തിരുവനന്തപുരം: അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ് എന്നു പറഞ്ഞപോലെയാണ് റബ്ബർ കർഷകരുടെ അവസ്ഥ.കനത്ത മഴ കാരണം ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ റബ്ബർ വില കുതിച്ചുയരുകയാണ്.എന്നാൽ കൈവശം റബ്ബർ ഇല്ലാത്തതിനാൽ തന്നെ ഉയർന്ന വിലയുടെ ഉപയോഗം കർഷകർക്ക് ലഭിക്കുന്നുമില്ല.തിങ്കളാഴ്ച 191 രൂപയാണ് വില. മഴ തുടർന്നാൽ ഏതാനുംദിവസത്തിനകം 200 കടക്കുമെന്നാണ് സൂചനകൾ. വെയിൽ തെളിഞ്ഞാലും അല്പം കുറയുമെന്നല്ലാതെ വലിയ തകർച്ച പ്രതീക്ഷിക്കുന്നില്ലെന്ന് വിപണി നിരീക്ഷിക്കുന്നവർ വിലയിരുത്തുന്നു.

കനത്ത മഴയിൽ ഉത്പാദനം കുറഞ്ഞപ്പോൾ വിപണിയിൽ ലഭ്യത കുറഞ്ഞു. 2. പ്രധാന റബ്ബറുത്പാദക രാജ്യങ്ങളിൽ ഓഫ്സീസണായി. അതോടെ രാജ്യാന്തരവിപണിയിലും ലഭ്യതക്കുറവുണ്ട്. 3. പ്രധാന റബ്ബർ മാർക്കറ്റായ ബാങ്കോക്കിലെ വിലയും 150 രൂപയോളമാണ്. നികുതികൾനൽകിയുള്ള ഇറക്കുമതി ലാഭകരമല്ല. 4. റബ്ബർ പാലിന് 190-195 രൂപവരെ കിട്ടുന്നതിനാൽ ഷീറ്റടിക്കാൻ ആളുകൾക്ക് താത്പര്യമില്ല. ഇതോടെ ഷീറ്റ് ദുർലഭമായി.എന്നീ നാലുകാരണങ്ങളാണ് വില ഉയരാൻ കാരണമായി പറയപ്പെടുന്നത്.

എന്നാൽ തുടർച്ചയായിപെയ്യുന്ന മഴകാരണം കർഷകരുടെ കൈയിൽ റബ്ബർ ഒട്ടുമില്ലാത്തതിനാൽ വില കൂടിയതിന്റെ ഗുണം കിട്ടുന്നില്ല.വ്യവസായികൾക്കും പ്രതിസന്ധിയുണ്ട്. ഉത്പാദനത്തിനാവശ്യമായ റബ്ബറിന് കരുതൽശേഖരം അവർ ഉപയോഗിച്ചിരുന്നു. ഇതു തിരികെയെത്തിക്കുന്നതിനൊപ്പം ഇപ്പോഴത്തെ ആവശ്യത്തിനു വാങ്ങുകയും വേണം. ഈ സാഹചര്യങ്ങളുള്ളതിനാൽ മഴമാറി വിപണിയിൽ റബ്ബർലഭ്യത കൂടിയാലും വലിയ വിലത്തകർച്ചയുണ്ടാകില്ല.ലഭ്യത കൂടുന്നതോടെ വില കുറയുമെന്നു മാത്രം.

ഉത്പാദനക്കുറവിന്റെ പേരിൽ വരുംമാസങ്ങളിൽ ബ്ലോക്കു റബ്ബറും ചണ്ടിപ്പാലും അനിയന്ത്രിതമായി ഇറക്കുമതിചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇതു വിപണിയിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് കർഷകർ കരുതിയിരിക്കണമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.