കൊച്ചി: രാജ്യത്താദ്യമായി എൻ എം സി ഇ റബ്ബർ ഫോർവേർഡ് ട്രേഡിങ് ആരംഭിച്ചു. എൻ സിം ഫോർ എന്ന പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് റബർ വ്യാപാരത്തിൽ ഈ നൂതന ട്രേഡിങ് രീതി നടപ്പാക്കുന്നത്. റബ്ബർ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ വ്യാപാരം. ഉപഭോക്തൃ സൗഹൃദവും താരതമ്യേന ചെലവ് കുറഞ്ഞതുമായ ഈ രീതി ചെറുകിട റബർ കർഷകർക്കും ഉപയോഗപ്രദമാണ്.

പുതിയ പദ്ധതിയിലൂടെ റബർ വിൽക്കുന്നയാളിന് കുറഞ്ഞ വില നിശ്ചയിക്കാനും വാങ്ങാൻ എത്തുന്നവർക്ക് ഊഹക്കച്ചവടം നടത്താനും കഴിയും. ട്രേഡിങ്ങിന്റെ സമയം, ഡെലിവറി സമയം, സ്ഥലം എന്നിവയും വിൽക്കുന്നയാളിനു മുൻകൂട്ടി അറിയിക്കാനും കഴിയും.കമ്പനികൾക്ക് റബറിന്റെ ലഭ്യത ഉറപ്പ് വരുത്താനും കർഷകർക്ക് മികച്ച വില ലഭ്യത ഉറപ്പ് വരുത്താനും ഫോർവേർഡ്  ട്രേഡിങ് സഹായിക്കും. മികച്ച ഗുണനിലവാരമുള്ള റബർ ഉത്പാദിപ്പിക്കുന്ന ചെറുകിട കർഷകർക്കും ഇത് ഒരു മികച്ച അവസരമായിരിക്കും.

റബറിന്റെ ഫോർവേർഡ്  ട്രേഡിങ് വിജയകരമായാൽ അടുത്ത ഘട്ടത്തിൽ  കുരുമുളക്, ഏലം, കാപ്പി, കൊപ്ര  എന്നിവയുടെ അവധി വ്യാപാരത്തിലും ഫോർവേർഡ്  ട്രേഡിങ് ആരംഭിക്കുമെന്ന് എൻ എം സി ഇ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ അനിൽ മിശ്ര, ഡയറക്ടർ പോൾ ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

റബർ ഫോർവേർഡ്  ട്രേഡിങ്ങിന്റെ ഉദ്ഘാടന ചടങ്ങിൽ അനിൽ മിശ്ര, പോൾ ജോസഫ്, എൻ എം സി ഇ സി.എഫ്.ഒ നാരായൺ റായ്, സീനിയർ വൈസ് പ്രസിഡന്റ് നീരജ് ഗുപ്ത, ബ്രാഞ്ച് മാനേജർ അനീഷ് കുമാർ എന്നിവർ സംബന്ധിച്ചു.