ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഡോളറിനെതിരെ 77.44 നിലവാരത്തിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്. അതായത് ഒരു ഡോളർ ലഭിക്കാൻ 77.44 രൂപ നൽകേണ്ട സ്ഥിതി. ചൈനയിലെ ലോക്ഡൗൺ, റഷ്യ-യുക്രൈൻ യുദ്ധം, ഉയർന്ന പലിശ നിരക്ക് സംബന്ധിച്ച ഭയം എന്നിവയാണ് രൂപയെ ബാധിച്ചത്. രൂപയുടെ മൂല്യം 78-വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇപ്പോഴത്തെ ഇഠിവ് ഇതോടെ പ്രവാസികൾക്കാണ് നേട്ടമുണ്ടായിരിക്കുന്നത്. നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ രൂപയ്ക്ക് വീണ്ടും കനത്ത ഇടിവ് വന്നതോടെ വിദേശ വിനിമയ ഇടപാടിൽ രൂപയ്‌ക്കെതിരെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഗൾഫ് കറൻസികൾക്ക് ലഭിക്കുന്നത്.

രാജ്യാന്തര വിപണിയിൽ ഒരു സൗദി റിയാലിന് 20.64 രൂപയാണ് ഓൺലൈൻ നിരക്ക്. എക്‌സ്‌ചേഞ്ച്കളിൽ സൗദി റിയാലിന് 20.47 വരെ ലഭിക്കുന്നുണ്ട്. യുഎഇ ദിർഹം 21.09 രൂപ, ഒമാൻ റിയാൽ 201.37 രൂപ, ഖത്തർ റിയാലിന് 21.26 രൂപ, കുവൈത്ത് ദിനാറിന് 252.19 രൂപ, ബഹ്‌റൈൻ ദിനാറിന് 205.34 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വിനിമയ നിരക്ക്.

ഇന്ത്യയിലേക്കുള്ള പണമൊഴുക്കിൽ വർധനയുണ്ടായതായി ഗൾഫിലെ വിവിധ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾ കൂടി നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിനുശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടർന്ന് ആഗോളതലത്തിൽ പണപ്പെരുപ്പ നിരക്കുകൾ വർധിച്ചതും അതിനെതുടർന്നുള്ള നിരക്കുവർധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതി വിപണിയിൽ വ്യാപകമായതും രൂപയ്ക്ക് തിരിച്ചടിയായി.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നിരക്കിൽ അരശതമാനം വർധന വരുത്തിയത് തുടർച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഡോളർ. മെയ് മാസത്തെ ആദ്യത്തെ നാല് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകർ 6,400 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് പിൻവലിച്ചത്. ഏഴ് മാസമായി ഇവർ അറ്റവിൽപ്പനക്കാരാണ്. വിപണിയിലെ ഈ വില്പന സമ്മർദവും രൂപയുടെ മൂല്യത്തെ ബാധിച്ചു.