ഗുരുവായൂർ: ഗുരുവായൂരിൽ മലയാളിയെ വിവാഹം ചെയ്ത് താമസിക്കുകയായിരുന്ന റുമാനിയൻ സ്വദേശിനിയായ യുവതി ഫ്‌ലാറ്റിൽ നിന്നു ചാടി മരിച്ചു. ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിനു സമീപമാണ് സംഭവം. റുമാനിയൻ സ്വദേശിനിയായ റോബർട്ടീനയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് മാണിക്കത്ത്പടി സ്വദേശി ഹരിഹരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ഗുരുവായൂർ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

നാലു മാസമായി റോബർട്ടീനയും ഹരിഹരനും മമ്മിയൂരിൽ താമസിച്ചു വരുകയായിരുന്നു. ഇയാളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി വരുന്നു.