- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകളെയും കൂട്ടി അബുദാബിയിൽ എത്തിയ ഉമ്മ; മകന് ആഹാരം വാരിക്കൊടുക്കുന്നതിൽ തുടങ്ങിയ തർക്കം; മിണ്ടാത്തതിനെ കുറിച്ചുള്ള ചോദ്യം പ്രകോപനമായപ്പോൾ അമ്മായി അമ്മയുടെ തല നിലത്തടിച്ച് കൊന്ന് മരുമകൾ
അബുദാബി: രണ്ടു ദിവസം മിണ്ടാട്ടമില്ലാത്ത ഇരിപ്പ്. പെട്ടെന്ന് ഒരു ദിവസം ഷജന അക്രമാസക്തയായി. ചീത്ത വിളിയുമായി അമ്മായി അമ്മയ്ക്ക് നേരെ പാഞ്ഞടുത്തു. സഞ്ജുവും ഉമ്മയും നോമ്പെടുക്കുന്നുണ്ടായിരുന്നു. ഷജന നോമ്പെടുത്തുമില്ല. അതുകൊണ്ട് തന്നെ ഭാര്യയുടെ ആക്രമണത്തെ ചെറുക്കാൻ ഭർത്താവിനായില്ല. അങ്ങനെ ഭർതൃമാതാവ് മരുമകളുടെ അടിയേറ്റ് വീണു. പിന്നെ എത്തിയത് പൊലീസും. ഇവിടെ തനിച്ചാകുന്നത് സഞ്ജു മഹുമ്മദും.
അബുദാബി നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെ ഗയാത്തിയിലെ താമസ സ്ഥലത്താണ് സഞ്ജു മുഹമ്മദ് ഇപ്പോഴുള്ളത്. അമ്മയുടെ കൊലപാതകത്തിന്റെ നടുക്കുന്ന രംഗത്തിന് സാക്ഷിയായ മകൻ. അതുകൊണ്ട് തന്നെ സുഹൃത്തുക്കൾക്കു പോലും സഞ്ജുവിനെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. സഞ്ജുവിന്റെ ഭാര്യയുടെ മർദനമേറ്റ് കൊല്ലപ്പെട്ട അമ്മ റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി പിതാവിന്റെ ഖബറിടത്തിനരികിൽ സംസ്‌കരിക്കണമെന്നാണ് സഞ്ജുവിന്റെ ആഗ്രഹം. ഇന്ത്യൻ എംബസി ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.
ഗയാത്തി അൽ അൻസാരി എക്‌സ്‌ചേഞ്ചിലായിരുന്നു സഞ്ജുവിന് ജോലി. ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്ഡൽ എടമുള സ്വദേശി സഞ്ജുവിന്റെ പിതാവ് മുഹമ്മദ് നേരത്തെ മരിച്ചിരുന്നു. പിന്നീട് സഞ്ജുവിന് ആകെയുണ്ടായിരുന്നത് ഉമ്മയാണ്. ഇതിനിടെയാണ് വിവാഹം ഉറപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് നിശ്ചയം. ജനുവരി 25ന് ഓൺലൈനിലൂടെയാണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജ്‌നയെ നിക്കാഹ് ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഓൺലൈൻ വിവാഹത്തിന് ശേഷം മരുമകളുമായി സഞ്ജുവിന്റെ ഉമ്മ അബുദാബിയിൽ എത്തുകയായിരുന്നു.
ഫെബ്രുവരി 11ന് സന്ദർശക വീസയിൽ ഷജ്‌നയും റൂബിയും അബുദാബിയിൽ എത്തി. വന്നതിൽപ്പിന്നെ ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. റൂബി തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. തനിക്കും ഷജ്‌നയ്ക്കും ഉമ്മ ഭക്ഷണം വാരിത്തന്നിരുന്നു. ഭാര്യയ്ക്ക് അതിഷ്ടമായിരുന്നില്ലെന്ന് സഞ്ജു പറയുന്നു. തന്നെ പാചകം ചെയ്യാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഷജ്‌നയുടെ പരാതി. ഇതേ തുടർന്നുള്ള സൗന്ദര്യ പിണക്കാണ് വഴക്കിലേക്ക് എത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് റൂബിയുടെ മരണത്തിനിടയാക്കിയ സംഭവം. രണ്ടു ദിവസമായി ഇരുവരും സംസാരിക്കാത്തത് സംബന്ധിച്ച് സഞ്ജു ചോദിക്കുന്നതിനിടെ പ്രകോപിതയായ ഷജ്‌ന റൂബിയെ ചവിട്ടി നിലത്തിട്ടു. ബഹളംകേട്ട് അയൽപക്കത്തുള്ളവർ വാതിലിൽ തട്ടിയപ്പോൾ തുറക്കാനായി സഞ്ജു മാറിയ സമയത്ത് റൂബിയുടെ മുടിയിൽപിടിച്ച് ഷജ്‌ന തറയിൽ അടിച്ചു.
'എനിക്ക് ഇവിടെ നിൽക്കണ്ട മോനെ, എത്രയും വേഗം നാട്ടിലേക്ക് അയക്കൂ' എന്നാണ് ഉമ്മ അവസാനമായി പറഞ്ഞതെന്ന് സഞ്ജു പറഞ്ഞു. കുറച്ചുകഴിയുമ്പോഴേക്കും അബോധാവസ്ഥയിലായി. പൊലീസ് എത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്കു മാറ്റി. ഷജ്‌നയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനോട് കുറ്റസമ്മതവും നടത്തി.
ആദ്യ ഭർത്താവ് സ്ഥിരം മദ്യപനായിരുന്നുതിനാലാണ് വിവാഹമോചനം നേടിയതെന്നായിരുന്നു ഷജ്‌ന തന്നോട് നേരത്തെ പറഞ്ഞിരുന്നതെന്ന് സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കൊണ്ടുപോയി. സംഭവത്തിൽ അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