മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സെൻസെക്സ് 792.17 പോയന്റ് താഴ്ന്ന് 34,376.99ലും നിഫ്റ്റി 282.80 പോയന്റ് നഷ്ടത്തിൽ 10,316.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും കൂപ്പുകുത്തിയത്. എക്‌സൈസ് ഡ്യൂട്ടി ഇനത്തിൽ 1.50 രൂപമാത്രമാണ് സർക്കാർ കുറച്ചത്. ബാക്കിയുള്ള ഒരു രൂപ എണ്ണക്കമ്പനികൾ കുറയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെതുടർന്നാണ് ഈ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞത്.

യുഎസ് ട്രഷറി ആദായം ഏഴ് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതും ആഗോള വ്യാപകരമായി വിപണികളെ ബാധിച്ചു. ഇൻഫോസിസ്, ടൈറ്റൻ കമ്പനി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.എ്ച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി, ഒഎൻജിസി, ഗെയിൽ, റിലയൻസ്, എസ്‌ബിഐ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്.

രൂപയുടെ വിനിമയ മൂല്യം ഡോളറിന് 74 രൂപയ്ക്കടുത്തേക്കു താഴുകയും രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 86 ഡോളറിലേക്ക് ഉയരുകയും ചെയ്തത് വിപണിയെ സ്വാധീനിച്ചു.എല്ലാ രംഗങ്ങളിലുമുള്ള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 7% താഴ്ന്നു. ഹീറോ മോട്ടോ കോർപ് 5.45%, ടിസിഎസ് 4.54%, അദാനി പോർട്‌സ് 4.17%, ഒഎൻജിസി 3.74% എന്നിങ്ങനെ ഇടിവ് നേരിട്ടു. ചന്ദ കൊച്ചാറിന്റെ രാജിവാർത്ത വന്നതോടെ ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില കുതിച്ചു. 4% വർധനയാണുണ്ടായത്. ഡോളർ വിനിമയത്തിൽ രൂപയുടെ മൂല്യം 73.58ലാണ് ഇന്നലെ അവസാനിച്ചത്. മുൻദിനത്തെക്കാൾ 24 പൈസ ഇടിവ്.