കൊച്ചി: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഡോളറിലാണ്. ആഗോള വിപണിയിൽ നിന്നും എണ്ണ പർച്ചേസ് ചെയ്യുന്നതും അമേരിക്കൻ ഡോളറിന്റെ വിലയിലാണ്. അങ്ങനെ ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് അതുകൊണ്ട് തന്നെ ഇപ്പോൾ കടുത്ത ക്ഷീണമാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പ്രധാന കാരണം ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യത്തിൽ വന്ന റിക്കോർഡ് ഇടിവാണ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ വൻ ഇടിവ് തുടരുമ്പോൾ തന്നെയും മറ്റ് നാണയങ്ങളുമായുള്ള വിനിമയ കാര്യത്തിൽ മികവു പുലർത്താൻ രൂപയ്ക്ക് സാധിക്കുന്നുണ്ട്.

വില റെക്കോർഡ് നിലവാരത്തിനു തൊട്ടടുത്ത്. ചില വിദേശ കറൻസികളുമായുള്ള വിനിമയത്തിൽ ഡോളറിനു ദൗർബല്യം നേരിടേണ്ടിവന്നിരുന്നില്ലെങ്കിൽ തകർച്ച റെക്കോർഡ് നിലവാരത്തിൽ എത്തുമായിരുന്നുവെന്നു വിപണിയുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു. 68.17 വരെ രേഖപ്പെടുത്തിയ വില നിലവാരത്തിന്റെ പ്രത്യാഘാതത്തിൽ ഓഹരി സൂചികകളിലും വൻ ഇടിവുണ്ടായി. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിടിവു തുടരുന്നതും ചൈനയിലെ സാമ്പത്തിക കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നതുമാണു ഡോളറിനു തുണയായത്. ഡോളറിനു ബാങ്കുകളിൽനിന്നും ഇറക്കുമതിക്കാരിൽനിന്നും ആവശ്യം ഏറിയതോടെ രൂപയ്ക്കു കാലിടറുകയായിരുന്നു.

കഴിഞ്ഞ ദിവസം 67.65 നിലവാരത്തിലാണ് ഇന്റർബാങ്ക് ഫോറെക്‌സ് വിപണിയിൽ വ്യാപാരം അവസാനിച്ചത്. ഇന്നലെ തുടക്കത്തിൽത്തന്നെ ഡോളർ കൂടുതൽ ശക്തമായ നില കൈവരിക്കുകയായിരുന്നു. തുടർന്നു കുതിച്ചുചാട്ടം നടത്തിയ ഡോളറിനു വില 68.17 രൂപ വരെ എത്തിയെങ്കിലും ഉയർന്ന നിലവാരത്തിൽ പിന്തുണ കുറവായിരുന്നു.

അതിനാൽ ഇടപാടുകൾ അവസാനിച്ചത് 67.95 രൂപ നിലവാരത്തിൽ. വിനിമയ നിരക്ക് 68 രൂപ നിലവാരം ഭേദിക്കുന്നത് 2013 സെപ്റ്റംബർ നാലിനു ശേഷം ആദ്യമാണ്. 2013 ഓഗസ്റ്റിലെ 68.85 നിലവാരമാണു നിലവിലെ റെക്കോർഡ്. കറന്റ് അക്കൗണ്ട് കമ്മി തികച്ചും നിയന്ത്രണത്തിലാണെന്നു കേന്ദ്ര ധന മന്ത്രാലയവും ആർബിഐയും പറയുന്നുണ്ടെങ്കിലും ഓഹരി, കടപ്പത്ര വിപണികളിൽനിന്നു വിദേശത്തേക്കു ദിവസേനയുള്ള ഡോളർ പ്രവാഹം ഏറുകയാണ്. ഇക്കഴിഞ്ഞ 20 ദിവസത്തിനകംതന്നെ 6000 കോടിയോളം രൂപയ്ക്കു തുല്യമായ തുകയ്ക്കുള്ള ഡോളർ പുറത്തേക്ക് ഒഴുകിയതായി കണക്കാക്കുന്നു. 20 ദിവസത്തിനിടയിൽ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാകട്ടെ എട്ടു ശതമാനത്തോളവും.

ഓഹരി വില സൂചികകളായ സെൻസെക്‌സിൽ ഇന്നലെ വ്യാപാരത്തിനിടെ 600 പോയിന്റിലേറെ നഷ്ടമുണ്ടായി; നിഫ്റ്റിയിലെ നഷ്ടം 200 പോയിന്റിലേറെയായിരുന്നു. വിപണിയിൽനിന്നു കൂടുതൽ ഡോളർ പിൻവലിക്കപ്പെടാനുള്ള ശക്തമായ സാധ്യതയാണു നിലനിൽക്കുന്നത്. അതേസമയം ബ്രിട്ടീഷ് പൗണ്ട് അടക്കമുള്ള മറ്റ് നാണയങ്ങളുമായുള്ള വിനിമയം പരിശോധിക്കുമ്പോൾ രൂപ മികച്ചു നിൽക്കുന്നുണ്ട്. സാധാരണ ഗതിയിൽ രൂപയുടെ മൂല്യം കുറയുമ്പോൾ മറ്റെല്ലാ നാണയങ്ങളുമായുള്ള വിനിമയ നിരക്കിനെയും ബാധിക്കേണ്ടതാണ്. എന്നാൽ, പൗണ്ടിന്റെയും മറ്റ് വിദേശ നാണയങ്ങളുടെയും മുമ്പിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ രൂപയ്ക്ക് സാധിക്കുന്നുണ്ട്.

അതേസമയം മറ്റ് ഏഷ്യൻ കറൻസികളെ അപേക്ഷിച്ച് രൂപയ്ക്കുണ്ടായ നഷ്ടം കുറവാണെന്നത് രാജ്യത്തിന്റെ നില ഭദ്രമാണെന്നാണ് വ്യക്തമാക്കുന്നത്. 1991ലുണ്ടായ സാമ്പത്തിക മാന്ദ്യത്തെ അനുസ്മരിച്ചായിരുന്നു 2013ൽ ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞത്. 68.85 ആയിരുന്നു അന്നത്തെ നിലവാരം. വിലയിടിവ് തടയാൻ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്ന് കൂടുതൽ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷ. അവധി വ്യാപാരത്തിലും ഇടപെടലുണ്ടായേക്കും.

ശക്തമായ വിദേശനാണ്യ കരുതൽ ശേഖരവും നിയന്ത്രണത്തിലുള്ള പണപ്പെരുപ്പവും വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. 7.5 ശതമാനം വളർച്ചയാണ് ഈ സാമ്പത്തിക വർഷം ഇന്ത്യ പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം വളർച്ച 7.8 ശതമാനമായേക്കും. ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ പൂർണതോതിൽ രാജ്യാന്തര വിപണിയിലെത്തുന്നതുവരെയെങ്കിലും വിദേശനാണ്യ ഇടപാടുകളിലെ വൻ ചലനങ്ങൾ തുടരുമെന്നാണു ബന്ധപ്പെട്ടവരുടെ അഭിപ്രായം. 70 രൂപ നിരക്കു സമീപഭാവിയിൽത്തന്നെ പ്രതീക്ഷിക്കാമെന്നു പ്രവചനങ്ങളുണ്ട്.