള്ള സംശയങ്ങൾ ദൂരീകരിക്കാനും കർഷകർക്കും നഴ്‌സറിയുടമകൾക്കും റബ്ബർബോർഡിന്റെ കോൾസെന്ററുമായി ബന്ധപ്പെടാം. കർഷകരുടെ ചോദ്യങ്ങൾക്ക് റബ്ബർബോർഡ് ഡെപ്യൂട്ടി റബ്ബർപ്രൊഡക്ഷൻകമ്മീഷണർ പി.വി. ക്ലാരമ്മ ഏഴിന് ബുധനാഴ്ച (രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ) മറുപടി പറയുന്നതാണ്.
കോൾ സെന്റർ നമ്പർ 0481 2576622 ആണ്.

കോൾ സെന്ററിന്റെ പ്രവർത്തനസമയം തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്. റബ്ബർബോർഡിന്റെ വിവിധപദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും.