ബെയ്ജിങ്: ഇറാനെതിരെ അമേരിക്ക നിലപാട് എടുത്തപ്പോൾ ഇന്ത്യയും ഒപ്പം കൂടി. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചപ്പോൾ രൂപയുടെ മൂല്യം കുത്തനെ ഇടിച്ചു. കൂടുതൽ ഡോളർ നൽകി എണ്ണ വാങ്ങിക്കൂട്ടിയത് എണ്ണവില ഉയരാനും കാരണമായി. അങ്ങനെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞു. ഇതിനിടെയിൽ റഷ്യയ്‌ക്കെതിരേയും അമേരിക്ക ഉപരോധത്തിന് എത്തുകയാണ്. നാറ്റോ പോലും റഷ്യയ്‌ക്കെതിരായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നില്ല. റഷ്യയ്‌ക്കെതിരെ അമേരിക്ക എടുത്ത നിലപാടിനെ ചൈനയും എതിർക്കുന്നു. റഷ്യയും ചൈനയും ഇറാനും ചേരുന്നൊരു പുതിയ ശാക്തിക ചേരിക്ക് കളമൊരുക്കുകയാണ് ട്രംപിന്റെ പിടിവാശികൾ. ഇതോടെ എന്ത് നിലപാട് എടുക്കണമെന്ന ആശയക്കുഴപ്പത്തിൽ ഇന്ത്യ എത്തുകയാണ്.

ഇന്ത്യ റഷ്യയിൽനിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത് കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കുമെന്ന മുന്നറിയിപ്പും അമേരിക്ക മോദി സർക്കാരിന് നൽകി കഴിഞ്ഞു. റഷ്യക്കെതിരായി അമേരിക്ക 2017ൽ തയ്യാറാക്കിയ കാറ്റ്‌സാ നിയമം ലംഘിക്കുന്നതാണ് ഇന്ത്യ-റഷ്യ ഇടപാടെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു. അമേരിക്കയുടെ ശത്രുക്കളെ ഉപരോധത്തിലൂടെ ചെറുക്കാനുള്ള നിയമമാണ് കാറ്റ്‌സാ നിയമം. റഷ്യയിൽനിന്ന് എസ്-400 മിസൈലുകളും സുഖോയ് യുദ്ധവിമാനങ്ങളും വാങ്ങാനുള്ള ചൈനീസ് സേനയുടെ നീക്കത്തിനെതിരേ ഉപരോധവുമായി അമേരിക്ക രംഗത്തു വന്നിരുന്നു. ഇത്തരം പദ്ധതികളിലേർപ്പെടുന്ന മറ്റ് രാജ്യങ്ങൾ രണ്ടാമത് ഒന്നുകൂടി ആലോചിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ ഭീഷണിക്ക് അമേരിക്കയ്‌ക്കൊപ്പം നിൽക്കുന്ന നാറ്റോയുടെ കൂടെ പിന്തുണയില്ല. റഷ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപോവില്ലെന്നും നാറ്റോ രാജ്യങ്ങൾ തിരിച്ചറിയുന്നുണ്ട്.

ചൈനയും റഷ്യയും തമ്മിലുള്ള പ്രതിരോധ ഇടപാടിനാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഫൈറ്റർ ജെറ്റുകളും മിസൈൽ സംവിധാനങ്ങളും റഷ്യയിൽ നിന്നു വാങ്ങുന്നതു തടയും വിധം മിലിട്ടറി യൂണിറ്റിന് ഉപരോധമേർപ്പെടുത്തുകയായിരുന്നു അമേരിക്ക. ഇതാണ് ചൈനയെ ചൊടുപ്പിച്ചു. സംഭവത്തിൽ യുഎസ് അംബാസഡറെ വിളിച്ചു വരുത്തി ചൈന ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. ഉപരോധം പിൻവലിച്ചില്ലെങ്കിൽ യുഎസ് പ്രത്യാഘാതം 'അനുഭവിക്കേണ്ടി' വരുമെന്നും ചൈന വ്യക്തമാക്കി. ഇരുവിഭാഗവും തമ്മിലുള്ള 'സംഘർഷം' ശക്തമായ സാഹചര്യത്തിൽ വാഷിങ്ടനിലേക്കു പ്രതിനിധിയെ അയയ്ക്കാനിരുന്ന തീരുമാനവും ചൈന റദ്ദാക്കി. ഇതോടെ ചൈനയും റഷ്യയും ഇറാനും അമേരിക്കയ്‌ക്കെതിരെ ഒരുമിക്കാനുള്ള സാഹചര്യവും കൂടി.

ചൈനീസ് ഉൽപന്നങ്ങൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം കനത്ത തീരുവ ചുമത്തിയ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിക്കു ചർച്ചകളിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങളേയും ഇത് ബാധിച്ചു. ക്രൈമിയ പിടിച്ചെടുക്കാനുള്ള നീക്കത്തിനും സൈബർ ആക്രമണത്തിനും ഉൾപ്പെടെ റഷ്യയ്ക്കുള്ള 'ശിക്ഷാനടപടി'യുടെ ഭാഗമായാണ് യുഎസ് നീക്കം. ഒന്നുകിൽ നടപടി നീക്കുക, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ ഒരുങ്ങുക എന്നായിരുന്നു ഇക്കാര്യത്തിൽ ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് യുഎസിനു മുന്നറിയിപ്പു നൽകിയത്. ചൈനീസ് സൈന്യവും സംഭവത്തിൽ അതീവരോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

പരമാധികാരമുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ രാജ്യാന്തര നിയമപ്രകാരമുള്ള ഇടപാടുകളാണു ചൈനയും റഷ്യയും നടത്തിയിരുന്നതെന്ന് നാഷനൽ ഡിഫൻസ് മന്ത്രാലയം വക്താവ് പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാൻ യുഎസിനു യാതൊരു അവകാശവുമില്ലെന്നും ചൈനയും വിശദീകരിക്കുന്നു. റഷ്യയിൽനിന്ന് ആയുധങ്ങളുൾപ്പെടെയുള്ള പ്രതിരോധ സഹായങ്ങൾ സ്വീകരിക്കുമ്പോൾ മറ്റ് രാജ്യങ്ങൾ അമേരിക്കയുടെ പ്രത്യേക അനുമതി വാങ്ങണമെന്ന വ്യവസ്ഥയെ ലംഘിക്കുന്നതായി കാണിച്ചാണ് ചൈനയ്ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ആദ്യമായാണ് അമേരിക്ക കാറ്റ്‌സാ നിയമം മൂന്നാമതൊരു രാജ്യത്തിനെതിരെ ഉപയോഗിക്കുന്നത്.

2015ലെ ഇറാൻ ആണവകരാർ യാഥാർഥ്യമാക്കുന്നതിന് അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചൈനയും റഷ്യയുമാണ് ഇതിന് മുൻകൈയെടുക്കുന്നത്. ഇതും അമേരിക്കയ്ക്ക് തിരിച്ചടിയാണ്. ബ്രിട്ടൺ,ചൈന,ഫ്രാൻസ്,ജർമനി, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് തിങ്കളാഴ്ച പ്രദേശികസമയം രാവിലെ എട്ട്മണിക്ക് കൂടിക്കാഴ്ച നടത്തുക. മെയ് എട്ടിനാണ് ഇറാൻ ആണവകരാറിൽ നിന്ന് പിന്മാറി അമേരിക്ക ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. ഇത്തരം കൂട്ടായ്മയുണ്ടാകുമ്പോൾ വെട്ടിലാകുന്നത് ഇന്ത്യയാണ്. ചൈനയും പാക്കിസ്ഥാനുമായുള്ള അടുപ്പമാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ചൈനയെ കണ്ണുമടച്ച് വിശ്വസിക്കാനും വയ്യ.

ലോകരാജ്യങ്ങൾ ഒന്നാകെ അമേരിക്കയെ തള്ളി പറയുമ്പോൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുക ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളിയാണ്. ട്രംപിന്റെ നയങ്ങളെ കൊള്ളാനും ആവുന്നില്ല.