ദുബായ്: ഇന്ത്യൻ രൂപക്ക് റെക്കാർഡ് മൂല്യത്തകർച്ച നേരിടുമ്പോൾ അത് നേട്ടമാവുന്നത് കയറ്റുമതിക്കാർക്കും ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും. മൂല്യമിടിയുന്ന പ്രവണത വർധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്. ഇന്ന് രാവിലത്തെ നിരക്കെടുത്താൽ ഒരു ഡോളറിന് 80.01 രൂപയായിരുന്നു വിനിമയ നിരക്ക്.

രൂപയുടെ യു.എസ് ഡോളറുമായുള്ള മൂല്യമിടിയുമ്പോൾ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള കറൻസികൾക്കും മൂല്യം വർധിക്കുമെന്നതാണ് പ്രവാസികൾക്ക് സന്തോഷത്തിന് വകനൽകുന്നത്.

യൂറോ-81.04
ബ്രിട്ടീഷ് പൗണ്ട്-95.51
കനേഡിൻ ഡോളർ-61.64
യു.എ.ഇ ദിർഹം-21.77
ബഹ്റൈൻ ദിനാർ-212.62
ഖത്തർ റിയാൽ-21.96
സഊദി റിയാൽ-21.32
ഒമാൻ റിയാൽ-207.92
കുവൈത്ത് ദിനാർ-259.66

കേരളത്തെ സംബന്ധിച്ചിടത്തോളം ഗൾഫ് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തേക്കു കൂടുതൽ പണമെത്തുമെന്നത് വലിയ നേട്ടമാണ്. വിദേശ നിക്ഷേപങ്ങൾ പിൻവലിയുന്നതും ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നതും ഡോളർ സൂചിക ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. നിക്ഷേപകർ ഡോളർ സൂക്ഷിക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നതാണ് ഡോളർ സൂചിക ഉയരാൻ ഇടയാക്കുന്നത്. ഈ വർഷം ഇതുവരെയുള്ള കണക്കെടുത്താൽ യു.എസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപക്ക് ഏഴു ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഇതേ സ്ഥിതി തുടർന്നാൽ രൂപ അധികം വൈകാതെ 82 രൂപയിലേക്കു കൂപ്പുകുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നത് വിദേശ വായ്പകൾ തിരിച്ചടക്കുന്നതിൽ കേന്ദ്ര സർക്കാരിന് തലവേദന സൃഷ്ടിക്കും. ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും രൂപയുടെ മൂല്യമിടിയുന്നത് വൻ സാമ്പത്തിക ബാധ്യതയാവും സൃഷ്ടിക്കുക. വില ഇടിയുന്നതിനനുസരിച്ച് തിരിച്ചടക്കേണ്ട തുക വർധിക്കുന്നതിനാലാണിത്. പല ആവശ്യങ്ങൾക്കുമായി ഡോളർ കൈവശം വെക്കേണ്ട കമ്പനികൾക്കും വ്യക്തികൾക്കുമെല്ലാം ഇടിവ് വലിയ ആഘാതമാണ് ഉണ്ടാക്കുക.

ജൂലൈ ആദ്യ വാരത്തിൽ റെക്കോർഡ് ഇടിവ് രൂപക്ക് സംഭവിച്ചിരുന്നു. ഒരു ഡോളറിന് 79.37 രൂപ നിലവാരത്തിലാണ് ജൂലൈ ഏഴിന് രൂപ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത് ആദ്യമായിരുന്നു. ഇന്ന് എൺപതു കടന്നു. ഇന്ത്യൻ ഓഹരി സൂചികകൾ അന്ന് നേട്ടത്തിൽ തുടങ്ങിയെങ്കിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രൂപയുടെ മൂല്യം ഇടിയുന്ന പ്രവണതയാണ് കാണുന്നത്. 2022 ജനുവരി 12ന് ഒരു ഡോളറിന് 73.77 ആയിരുന്നു. മാർച്ച് എട്ടിന് 76.98ൽ എത്തിയിരുന്നു. അന്ന് ഉക്രൈൻ യുദ്ധവും ക്രൂഡ് ഓയൽ വിലയിലെ വർധനവുമായിരുന്നു രൂപക്ക് വിനയായത്.

വ്യാപാര കമ്മി കുത്തനെ കൂടുന്നതും രൂപക്ക് തിരിച്ചടിയാവുന്നുണ്ട്. സർക്കാരിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 25.63 ബില്യൺ ഡോളറായി ഉയർന്നു. രാജ്യത്തിന്റെ ചരക്ക് കയറ്റുമതി ജൂണിൽ 16.78 ശതമാനം ഉയർന്ന് 37.94 ബില്യൺ ഡോളറിലെത്തിയിരുന്നു. അതേസമയം ഇറക്കുമതി 51 ശതമാനം വർധിച്ച് 63.58 ബില്യൺ ഡോളറിലെത്തി. 2021 മെയ് മാസത്തിൽ വ്യാപാര കമ്മി 6.53 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022 ആയപ്പോൾ 24.29 ബില്യൺ ഡോളറായി.

മേയിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയർന്ന് 38.94 ബില്യൺ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 62.83 ശതമാനം വർധിച്ചത് രൂപയുടെ മൂല്യം ഇടിയുമ്പോൾ വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുക. ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനമാണ് രൂപയുടേതെങ്കിലും കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ ഇതേക്കുറിച്ച് കുറച്ചു മുൻപ് പ്രതികരിച്ചത് മറ്റ് കറൻസികളെ ബാധിച്ചത്ര രൂപയെ ആഗോള സാഹചര്യങ്ങൾ ഏശിയിട്ടില്ലെന്നായിരുന്നു.

ഈ സാഹചര്യം ഐ.ടി കമ്പനികൾക്കും മരുന്നു കമ്പനികൾക്കും നേട്ടമാവും. രൂപയുടെ മൂല്യമിടിവിൽ കേന്ദ്ര സർക്കാരും ഇറക്കുമതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമെല്ലാം വൻ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ഇത് നേട്ടമാവുക പ്രധാനമായും രാജ്യത്ത് പ്രവർത്തിക്കുന്ന ഐ.ടി കമ്പനികൾക്കായിരിക്കും. തങ്ങളുടെ സർവിസിന് കൂടുതൽ രൂപ ലഭിക്കുമെന്നതുതന്നെ കാരണം. ഇന്ത്യൻ ഐ.ടി മേഖലയുടെ വരുമാനത്തിന്റെ അറുപത് ശതമാനത്തോളം എത്തുന്നത് യു.എസിൽ നിന്നാണ്. ഇത് കമ്പനികളുടെ ലാഭത്തിൽ വലിയ വർധനക്കും ഇടയാക്കും.

രാജ്യത്ത് പ്രവർത്തിക്കുന്ന ഫാർമ കമ്പനികൾക്കും മൂല്യമിടിയുന്നത് അനുഗ്രഹമാണ്. മരുന്ന് ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിയിലൂടെയാണ് കമ്പനികൾക്ക് കൂടുതൽ ലാഭം നേടാൻ അവസരം ലഭിക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ സാമ്പത്തിക പാദത്തിൽ ഇന്ത്യൻ ഫാർമ കമ്പനികൾ കയറ്റുമതി ചെയ്ത അസംസ്‌കൃത വസ്തുക്കളിൽ വലിയൊരു ഭാഗവും ചെന്നെത്തിയത് യു.എസിലേക്കായിരുന്നു. നാലു മുതൽ അഞ്ചു ബില്യൺവരെയാണ് ഇന്ത്യയുടെ ഒരു വർഷത്തെ ഈ രംഗത്തെ കയറ്റുമതി.