- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനിലെ താത്കാലിക വെടിനിർത്തലിന് പിന്നാലെ ഒഴിപ്പിക്കൽ തുടങ്ങി; രക്ഷാപ്രവർത്തനം പ്രത്യേക ഇടനാഴികളിലൂടെ; ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബസുകൾ ഒരുക്കിയതായി റഷ്യ ഐക്യരാഷ്ട്ര സഭയിൽ; റഷ്യ പിടിച്ചെടുത്ത പ്രധാന ആണവനിലയം തിരിച്ചു പിടിച്ച് യുക്രൈൻ; കമല ഹാരിസ് കിഴക്കൻ യൂറോപ്പിലേക്ക്
കീവ്: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വെടിനിർത്തൽ നടപ്പാക്കി റഷ്യ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെടിനിർത്തൽ ആരംഭിച്ചത്. മരിയുപോൾ, വൊൾനോവാഹ എന്നീ നഗരങ്ങളിൽ നിന്നുമാണ് ആളുകളെ ഒഴിപ്പിക്കുന്നത്. വിമതരുടെ പ്രവിശ്യകളോട് ചേർന്നാണ് ഈ രണ്ട് സ്ഥലങ്ങളും.
കാർകീവിന് സമീപമുള്ള പെസോച്ചിനിലും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 298 വിദ്യാർത്ഥികളെ ഇവിടെ നിന്നും മാറ്റും. മലയാളി വിദ്യാർത്ഥികൾ ഏറെയുള്ള സ്ഥലമാണ് പെസോച്ചിൻ. ഇവരെ പോളണ്ട് അതിർത്തിയിലെത്തിക്കും. ആറ് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുക്രെയ്‌നിലെ മറ്റു സ്ഥലങ്ങളിൽ ആക്രമണം തുടരുകയാണ്.
യുദ്ധം ആരംഭിച്ച് പത്താം ദിവസമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതെന്നും ഒഴിപ്പിക്കാൻ തങ്ങൾ തന്നെ മുൻകൈ എടുക്കുമെന്നും റഷ്യ വ്യക്തമാക്കി. ആറ് മണിക്കൂർ നേരത്തേക്കാണ് വെടി നിർത്തൽ.
'ഇന്ന്, മാർച്ച് 5 ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക്, റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മരിയുപോളിൽ നിന്നും വോൾനോവഹയിൽ നിന്നും ജനങ്ങൾക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യുന്നു' റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ പ്രഖ്യാപിക്കാനായി റഷ്യയുടെ മേൽ ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ പൗരന്മാരെ ഒഴിപ്പിക്കാൻ മാത്രമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നുമാണ് റഷ്യൻ പക്ഷത്തിന്റെ നിലപാട്.

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാൻ എല്ലാ ഇടപെടലും നടത്തുമെന്ന് റഷ്യ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ വ്യക്തമാക്കി. ജനങ്ങളെ പുറത്തേക്കെത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ പൗരന്മാർക്കുമായി ബെൽഗറോഡ് മേഖലയിൽ ബസുകൾ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യൻ പ്രതിനിധി വാസിലി നബെൻസിയ പറഞ്ഞു.
'റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലെ അതിർത്തികളിൽ ഇന്ന് രാവിലെ 6.00 മുതൽ 130 ബസുകൾ കാത്തുനിൽക്കുകയാണ്. യുക്രൈനിലെ ഹാർകിവിലും സുമിയിലും ചെന്ന് ഇന്ത്യക്കാരെയും മറ്റ് വിദേശികളെയും പുറത്തിക്കാനാണ് ഇവ ഒരുക്കിയിരിക്കുന്നത്. താൽക്കാലിക താമസം, വിശ്രമം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ചെക്ക്പോയന്റുകളിൽ ഒരുക്കിയിട്ടുണ്ട്.
പരിക്കേറ്റവരെ ചികിത്സാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. രക്ഷപ്പെടുത്തുന്നവരെ ബെൽഗോറോഡിലെത്തിച്ച് വിമാനമാർഗം അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കും- നബെൻസിയ സുരക്ഷസമിതിയിൽ വ്യക്തമാക്കി. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് റഷ്യയുടെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
യുക്രൈന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാർ സഹായമഭ്യർഥിക്കുന്ന വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവരെ സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി എന്നിവരുമായും ചർച്ചകൾ നടത്തിയിരുന്നു.

ഇന്ത്യക്കാരുൾപ്പെടെ നിരവധി രാജ്യങ്ങളിലെ ആൾക്കാർ യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്. ബങ്കറുകളിൽ പലരും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കഴിയുന്നത്. ആക്രമണത്തിൽ ജലവിതരണവും ഭക്ഷണ വിതരണവും പൂർണമായും നിലച്ചു. ഇന്ത്യൻ വിദ്യാർത്ഥികളെ ഉൾപ്പെടെ യുക്രൈൻ ബന്ധികളാക്കിയിരിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു.
തുറമുഖ നഗരമായ മരിയുപോൾ വളഞ്ഞ റഷ്യൻ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. വൈദ്യുതി, വെള്ളം, ഭക്ഷണം തുടങ്ങിയവയുടെ വിതരണം നിലച്ചു. രണ്ടാം ലോകമഹായുദ്ധത്തെകാലത്തെ സമാനമായ നടപടിയാണ് റഷ്യയുടേതെന്ന് ആരോപണമുയർന്നിരുന്നു.
യുദ്ധമാരംഭിച്ച ശേഷം 18,000 പൗരന്മാരെ യുക്രൈനിൽ നിന്ന് രക്ഷപ്പെടുത്തിയതായാണ് കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയച്ചാണ് സർക്കാർ ഇവരെ നാട്ടിലെത്തിച്ചത്. അതേസമയം വിദേശ പൗരന്മാരെ യുക്രൈൻ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. സുരക്ഷ സമിതി യോഗത്തിലും റഷ്യ ഈ ആരോപണം ആവർത്തിച്ചു.
യുക്രൈൻ പൗരന്മാർ പിടിച്ചുവെച്ചിട്ടുള്ള വിദേശ പൗരന്മാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് റഷ്യ ആരോപിച്ചു. ഹർകിവിൽ 3189 ഇന്ത്യൻ പൗരന്മാരെയും 2700 ഓളം വിയത്നാം പൗരന്മാരെയും 202 ചൈനീസ് പൗരന്മാരെയും ഇത്തരത്തിൽ പിടിച്ചുവെച്ചിരിക്കയാണ്. സുമിയിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും റഷ്യ പറഞ്ഞു.
കാർകിവിൽ നിന്ന് റഷ്യൻ അതിർത്തിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ചൈനീസ് പൗരന്മാർക്ക് നേരെ യുക്രൈനികൾ വെടിയുതിർത്തതായും ചിലർക്ക് പരിക്കേറ്റതായും റഷ്യൻ പ്രതിനിധി ആരോപിച്ചു. എന്നാൽ ഇന്ത്യൻ പൗരന്മാരെ ബന്ധികളാക്കിയിട്ടുണ്ടെന്ന റഷ്യയുടെ ആരോപണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇത്തരം റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിഷയത്തിൽ ഇന്ത്യയുടെ നിലപാട്.
അതേ സമയം റഷ്യ പിടിച്ചെടുത്ത യുക്രൈനിലെ പ്രധാന ആണവനിലയമായ സഫോറീസിയ യുക്രൈൻ സൈന്യം തിരിച്ചു പിടിച്ചതായി റിപ്പോർട്ട്. നേരത്തെ സഫോറീസിയ ആണവ നിലയത്തിൽ റഷ്യ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ആണവനിലയം റഷ്യ പിടിച്ചെടുത്തു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
അതേസമയം റഷ്യൻ ആക്രമണത്തിൽ തെക്കുകിഴക്കൻ യുക്രൈനിലെ എനെർഹോദർ നഗരത്തിലുള്ള നിലയത്തിലെ ആറ് റിയാക്ടറുകളിൽ ഒന്നിൽ വൻതീപ്പിടിത്തമുണ്ടായതായാണ് വിവരം. പരിശീലനകേന്ദ്രത്തിലാണ് ഷെല്ലുകൾ പതിച്ചതെന്ന് സാഫോറീസിയ വക്താവ് ആൻന്ദ്രി ടസ് പറഞ്ഞു. തീയണയ്ക്കാൻ കഴിഞ്ഞതിനാൽ ദുരന്തഭീഷണി താത്കാലികമായി ഒഴിവായി. നിലവിൽ സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെയാണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാഫോറീസിയ റഷ്യ പിടിച്ചെടുത്തതായ സ്ഥിരീകരണം വന്നത്.
ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയെ വിളിച്ച് സ്ഥിതിഗതികൾ ആരായുകയും ചെയ്തു.
എന്നാൽ റഷ്യൻ സൈന്യം യുക്രൈനിലെ നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നുവെന്ന വാർത്തകൾ നിഷേധിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ രംഗത്തെത്തി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിവരങ്ങൾ വ്യാജമാണെന്നും പുടിൻ പറഞ്ഞു.
അതേ സമയം അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് കിഴക്കൻ യൂറോപ്പ് സന്ദർശിക്കാനുള്ള തീരുമാനത്തിലാണ്. യുക്രൈന്റെ അയൽ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളിലാണ് കമല സന്ദർശനം നടത്തുക.
റഷ്യൻ കടന്നുകയറ്റിനെതിരെ പൊരുതുന്ന നാറ്റോയുടെ കിഴക്കൻ കിഴക്കൻ സഖ്യകക്ഷികൾക്കുള്ള പിന്തുണ പ്രഖ്യാപനം കൂടിയാണ് കമലയുടെ സന്ദർശനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. നാറ്റോ സഖ്യകക്ഷികൾ തമ്മിലുള്ള ഐക്യവും കരുത്തും പ്രകടമാക്കുന്നതാവും ഈ സന്ദർശനമെന്നും വൈറ്റ്ഹൗസ് കൂട്ടിച്ചേർത്തു.
മാർച്ച് 9 മുതൽ 11 വരെ പോളണ്ടിലെ വാഴ്സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലുമാണ് കമല ഹാരിസ് സന്ദർശനം നടത്തുക. റഷ്യയുടെ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലെ നാറ്റോ സഖ്യരാജ്യങ്ങൾക്കുള്ള സഹായങ്ങളും കമല ഏകോപിപ്പിക്കും.
യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളെ സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന യുക്രൈന്റെ അയൽരാജ്യങ്ങളെ അമേരിക്കയ്ക്ക് എങ്ങനെ കൂടുതൽ പിന്തുണയ്ക്കാനാകുമെന്നതും കമല ഹാരിസ് വിലയിരുത്തും.




