കുടിയേറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളെടുക്കുമെന്നതായിരുന്നു ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. എന്നാൽ, അതിത്രയും വാശിയോടെ ട്രംപ് നടപ്പാക്കുമെന്ന് ആരും കരുതിയില്ല. ലോകത്ത് വിദേശപൗരന്മാർക്ക് ജോലിചെയ്യാൻ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമാക്കി അമേരിക്കയെ മാറ്റിയിരിക്കുകയാണ് പ്രസിഡന്റ്. പുതിയതായി കൊണ്ടുവന്ന നാടുകടത്തൽ നിയമങ്ങൾ അത്രത്തോളം അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ട്രാഫിക് സിഗ്നൽ തെറ്റിക്കുന്നതിന് അറസ്റ്റിലായാൽപ്പോലും നാടുകടത്താവുന്ന തരത്തിലേക്കാണ് നിയമങ്ങൾ കർക്കശമാക്കിയിരിക്കുന്നത്. രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെപ്പോലെയാകും നിസ്സാര കുറ്റങ്ങൾക്കുപോലും ചാർജ് ചെയ്യപ്പെടുന്നവരെയു പരിഗണിക്കുക. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ജോൺ കെല്ലി ഒപ്പുവച്ച് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ നിയമങ്ങളിലാണ് ഇതുള്ളത്.

ഒബാമയുടെ ഭരണകാലത്തും കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് നിയമങ്ങളുണ്ടായിരുന്നു. എന്നാൽ, അന്ന് ഗൗരവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മാത്രമായിരുന്നു നാടുകടത്തൽ ഭീഷണിയുണ്ടായിരുന്നത്. ട്രംപ് അത് ട്രാഫിക് സിഗ്നൽ തെറ്റിക്കുന്നതുൾപ്പെടെയുള്ള നിസ്സാര കുറ്റങ്ങൾക്കുകൂടി ബാധകമാക്കിയിരിക്കുകയാണ്. ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നിപ്പിക്കുന്നവരെ മാത്രമാണ് മുമ്പ് നാടുകടത്തിയിരുന്നതെങ്കിൽ, ഇപ്പോൾ ആരെ വേണമെങ്കിലും നാടുകടത്താമെന്ന നിലയിലേക്ക് നിയമങ്ങൾ കർശനമാക്കി.

അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കും നടുവിൽ മതിൽ കെട്ടുമെന്ന ട്രംപിന്റെ വാഗ്ദാനം പാലിക്കാനുള്ള ശ്രമങ്ങളും പുതിയ ചട്ടങ്ങളിലുണ്ട്. മതിൽനിർമ്മാണത്തിന്റെ ചെലവിനെക്കുറിച്ചും അതെങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ചും ആലോചിക്കാൻ പുതിയ നിർദേശത്തിൽ പറയുന്നു. നേരത്തെ മുസ്ലിം കുടിയേറ്റം തടയുന്നതിന് ഏഴ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസ നിഷേധിച്ച നടപടി ട്രംപിനെതിരെ കടുത്ത വിമർശനമുയർത്തിയിരുന്നു. പുതിയ തീരുമാനങ്ങൾ കൂടുതൽ വിമർശനവിധേയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെക്‌സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിനാണ് പുതിയ നിയമനിർദേശങ്ങൾ ലക്ഷ്യമിടുന്നതെങ്കിലും എല്ലാ കുടിയേറ്റക്കാരുടെയും അമേരിക്കൻ ജീവിതം കൂടുതൽ സമ്മർദം നിറഞ്ഞതാക്കുന്നതാണിത്. ചെറിയ കുറ്റങ്ങൾക്കുപോലും പിടിക്കപ്പെടുന്നവർക്ക് അമേരിക്കയിൽ തുടരാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തിലാണ് ഹോംലാൻഡ് സെക്യൂരിറ്റി പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.