കോട്ടയം: റബ്ബർബോർഡിന്റെ റീജിയണൽ ഓഫീസുകളും ഫീൽഡ് ഓഫീസുകളും നിർത്തലാക്കുന്നു എന്ന രീതിയിൽ ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കൂടുതൽ വാടകനിരക്കുള്ള കെട്ടിടങ്ങളിൽ നിന്ന് അവ അതതു പ്രദേശത്തു തന്നെ, കുറച്ചുകൂടി കുറഞ്ഞ വാടകയുള്ള കെട്ടിടങ്ങളിലേക്ക് മാറ്റാൻ മാത്രമാണ് ബോർഡ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതു സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ ചില പത്രവാർത്തകൾ വന്നതിനാലാണ് ബോർഡ് ഈ വിശദീകരണം നൽകുന്നത്.

റബ്ബർബോർഡിന്റെ ഭരണപരമായ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പല നടപടികളും അടുത്തിടെ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഫീസുകൾ വാടക കുറഞ്ഞ കെട്ടിടങ്ങളിലേക്ക് മാറ്റുന്നുതിനെപ്പറ്റി ഓഫീസുകൾ നിർത്തലാക്കുന്നു എന്ന രീതിയിൽ പ്രചാരണം നടത്തുന്നത് ചില തൽപരകക്ഷികൾ ആണ്. ബോർഡിന്റെ ഓഫീസുകളിലെ വൈദ്യുതി, ഫോൺ, യാത്ര എന്നിവയിലുള്ള ചെലവുകളും പരമാവധി കുറയ്ക്കാൻ നടപടി എടുത്തിട്ടുണ്ട്.

റബ്ബർബോർഡിന്റെ മുംബൈ, ഡെൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ ഗെസ്റ്റ് ഹൗസുകൾ നിർത്തലാക്കാൻ വേണ്ട ഉത്തരവ് മുൻപേ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ചെലവുകൾ പരമാവധി ചുരുക്കിക്കൊണ്ട് കൂടുതൽ കർഷകർക്ക് ധനസഹായം നൻകുന്നതിനു വേണ്ടിയാണ് ഇത്തരം നടപടികൾ ബോർഡ് സ്വീകരിച്ചിട്ടുള്ളത്.