- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതിയെ പുച്ഛിക്കുന്നവർക്ക് കണ്ണുതുറക്കാൻ ഇതാ ഒരു കാഴ്ച്ച; 40 വർഷം മുൻപ് ചെമ്പ് ഖനിക്കായി കുടിയൊഴിപ്പിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ അവശേഷിപ്പുകളാണിത്; ഇനി വിഷമാലിന്യത്തിൽ മുങ്ങാൻ ഈ പള്ളിയുടെ കുരിശ് മാത്രം
കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വ്യഥ ഭരണകൂടങ്ങൾക്ക് മനസ്സിലാകില്ല. അല്ലെങ്കിൽ അവർ അത് അറിഞ്ഞില്ലെന്ന് വയ്ക്കും. കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവുമെങ്കിലും പ്രകൃതിക്ക് ഏൽക്കുന്ന ക്ഷതം മാറ്റാൻ ഒരുകാലത്തും ആകില്ല. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് രാജ്യത്ത് വികസനം കൊണ്ടുവരാൻ റൊമാനിയയിലെ ഒരു ഗ്രാമം മുഴുവൻ ബലമായി ഒഴിപ്പിച്ചു. ഇന്നവിടം മുഴുവൻ വിഷം കലർന്ന ചെളിയിൽ മുങ്ങിയിരിക്കുകയാണ്. ആരൊക്കെയോ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഭാരം താങ്ങാൻ വിധിക്കപ്പെടുന്ന പാവപ്പെട്ടവരെയും കാത്ത് ഗ്രാമത്തിലെ പള്ളിയുടെ കുരിശ് മാത്രം ചെളിക്കടലിനു മുകളിൽ തല ഉയർത്തി നിൽക്കുന്നു.
പടിഞ്ഞാറൻ റുമേനിയയിലെ ഗീമാന എന്ന ഗ്രാമത്തിനാണ് ഈ ദുർഗതി വന്നത്. സമീപത്തുള്ള ചെമ്പ് ഖനിയുടെ വികസനത്തിനായിട്ടായിരുന്നു 1978-ൽ ഈ ഗ്രാമത്തെ മുഴുവൻ കുടിയൊഴിപ്പിച്ചത്. ഖനിയിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം ശേഖരിക്കുവാനുള്ള ഒരിടമായി ഇവിടം അന്നുമുതൽ മാറി. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുവാൻ ലോക രാജ്യങ്ങളിലെല്ലാം പരിശ്രമങ്ങൾ നടക്കുമ്പോഴാണ് ഏകദേശം 400 കുടുംബങ്ങളോളം സ്വസ്ഥമായി ജീവിച്ചു പോന്നിരുന്ന ഈ ഗ്രാമത്തിന്റെ ചിത്രം പുറത്തുവരുന്നത്.
വവിദ്യമാർന്ന നിറങ്ങളിൽ വൈവിധ്യമാർന്ന രേഖാചിത്രങ്ങൾ വരച്ച് ഈ വിഷമാലിന്യം വർഷം തോറും മൂന്നടി ഉയരത്തിൽ ഉയർന്ന് വരികയാണ്. ഇതോടെ ഒരുകാലത്ത് ജീവൻ തുടിച്ചുനിന്ന ഗ്രാമത്തിലെ മിക്ക കെട്ടിടങ്ങളും ഈ മലിനജലത്തിനടിയിലായി. പാറിനടന്ന പൂമ്പാറ്റകളും പിച്ചവെച്ചു നടന്ന കാലടികളുമൊക്കെ വെറുമൊരു ഓർമ്മയായി മാറി.1977-ൽ അന്നത്തെ കമ്മ്യുണിസ്റ്റ് ഏകാധിപതിയായിരുന്ന നിക്കോളെ സീസോവാണ് ഈ റോസിയ പോയിനെയ് എന്ന വൻ ഖനി പണിയുനാൻ വേണ്ടി ഇവിടത്തെ ജനങ്ങളെ നിർബന്ധപൂർവ്വം ഒഴിപ്പിച്ചത്.
