- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിനകത്തും പുറത്തും കൂട്ടത്തല്ല്; മന്ത്രി പങ്കെടുത്ത ഐഎൻഎൽ നേതൃയോഗം പാതിവഴിയിൽ ഉപേക്ഷിച്ചു; ഏറ്റുമുട്ടിയത് മന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും; മന്ത്രിയെ പുറത്തെത്തിച്ചത് പൊലീസ് അകമ്പടിയോടെ; ഇത് നാണിപ്പിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിണറായിയുടെ കണ്ണിലെ കരടായി ഐഎൻഎൽ
കൊച്ചി: കൊച്ചിയിൽ നടന്ന ഐഎൻഎൽ നേതൃയോഗത്തിൽ കൂട്ടത്തല്ല്. അനിഷ്ട സംഭവങ്ങളെത്തുടർന്ന് യോഗം പാതിവഴിയിൽ ഉപേക്ഷിച്ചു.മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തെ സാക്ഷിയാക്കിയായിരുന്നു സംഘർഷം.മന്ത്രിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇരുവിഭാഗമായി തിരിഞ്ഞാണ് ഏറ്റുമുട്ടിയത്.
ഹാളിനകത്ത് വക്കേറ്റവും കയ്യാങ്കളിയും ആരംഭിച്ചതോടെ യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.എന്നാൽ ഒരു വിഭാഗം ഇത് അംഗീകരിക്കാൻ തയ്യാറായില്ല.ഇതോടെ പ്രവർത്തകർ തമ്മിൽ വീണ്ടും ഉന്തും തള്ളുമുണ്ടായി.സംഭവമറിഞ്ഞ് പൊലീസെത്തി പ്രവർത്തകരെ അനുനയിപ്പിച്ച് ഹാളിന് പുറത്തേക്കിറക്കി.എന്നാൽ പുറത്തെത്തിയതോടെ പ്രവർത്തകർ തമ്മിൽ വീണ്ടും കൈയാങ്കളി തുടങ്ങി.പൊലീസ് ഇടെപെട്ടാണ് വലിയ സംഘർഷത്തിലേക്ക് വഴിവെക്കാതെ സ്ഥിതി ഗതികളെ നിയന്ത്രിച്ചത്.ഇതിനിടയിൽ പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ച ചില പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സംഘർഷത്തെത്തുടർന്ന് ഹോട്ടലിൽ കുടുങ്ങിയ മന്ത്രിയെയും സഹപ്രവർത്തരെയും പൊലീസ് അകമ്പടിയോടെയാണ് പുറത്തെത്തിച്ചത്.സംഘർഷത്തിനുപുറമെ കോവിഡ് പ്രോട്ടോക്കോളിന്റെ പരസ്യമായ ലംഘനമാണ് യോഗം എന്നും ആക്ഷേപം ഉയർന്നുകഴിഞ്ഞു.യോഗങ്ങൾ എല്ലാം തന്നെ ഓൺലൈനായി തുടരുമ്പോഴാണ് ഐഎൻഎൽ ഓഫ്ളൈനായി യോഗം ചേർന്നത്.സമ്പൂർണ്ണ ലോക്ക്ഡൗൺ ദിവസം കോവിഡ് ചട്ടങ്ങൾ ലംഘിച്ച് ഐഎൻഎൽ നേതൃയോഗം നേതൃയോഗം ചേർന്നത്.യോഗം നടക്കുന്ന ഹോട്ടലിന് എതിരെ കോവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഐഎൻഎൽ പിളർപ്പിന്റെ ഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് നേതൃയോഗം ചേരുന്നത്. ഒരു വിഭാഗം പ്രവർത്തകർ തന്നെ യോഗം ചേരുന്നതിൽ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.പാർട്ടിയിൽ സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ രണ്ട് വിഭാഗങ്ങൾ പരസ്യപ്പോര് തുടരുകയാണ്. സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവർകോവിലും ചേർന്ന് പാർട്ടി ഹൈജാക്ക് ചെയ്യുന്നുവെന്നാണ് പ്രസിഡന്റ് അബ്ദുൾ വഹാബിന്റെ ആക്ഷേപം. മന്ത്രിയുടെ പേഴ്സൽ സ്റ്റാഫ് നിയമനം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്നും ആരോപണമുണ്ട്.
രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചതു മുതൽ ഐ.എൻ.എല്ലിൽ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. പി.എസ്.സി. അംഗത്വം വിൽപനയ്ക്കു വെച്ചു എന്ന ആരോപണം കൂടി ഉയർന്നതോടെ പ്രശ്നം ഗുരുതരമാവുകയായിരുന്നു.ഐഎൻഎല്ലിൽ ആഭ്യന്തരകലഹം മുർച്ഛിച്ചതിനെത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഇരുവരെയും വിളിച്ച് താക്കീതു ചെയ്തത് രണ്ടാഴ്ച മുമ്പായിരുന്നു. വിവാദമുയർത്തിയ പഴ്സനൽ സ്റ്റാഫ് നിയമനത്തിനു പരിഹാരമായി സിപിഎം പ്രതിനിധികളെ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
അതിനുപുറമെയാണ് പ്രതിസന്ധി രൂക്ഷമാക്കി എ.പി.അബ്ദുൽ വഹാബ് അംഗങ്ങൾക്ക് അയച്ച ശബ്ദസന്ദേശം പ്രചരിച്ചത്.പ്രശ്നം ചർച്ചചെയ്യുന്നതിന് യോഗം ജനറൽ സെക്രട്ടറി വിളിച്ചുചേർക്കുന്നില്ലെങ്കിൽ ഭരണഘടനാപ്രകാരം തനിക്ക് അതിന് അധികാരമുണ്ടെന്നും താനതിനു തയാറാകുവെന്നും മുന്നറിയിപ്പു നൽകുന്നതായിരുന്നു എ.പി.അബ്ദുൽ വഹാബ് അംഗങ്ങൾക്ക് അയച്ച ശബ്ദസന്ദേശം
അതേസമയം സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബിന്റെ നീക്കം വിഷയം സങ്കീർണമാക്കാനാണെന്നും ഇതു ദുരപദിഷ്ടമാണെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കിയിരുന്നു. ഇതു പാർട്ടിക്കു ഗുണം ചെയ്യില്ലെന്നും പാർട്ടി പ്രവർത്തകരുടെ വാട്സാപ് ഗ്രൂപ്പിൽ അബ്ദുൽ വഹാബിനു മറുപടിയായി അയച്ച ശബ്ദസന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