കൊച്ചി: എസ്‌ബിഐ പേയ്‌മെന്റ്‌സുമായി സഹകരിച്ച് നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ വ്യാപാരികൾക്കായി 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരിപ്പിക്കുന്നു. നൂതനമായ ഈ സംവിധാനത്തിലൂടെ റീട്ടെയിൽ വ്യാപാരികൾക്ക് എൻഎഫ്‌സി സാധ്യമായ അവരുടെ സ്മാർട്ട്‌ഫോണുകളെ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകളാക്കി മാറ്റാനാകും. വ്യാപാരികൾക്ക് ഇതുവഴി ലളിതമായ ഒരു ടാപ്പിലൂടെ 5000 രൂപവരെയുള്ള ഇടപാടുകൾ സ്മാർട്ട്‌ഫോണുകളിലൂടെ നടത്താനാകും.

വ്യാപാരികൾക്ക് വളരെ ചെലവു കുറഞ്ഞ സൗകര്യങ്ങളിലൂടെ റൂപെ സോഫ്റ്റ് പിഒഎസ് സംവിധാനം ഏർപ്പെടുത്താം.എംഎസ്എംഇകൾക്കിടയിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കുന്നതിന് ഇത് വഴിയൊരുക്കും. ആപ്പ് ഡൗൺലോഡ് ചെയ്തുകൊണ്ട് വ്യാപാരികൾക്ക് അവരുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ പേയ്‌മെന്റ്ടെർമിനലാക്കി മാറ്റാം. ചെറുകിട-ഇടത്തരം വ്യാപാരികളുടെ ഇടപാടുകളിൽ ഇത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തും.നേരിട്ടുള്ള പണമിടപാടിൽ നിന്നും സുരക്ഷിതമായ സ്പർശന രഹിതമായ ഡിജിറ്റൽ പേയ്‌മെന്റിലേക്ക് മാറാൻ പ്രോൽസാഹനമാകും.

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ദൗത്യത്തെ പിന്തുണയ്ക്കാനായാണ് എസ്‌ബിഐ പേയ്‌മെന്റ് എൻപിസിഐയുമായി സഹകരിക്കുന്നതെന്നും ഡിജിറ്റൽ ഇടപാടുകൾ ഗ്രാമീണ മേഖലകളിലേക്കും അർധ നഗരങ്ങളിലേക്കും ഇതുവഴി വ്യാപിക്കുമെന്നും ഉപഭോക്താക്കളുടെ അനുഭവം വർധിപ്പിക്കുന്നതിനായി എൻസിഎംസി കാർഡുകൾ കൂടി ടെർമിനലുകളുമായി സംയോജിപ്പിക്കുന്നുണ്ടെന്നും ഒരു ടാപ്പിലൂടെ 5000 രൂപവരെ ഇടപാടിന് ആർബിഐ അനുമതിയുണ്ടെന്നും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ വ്യാപാരികൾക്ക് പ്രത്യേക പരിഗണനയുണ്ടെന്നും എസ്‌ബിഐ പേയ്‌മെന്റ്‌സ് എംഡിയും സിഇഒയുമായ ഗിരി കുമാർ നായർ പറഞ്ഞു.

റൂപെ സോഫ്റ്റ് പിഒഎസ് അവതരിപ്പിക്കാനായി എസ്‌ബിഐയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ എംഎസ്എംഇകൾക്ക് നൂതനമായൊരു പേയ്‌മെന്റ് സംവിധാനമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരികളെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യവസ്ഥയിലേക്ക് എത്തിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്ത് തലങ്ങും വിലങ്ങുമുള്ള വ്യാപാരികളെ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ശരിയാ ദിശയാണ് റൂപെ സോഫ്റ്റ് പിഒഎസ് എന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും എൻപിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു.