- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബറിന്റെ ഇലരോഗം: നിയന്ത്രണനടപടികൾ ആരംഭിച്ചു; വിവിധ പ്രദേശങ്ങളിൽ കർഷകയോഗങ്ങൾ
കോട്ടയം: എറണാകുളം, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിലെ റബ്ബർതോട്ടങ്ങളിൽ ഈയിടെ കാണപ്പെട്ട ത്രെഡ് ബ്ലൈറ്റ് രോഗത്തിനെതിരെ റബ്ബർബോർഡിന്റെ നേതൃത്വത്തിൽ നിയന്ത്രണനടപടികൾ ആരംഭിച്ചു. ഈ പ്രദേശങ്ങളിൽ ചെറിയ തോതിൽ രോഗബാധ കണ്ടുതുടങ്ങിയ കഴിഞ്ഞയാഴ്ചയിൽതന്നെ ഇത് റബ്ബർബോർഡ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും കർഷകർക്ക് ആവശ്യമായ നിയന്ത്രണ നടപടികൾ ഉപദേശിക്കുകയും ചെയ്തിരുന്നു. രോഗങ്ങളുടെ വിവരം അറിയിക്കുന്നതിനുവേണ്ടി റബ്ബർബോർഡ് അടുത്തയിടെ ഏർപ്പെടുത്തിയ വാട്‌സ് ആപ്പ് സൗകര്യമാണ് ഇതിനായി ബോർഡ് പ്രയോജനപ്പെടുത്തിയത്. നിയന്ത്രണനടപടികളുടെ ആദ്യഘട്ടം എന്ന നിലയ്ക്ക് റബ്ബറുത്പാദകസംഘങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രദേശങ്ങളിൽ കർഷകയോഗങ്ങൾ വിളിച്ചുചേർത്ത് റബ്ബർബോർഡിലെ വികസന ഉദ്യോഗസ്ഥരും, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരും കാര്യങ്ങൾ വിശദീകരിക്കും. തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ റബ്ബർബോർഡ് റീജിയണൽ ഓഫീസുകളുടെ കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ യോഗം മൂവാറ്
കോട്ടയം: എറണാകുളം, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിലെ റബ്ബർതോട്ടങ്ങളിൽ ഈയിടെ കാണപ്പെട്ട ത്രെഡ് ബ്ലൈറ്റ് രോഗത്തിനെതിരെ റബ്ബർബോർഡിന്റെ നേതൃത്വത്തിൽ നിയന്ത്രണനടപടികൾ ആരംഭിച്ചു. ഈ പ്രദേശങ്ങളിൽ ചെറിയ തോതിൽ രോഗബാധ കണ്ടുതുടങ്ങിയ കഴിഞ്ഞയാഴ്ചയിൽതന്നെ ഇത് റബ്ബർബോർഡ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും കർഷകർക്ക് ആവശ്യമായ നിയന്ത്രണ നടപടികൾ ഉപദേശിക്കുകയും ചെയ്തിരുന്നു. രോഗങ്ങളുടെ വിവരം അറിയിക്കുന്നതിനുവേണ്ടി റബ്ബർബോർഡ് അടുത്തയിടെ ഏർപ്പെടുത്തിയ വാട്‌സ് ആപ്പ് സൗകര്യമാണ് ഇതിനായി ബോർഡ് പ്രയോജനപ്പെടുത്തിയത്.
നിയന്ത്രണനടപടികളുടെ ആദ്യഘട്ടം എന്ന നിലയ്ക്ക് റബ്ബറുത്പാദകസംഘങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രദേശങ്ങളിൽ കർഷകയോഗങ്ങൾ വിളിച്ചുചേർത്ത് റബ്ബർബോർഡിലെ വികസന ഉദ്യോഗസ്ഥരും, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരും കാര്യങ്ങൾ വിശദീകരിക്കും.
തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ റബ്ബർബോർഡ് റീജിയണൽ ഓഫീസുകളുടെ കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ യോഗം മൂവാറ്റുപുഴ റീജിയണിലെ കല്ലൂർക്കാട് നടന്നു. 13ന് ശനിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽപെട്ട ആയവന, കുമാരമംഗലം, കോടിക്കുളം, പൈങ്ങോട്ടൂർ എന്നിവിടങ്ങളിൽ വച്ച് നടക്കും. പ്രദേശത്തെ എല്ലാ റബ്ബർകർഷകരും ഇനി നടക്കുന്ന ഏതെങ്കിലും ഒരു യോഗത്തിൽ പങ്കെടുക്കണമെന്ന് റബ്ബർബോർഡ് അഭ്യർത്ഥിച്ചു.
ത്രെഡ് ബ്ലൈറ്റു രോഗം തോട്ടങ്ങളെ മുഴുവനായി ബാധിക്കുകയോ വ്യാപകമായ നാശം വരുത്തുകയോ ചെയ്യാൻ സാധ്യതയില്ല. രോഗബാധയ്‌ക്കെതിരെ ഇപ്പോൾ മരുന്നുതളി നടത്തുന്ന സ്ഥലങ്ങളിൽ രോഗം ബാധിച്ച മരങ്ങളിലും അതിനു ചുറ്റുമുള്ള മരങ്ങളിലും മരുന്ന് തളിക്കേണ്ടതാണ്. ഇതിനാവശ്യമായ കോപ്പർ ഓക്‌സിക്ലോറൈഡ്, സ്‌പ്രേ ഓയിൽ എന്നിവ മൂവാറ്റുപുഴയിലുള്ള റബ്ബർബോർഡ് കമ്പനിയായ പെരിയാർ ലാറ്റക്‌സിൽ ലഭ്യമാക്കിയിട്ടുണ്ട്. റബ്ബറുത്പാദകസംഘങ്ങൾ ഇവ വാങ്ങി രോഗബാധയുള്ള സ്ഥലങ്ങളിൽ മരുന്ന് തളിച്ചുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും റബ്ബർബോർഡ് അറിയിച്ചു. ഇതിനുള്ള എല്ലാ സാങ്കേതിക സഹായങ്ങളും നൽകാൻ ഫീൽഡ് ഓഫീസർമാർക്ക് റബ്ബർബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴക്കാലത്തിനു മുമ്പ് മരുന്നുതളി നടത്താത്ത തോട്ടങ്ങളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. രോഗം ബാധിച്ച ഇലകൾ അതിന്റെ സാധാരണ പച്ചനിറം മാറി വിളർത്ത മഞ്ഞനിറമാകും. അടുത്തുള്ള ഇലകളിലേക്ക് രോഗം വളരെ വേഗം വ്യാപിക്കുന്നു. ഇലപ്പരപ്പിൽ കുമിളിന്റെ തന്തുക്കൾ നൂൽവണ്ണത്തിൽ വേരുപടലം പോലെയാണ് കാണപ്പെടുന്നത്. ഇലത്തണ്ടുകളിലും ചെറിയ ശിഖരങ്ങളിലും കുമിൾ വളരുന്നത് കാണാം. രോഗം വ്യാപിക്കുന്നതോടെ ഇലകൾ കരിഞ്ഞ് കൊഴിയുന്നു. ഇങ്ങനെ കൊഴിയുന്ന ഇലകൾ ഇലപ്പരപ്പിലുള്ള കുമിളിന്റെ തന്തുക്കളിൽ ഒന്നിച്ചു തൂങ്ങിക്കിടക്കുന്നത് ഈ രോഗത്തിന്റെ പ്രത്യേകതയാണ്. ഈ സവിശേഷതമൂലം ഈ സമയത്തുതന്നെ കാണപ്പെടുന്ന അകാലിക ഇലകൊഴിച്ചിൽ രോഗത്തിൽനിന്ന് ഈ രോഗത്തെ വേർതിരിച്ചറിയാം. കൂടുതലായി ഇല കൊഴിയുന്നതും കമ്പുകൾ ഉണങ്ങുന്നതും വിളനഷ്ടത്തിന് ഇടയാക്കും. ജാതി, കൊക്കോ തുടങ്ങിയ വിളകളിൽ ഈ രോഗം വ്യാപകമായിത്തന്നെ കണ്ടുവരാറുണ്ടെങ്കിലും റബ്ബറിൽ വ്യാപകമല്ല. മരുന്നുതളിയിലൂടെ നിയന്ത്രിക്കാവുന്നതായതിനാൽ കർഷകർ രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടകാര്യമില്ല.
