ഴിഞ്ഞയാഴ്ച സിറിയയിലേക്ക് പോകുന്ന കപ്പൽപ്പടയെ ബ്രിട്ടന്റെ തീരത്ത് കൂടി അയച്ച് ബ്രിട്ടനെ ഞെട്ടിച്ച നടപടിക്ക് ശേഷം റഷ്യയിതാ വിമാനങ്ങൾ ബ്രിട്ടന്റെ ആകാശത്തിന് മുകളിൽ കൂടി പറത്തിയും വിരട്ടൽ തുടരുന്നു. രണ്ട് തവണ റഷ്യൻ വിമാനം ബ്രിട്ടന് മേലെ കൂടി പറന്നതിന് പിന്നാലെ അതിനെ പ്രതിരോധിക്കാനെന്നോണം ആയുധവാഹികളായ വിമാനങ്ങളെ ബ്രിട്ടനും അയച്ചിരിക്കുകയാണ്. ഇതോടെ റഷ്യ-യൂറോപ്പ് സംഘർഷം മൂർധന്യത്തിലെത്തിയിരിക്കുകയാണ്. യുകെയുടെ എയർസ്പേസിനടുത്ത് കൂടെ പറന്ന റഷ്യൻ ബോംബർ വിമാനങ്ങളെ തടയാനായി ബ്രിട്ടൻ ആർഎഎഫ് ഫൈറ്റർ ജെറ്റുകളെയാണ് അയച്ചിരിക്കുന്നത്. ഒക്ടോബർ 12നും 16നും അർധരാത്രി സ്‌കോട്ട്ലൻഡിന് സമീപത്ത് കൂടിയാണ് റഷ്യൻ ബോംബർ വിമാനങ്ങൾ പറന്നിരിക്കുന്നതെന്നാണ് മിനിസ്ട്രി ഓഫ് ഡിഫെൻസ് വെളിപ്പെടുത്തിയിരിക്കുന്നത്.

തുടർന്ന് ഇതിനെ പ്രതിരോധിക്കാനെന്നോണം സ്‌കോട്ട്ലൻഡിലെ എൽഗിന് സമീപത്തുള്ള ആർഎഎഫ് ലോസിമൗത്തിൽ നിന്നും ബ്രിട്ടന്റെ ടൈഫൂൺ ജെറ്റുകളും പറന്നുയരുകയായിരുന്നു.ഇവയെ പിന്തുണയ്ക്കാനായി ബ്രൈസ് നോർട്ടണിൽ നിന്നുമുള്ള വോയേജറുകളും ഇരമ്പിയെത്തിയിരുന്നു.ആദ്യ ബോംബർ വിമാനം കണ്ടെത്തിയതിനെ തുടർന്നാണ് ബ്രിട്ടീഷ് തീരത്തിനടുത്ത് കൂടി സിറിയയിലേക്ക് പോകുന്ന റഷ്യൻ കപ്പൽപ്പടയെ തങ്ങളുടെ സമുദ്രാതിർത്തി കടക്കുന്നത് വരെ പിന്തുടരാൻ തീരുമാനിച്ചതെന്നാണ് റോയൽ നേവി വെളിപ്പെടുത്തുന്നത്. റഷ്യൻ ബിയർ ബോംബറുകളെ ഒക്ടോബർ 12ന് ആദ്യമായി കണ്ടത് രാത്രി 11.35നായിരുന്നു. പിന്നീട് 16ന് രാത്രി 9.20നായിരുന്നു ഇവയുടെ സാന്നിധ്യമുണ്ടാത്. ഒക്ടോബർ 14നായിരുന്നു റഷ്യയുടെ കപ്പൽപ്പട ഡോവറിന് സമീപത്ത് കൂടെ കടന്ന് പോയിരുന്നത്.

ഒരു എയർക്രാഫ്റ്റ് കാരിയറുമടക്കമുള്ള ഏഴ് പടക്കപ്പലുകളെയാണ് റഷ്യ ബ്രിട്ടന്റ സമുദ്ര ഭാഗത്തേക്ക് അയച്ചിരിക്കുന്നത്. ഈ ഏഴ് പടക്കപ്പലുകളിൽ ബാറ്റിൽ ക്രൂയിസറും രണ്ട് ഡിസ്‌ട്രോയറുകളും ഉൾപ്പെടുന്നു.റഷ്യൻ പടക്കപ്പലുകളെ സൂക്ഷ്മമായി നീരീക്ഷിക്കാൻ നാറ്റോയും സജീവമായി രംഗത്തുണ്ടായിരുന്നു. റോയൽ നേവിയുടെ എച്ച്എംഎസ് ഡ്രാഗന്റെ ക്യാപ്റ്റൻ ക്രെയിഗ് വുഡാണ് റഷ്യയെ ആവശ്യമെങ്കിൽ പ്രതിരോധിക്കാൻ നീറ്റിലിറങ്ങിയിരുന്നത്. ഇതിൽ 4.5 എംകെ 8 മെയിൻ ഗൺ, സാംപ്‌സൺ മൾട്ട്-ഫംക്ഷൻ റഡാർ, ഫാലൻക്‌സ് തുടങ്ങിയ ആധുനിക യുദ്ധ സംവിധാനങ്ങളെല്ലാമുണ്ട്. സീ വൈപ്പർ ആന്റി എയർമിസൈലും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. റോയൽ നേവിക്ക് പുറമെ റോൽ നോർവീജിയൻ നേവി, ഫിന്നിഷ് നേവി, റോയൽ നെതർലാൻഡ്സ് നേവി തുടങ്ങിയവയുടെ കപ്പലുകളും നോർത്ത് കടലിൽ റഷ്യയെ ആവശ്യമെങ്കിൽ നേരിടാൻ സന്നദ്ധമായിറങ്ങിയിരുന്നു.

പാശ്ചാത്യ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സ്പർധ മുമ്പില്ലാത്ത വിധം വർധിച്ച സാഹചര്യത്തിൽ തങ്ങളുടെ ശക്തി യുകെയുടെ പടിവാതിൽക്കൽ വന്ന് പ്രദർശിപ്പിക്കാനാണ് ഇതുവഴി സിറിയയിലേക്ക് കപ്പൽപ്പടയെ പുട്ടിൻ അയച്ചതെന്ന് ചിലർ വിലയിരുത്തുന്നു. ഈ ഒരു സാഹചര്യത്തിൽ 9 ക്വിക്ക് റിയാക്ഷൻ അലേർട്ട്സ് ഈ വർഷം പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് മിനിസ്ട്രി ഓഫ് ഡിഫെൻസ് പ്രഖ്യാപിച്ചിരിക്കുന്നത്.