ഒഴിയേണ്ടി വന്നവർക്ക് അന്ന് നൽകിയത് 2020 അമേരിക്കൻ ഡോളറായിരുന്നു, ഏകദേശം ഒന്നരലക്ഷം ഇന്ത്യൻ രൂപ. ഇവിടെ നിന്നു ഒഴിയാൻ നിർബന്ധിതരായവരിൽ പലരും തലമുറകളായി ഇവിടെ താമസിച്ചു വന്നവരായിരുന്നു. ഏറ്റെടുത്ത് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇവിടം മലിനജലത്തിനടിയിലായി. അതിന്റെ പ്രഭവകാലത്ത് ഈ ഖനി പ്രതിവർഷം 11,000 ടൺ ചെമ്പാണ് ഉദ്പാദിപ്പിച്ചിരുന്നത്. റോമേനിയയിലെ ഏറ്റവും വലിയ ഖനി കൂടിയായിരുന്നു ഇത്.
കുടിയൊഴിപ്പിക്കപ്പെട്ടവരിൽ പലരും ചിന്തിച്ചിരുന്നത് ഇവിടെനിന്നും ഒഴിപ്പിക്കപ്പെട്ടാൽ തങ്ങളുടെ ജീവിതം സൗകര്യപൂർവ്വമാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു.ഗ്രാമത്തിൽ നിന്നും അധികം ദൂരെയല്ലാതെ മാറ്റി താമസിപ്പിക്കും എന്നായിരുന്നു വാഗ്ദാനമെങ്കിലും നൂറ്യുകിലോമീറ്ററോളം അകലേക്കാണ് ഇവരെ മാറ്റിത്താമസിപ്പിച്ചത്. തങ്ങളുടെ പൂർവ്വികർ ഉറങ്ങുന്ന കല്ലറകൾ മാറ്റിസ്ഥാപിക്കുമെന്ന വാഗ്ദാനം ഒരിക്കലും നടന്നതുമില്ല. ഇതോടെ ഗ്രാമീണർ പ്രക്ഷോഭത്തിനിറങ്ങിയെങ്കിലും കമ്മ്യുണിസ്റ്റ് ഏകാധിപത്യ ഭരണകൂടം അത് അടിച്ചമർത്തുകയായിരുന്നു.
പിറന്ന നാടുവിട്ട് പോകേണ്ടിവന്ന ഹതഭാഗ്യരുടെ മുൻ തലമുറക്കാർ ഇന്നുംമാലിന്യജലത്തിനടിയിൽ അന്ത്യവിശ്രമം കൊള്ളുകയാണ്. ചെമ്പ് ഖനന പ്രക്രിയയിൽ പ്രധാനമായും ഉപയോഗിക്കുന്ന സൈയനൈഡ് ഉൾപ്പടെയുള്ള വിഷാംശങ്ങളാണ് ഈ മലിനജലത്തിലുള്ളത്. ഇത് സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചാൽ അതിന്റെ അനന്തരഫലം പ്രവചിക്കാനാകാത്തതാണ്. വികലമായ വികസന സങ്കല്പത്തിന്റെ പ്രതീകമായി ഈ മലിന ജല തടാകം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു എന്നാണ് ഇവിടം എല്ലാവർഷവും സന്ദർശിച്ച് ചിത്രങ്ങൾ എടുക്കാറുള്ള റൊമേനിയൻ ഫോട്ടോഗ്രാഫർ കിസ്ത്യൻ ലിപോവൻ പറയുന്നത്.
ഇന്നത് ഈ പ്രേതഗ്രാമത്തെ മാത്രമല്ല, സമീപ പ്രദേശങ്ങളിലെ മറ്റു ഗ്രാമങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മനോവിഭ്രാന്തി ജനിപ്പിക്കുന്ന വിചിത്രങ്ങളായ നിറകൂട്ടുകൾ കളം വരച്ച തടാകം അന്തരീഷത്തിലും വിഭ്രാന്തി ജനിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു കമ്മ്യുണിസ്റ്റ് ഏകാധിപതിയുടെ ബുദ്ധിശൂന്യമായ വികസന പദ്ധതി ഇന്ന് ആപുസേനി മലനിരകളിൽ ഒരുപാരിസ്ഥിതിക ബോംബ് സൃഷ്ടിച്ചിരിക്കുകയാണെന്നും ലിപോവൻ പറയുന്നു.
മറുനാടന് ഡെസ്ക്