മഴക്കാലത്തെ ഉയർന്ന ഈർപ്പം രോഗം വ്യാപിക്കുന്നതിനു കാരണമാകുന്നു. മഴ കുറയുന്നതോടെ രോഗബാധയും കുറയും. മരാസ്മിയല്ലസ് (Marasmiellus), തനേറ്റെഫോറസ് (Thanatephorus), കോർട്ടിസിയം (Corticium) എന്നീ കുമിളുകളാണ് രോഗത്തിന് കാരണമാകുന്നത്. അകാലിക ഇലകൊഴിച്ചിലിനെതിരെ തോട്ടങ്ങളിൽ ചെമ്പുകുമിൾനാശിനികൾ തളിക്കുന്നത് ഈ രോഗത്തെയും ഒരു പരിധിവരെ തടയും.
ചെമ്പുകുമിൾനാശിനികൾ മഴക്കാലത്തിനു മുൻപായി തളിക്കുന്നത് രോഗബാധ തടയാൻ സഹായിക്കും. രോഗം ബാധിച്ച തോട്ടങ്ങളിൽ കുമിൾനാശിനി തളിക്കുന്നത് രോഗം വ്യാപിക്കുന്നത് തടയുന്നതിനും കുമിളിന്റെ രേണുക്കൾ നശിപ്പിക്കുന്നതിനും സഹായകമാണ്. നഴ്‌സറികളിലും ചെറിയമരങ്ങളിലും രോഗം ബാധിച്ച കമ്പുകൾ മുറിച്ച് തീയിട്ടു നശിപ്പിക്കണം. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രമോ വെള്ളത്തിൽ കലർത്താവുന്ന കോപ്പർ ഓക്‌സിക്ലോറൈഡോ (ഫൈറ്റോലാൻ, ഫൈട്രാൻ, ബ്ലിറ്റോക്‌സ് എന്നിവയിലേതെങ്കിലും രണ്ടര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത്) നഴ്‌സറികളിൽ ഉപയോഗിക്കാം. വലിയ മരങ്ങൾക്ക് എണ്ണയിൽ കലർത്താവുന്ന കോപ്പർ ഓക്‌സിക്ലോറൈഡ് 1:5 എന്ന അനുപാതത്തിൽ സ്‌പ്രേ ഓയിലിൽ കലർത്തി മൈക്രോൺ സ്‌പ്രേയർ ഉപയോഗിച്ച് തളിക്കാം. രോഗബാധയുണ്ടായ തോട്ടങ്ങളിലും സമീപപ്രദേശങ്ങളിലുള്ള തോട്ടങ്ങളിലും വരും വർഷങ്ങളിൽ മഴക്കാലത്തിനുമുൻപായിത്തന്നെ മരുന്നു തളിക്കേണ്ടതാണ്.
രോഗകീടങ്ങളെ തിരിച്ചറിയാനായി വാട്ട്‌സ് ആപ്പ് ചിത്രങ്ങൾ അയക്കേണ്ട നമ്പർ 9496333117 ആണ്. റബ്ബർഗവേഷണകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റബ്ബർ ക്ലിനിക്കിന്റെ സേവനവും കർഷകർക്ക് ഉപയോഗപ്പെടുത്താം. http://clinic.rubberboard.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരസ്പരം ആശയവിനിമയത്തിനുതകുന്ന വിധത്തിൽ ക്ലിനിക്ക് പ്രവർത്തിക്കുന്നത്.