ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം 2017 ഫെബ്രുവരിക്കുശേഷം ഇതാദ്യമായി 67ന് താഴേയ്ക്കു പതിച്ചു. ഈ നിലയ്ക്കുപോയാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപയിലേയ്ക്കുതാഴുമെന്നും പ്രമുഖർ വിലയിരുത്തുന്നു. ഇതോടെ രാജ്യത്തെ സാമ്പത്തിക സ്ഥിതി ആശങ്കയിലേക്ക് കടക്കുകയാണ്. ക്രൂഡ് ഓയിൽ വില ഇനിയും ഉയരും. ഇതോടെ വലിയ വില വർദ്ദനവിന് രാജ്യം സാക്ഷിയാകും. ഈ സാഹചര്യത്തിൽ ശ്രീശ്രീ രവിശങ്കറിന്റെ 2014ലെ ട്വീറ്റ് വീണ്ടും ചർച്ചയാക്കുകയാണ് ബിജെപി വിരുദ്ധർ.

മോദി അധികാരത്തിലെത്തിയാൽ ഇന്ത്യൻ രൂപയുടെ മൂല്യം 40ആകുമെന്നായിരുന്നു രവിശങ്കറിന്റെ പ്രവചനം. മോദി സർക്കാരിനെ അധികാരത്തിലെത്തിക്കാൻ പരസ്യമായി പ്രവർത്തിച്ച ആത്മീയ ആചാര്യനാണ് രവിശങ്കർ. അതുകൊണ്ട് തന്നെയാണ് വിമർശകർ 2014ലെ ട്വീറ്റ് വീണ്ടും ചർച്ചയാക്കുന്നത്. കർണ്ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്. ദിനംപ്രതി രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമാണുള്ളത്. മുൻദിവസത്തെ ക്ലോസിങ് നിലവാരമായ 67.28ൽനിന്ന് ഇന്നലെ രാവിലെത്തെ വ്യാപാരത്തിൽ മൂല്യം 67.36ആയി താഴ്ന്നു. ഡോളറിനെതിരെ 0.12 ശതമാനമാണ് ഇന്നലെ മാത്രമുണ്ടായ ഇടിവ്. രാജ്യത്തെ സാമ്പത്തിക അസ്ഥിരാവസ്ഥയും ഇതിന് കാരണമായി വിലയിരുത്തുന്നുണ്ട്.

സീ ടിവിയിൽ വന്ന ലിങ്ക് ഷെയർ ചെയ്തായിരുന്നു രൂപയുടെ മൂല്യം 40 ഡോളറാകുമെന്നതിൽ ശ്രീ ശ്രീ രവിശങ്കർ സന്തോഷ പ്രകടനം നടത്തിയത്. ഏത് ഏറെ ചർച്ചയാവുകയും ചെയ്തു. ആ സന്തോഷം ഇപ്പോഴുണ്ടോ എന്ന ചോദ്യമാണ് ശ്രീ ശ്രീ രവിശങ്കറോട് സോഷ്യൽ മീഡിയ ഉയർത്താൻ തുടങ്ങുന്നത്. മോദി സർക്കാരിന് കീഴിൽ എണ്ണ വില കുതിച്ചുയർന്നു. രൂപയുടെ മൂല്യം ഇടിഞ്ഞു താഴ്ന്നു. ഇതാണ് അച്ഛാ ദിൻ തുടങ്ങിയ ചോദ്യങ്ങളാണ് സജീവമാകുന്നത്. മോദി ഭരണത്തിൽ ഇപ്പോഴും പഴയ പ്രതീക്ഷ ശ്രീ ശ്രീ രവിശങ്കറിനുണ്ടോ എന്നതാണ് ഉയർത്തുന്ന ചോദ്യം. ബിജെപി സർക്കാരിന് വേണ്ടി അയോധ്യാ പ്രശ്‌നങ്ങളിൽ ഉൾപ്പെടെ ഇടപെടൽ ശ്രീ ശ്രീ രവിശങ്കർ ഇപ്പോഴും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രൂപയുടെ മൂല്യ തകർച്ചയിൽ ചർച്ചകൾ പുതിയ തലത്തിലെത്തുന്നത്.

രൂപയുടെ മൂല്യം ഇടിയുമ്പോൾ ഐടി സേവനങ്ങൾ വിദേശ രാജ്യത്തേക്കു കയറ്റിയയയ്ക്കുന്ന ടെക് കമ്പനികളുടെ ലാഭം വർധിക്കുന്ന സാഹചര്യമുണ്ടാകും. വൻതോതിൽ വിദേശത്തേക്കു മരുന്നു കയറ്റി അയയ്ക്കുന്ന ഫാർമാ കമ്പനികളും രൂപയുടെ മൂല്യം കുറഞ്ഞാൽ നേട്ടമുണ്ടാക്കും. നാട്ടിലേക്കു പണമയ്ക്കുന്ന പ്രവാസികൾക്കും രൂപയുടെ മൂല്യത്തകർച്ച നേട്ടമാണ്. അതുകൊണ്ട് തന്നെ പ്രവാസികൾ തങ്ങളുടെ സമ്പാദ്യം ഈ അവസരത്തിൽ നാട്ടിലേക്ക് അയക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ വിദേശരാജ്യങ്ങളിലെ പഠനം, വിനോദയാത്ര എന്നിവയുടെ ചെലവും രൂപ തളർന്നാൽ കൂടും. അങ്ങനെ പ്രവാസികൾക്ക് മാത്രം ആശ്വാസമാകുന്ന തരത്തിലാണ് ഇന്ത്യൻ രൂപയുടെ വില തകർച്ചയുടെ പോക്ക്.

അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ മൂല്യത്തെ കാര്യമായി പിടിച്ചുലച്ചത്. രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ക്രൂഡ് വിലവർധന കാര്യമായിതന്നെ ബാധിച്ചു. ഏപ്രിൽ മുതലുള്ള കണക്കുപരിശോധിക്കുമ്പോൾ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി-ഡെറ്റ് വിപണികളിൽനിന്ന് പിൻവാങ്ങുന്നതാണ് കാണുന്നത്. ഏപ്രിൽ മുതൽ ഇതുവരെ 3.85 ബില്യൺ ഡോളറിന്റെ ഓഹരി-ഡെറ്റ നിക്ഷേപം വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞു. വിപണിയുടെ അസ്ഥിരതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്നാണ് വിലയിരുത്തൽ.

രൂപയ്ക്കെതിരെ ഡോളറിന്റെ മൂല്യമുയരുന്നത് രാജ്യത്തെ ഇറക്കുമതിയെ കാര്യമായി ബാധിക്കും. രാജ്യത്തിന് അത്യാവശ്യമുള്ള, അസംസ്‌കൃത എണ്ണ പോലുള്ളവയുടെ ഇറക്കുമതി വെട്ടിച്ചുരുക്കാനാവില്ല. ഇതുമൂല്യം രാജ്യത്തെ ധനക്കമ്മി വർധിക്കാനിടയാക്കും. രൂപയുടെ മൂല്യമിടയുന്നതോടെ സ്വാഭാവികമായും എണ്ണവില ഉയരുകയും ഗതാഗത ചെലവ് വർധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ വിലയും ഉയരും. രാജ്യത്തെ പണപ്പെരുപ്പതോത് വീണ്ടും കൂടും. ഇറക്കുമതിയെ ആശ്രയിച്ചുകഴിയുന്ന വ്യവസായങ്ങളെയും വ്യാപാരങ്ങളെയും കാര്യമായിതന്നെ പ്രതിസന്ധി ബാധിക്കും.