ന്യൂയോർക്ക്: പാശ്ചാത്യ ചേരികളുടെ ഇംഗിതത്തിന് വഴങ്ങാതെ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ കടുത്ത സൈനിക നടപടികൾ കൈക്കൊണ്ട റഷ്യയോടുള്ള പക അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും അടങ്ങുന്നില്ല. റഷ്യയുടെ അതിർത്തിയിലേക്ക് 4000 സൈനികരെ വിന്യസിച്ച് പുട്ടിനെ പ്രകോപിപ്പിക്കാനാണ് നാറ്റോയുടെ നീക്കം. റഷ്യക്ക് നാറ്റോ സുരക്ഷാ ഭീഷണിയാണെന്ന് പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള റഷ്യൻ പ്രസിഡന്റ് വഌഡിമർ പുട്ടിന് ഈ നീക്കം തെല്ലും രസിക്കാനിടയില്ലെന്നാണ് സൂചന.

ഭീകരതയ്ക്ക് എതിരെ പോരാടാൻ റഷ്യയ്ക്ക് പിന്തുണയുമായി സൗദിയും രംഗത്ത് വന്നിരുന്നു. സിറിയയിൽ റഷ്യയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സൗദി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നാറ്റോയുടെ നീക്കം. ചൈനയും റഷ്യൻ മുന്നണിയിൽ ചേരുമെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ലോക രാജ്യങ്ങൾ തങ്ങൾക്കൊപ്പമെന്ന് വരുത്താനാണ് അമേരിക്കൻ ശ്രമം. അതിന്റെ ഭാഗമായാണ് നാറ്റോ സേനയുടെ നീക്കം. സിറിയയിലെ പ്രതിസന്ധിക്കു പരിഹാരം തേടി റഷ്യ, യുഎസ്, സൗദി അറേബ്യ, തുർക്കി, ഇറാഖ്, ഈജിപ്ത്, ഇറാൻ എന്നിവ ഉൾപ്പെടെ 12 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ ഇന്നും നാളെയും വിയന്നയിൽ ചർച്ച നടത്തുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ദക്ഷിണ ചൈന കടലിൽ അമേരിക്കക്കെതിരെ യുദ്ധം ചെയ്യാൻ ഭയമില്ലെന്ന് ചൈനയുടെ വെല്ലുവിളി മുഴക്കിയിട്ടുണ്ട്. ദക്ഷിണ ചൈന കടലിലെ സ്പ്രാറ്റ്‌ലി ദ്വീപസമൂഹത്തിൽ അവകാശവാദമുന്നയിച്ച് അമേരിക്കൻ പടക്കപ്പലുകൾ സാന്നിധ്യമറിയിച്ചതിന് മറുപടിയായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള 'പീപ്ൾസ് ലിബറേഷൻ ആർമി' ദിനപത്രം വെല്ലുവിളി ഉയർത്തിയത്. അമേരിക്ക വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിൽ വാഷിങ്ടണുമായി നയതന്ത്ര നീക്കത്തിനാണ് ചൈന ശ്രമിക്കുന്നത്. എന്നാൽ, യുദ്ധമടക്കമുള്ള ഏത് സാഹചര്യത്തെയും നേരിടാൻ ചൈന തയാറാണെന്നും പത്രം പറയുന്നു. ഇറാഖിലും അഫ്ഗാനിലും കുഴപ്പങ്ങൾക്ക് കാരണമായതും അമേരിക്കയുടെ നടപടികളാണെന്ന് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ ആരോപിക്കുന്നു. സുസ്ഥിര ഭരണം നിലനിന്ന ആ രാജ്യങ്ങളിൽ ആദ്യമായി ശക്തിപ്രയോഗിച്ച് കുഴപ്പങ്ങൾ സൃഷ്ടിച്ചതും ഇന്നത്തെ അവസ്ഥക്ക് കാരണക്കാരായി തീർന്നതും അമേരിക്കയാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ചയാണ് ദക്ഷിണ ചൈനാക്കടലിലെ കൃത്രിമ ദ്വീപുകൾക്കിടയിലൂടെ അമേരിക്കൻ പടക്കപ്പലുകൾ കടന്നുപോയത്. രാജ്യാന്തര അതിർത്തി അമേരിക്ക ലംഘിച്ചെന്നും പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് പ്രതിഷേധവുമായി ചൈന രംഗത്ത് വന്നിരുന്നു. സൈനികാഭ്യാസം ലക്ഷ്യമാക്കിയാണ് യു.എസ്.എസ് ലാസൻ എന്ന കപ്പൽ മേഖലയിൽ കടന്നതെന്ന് ചൈന പറയുന്നു. നിരുത്തരവാദപരമായാണ് അമേരിക്ക പെരുമാറുന്നതെന്നും രാജ്യത്തെ സംരക്ഷിക്കാൻ എന്തും ചെയ്യുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് യാങ് യുജുൻ വ്യക്തമാക്കിയതായി ചൈനീസ് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. സ്വയം വിഡ്ഢികളാകാൻ അമേരിക്ക ശ്രമിക്കരുതെന്നാണ് വിദേശകാര്യ വക്താവ് ലു കാങ് പ്രതികരിച്ചത്. ദക്ഷിണ ചൈനാക്കടലിൽ യുദ്ധവിമാനങ്ങൾ ഇറക്കാൻ പാകത്തിൽ മൂന്നു കിലോ മീറ്റർ നീളത്തിൽ ചൈന പ്രത്യേക റൺവേ ഉണ്ടാക്കാൻ തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യം പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയത്. ലോകത്തിലെ തിരക്കേറിയ കപ്പൽ പാതകളിൽ ഒന്നാണ് ദക്ഷിണ ചൈനാക്കടൽ. വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, ഫിലിപ്പീൻസ്, തായ്വാൻ എന്നീ രാജ്യങ്ങളും മേഖലയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ പ്രസിഡന്റ് ബഷാർ അൽ അസദിനെ പിന്തുണച്ച് വിമതർക്കും ഐഎസ് ഭീകരർക്കും എതിരെ റഷ്യ വ്യോമാക്രമണം ആരംഭിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇതിനെ ചൈനയും പിന്തുണയ്ക്കുന്നു. ഇതോടെയാണ് റഷ്യയ്ക്കും ചൈനയ്ക്കുമെതിരെ അമേരിക്ക തിരിഞ്ഞത്. അസദിനെ പിന്തുണയ്ക്കുന്ന ഇറാനും റഷ്യയ്‌ക്കൊപ്പമുണ്ട്. അസദിനെ എതിർക്കുകയും വിമതരെ പിന്തുണച്ച് അസദിനെ പുറത്താക്കാൻ ശ്രമിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള രാജ്യങ്ങൾക്ക് ഇത് ഇഷ്ടമായിട്ടില്ല. ഇതോടെയാണ് പ്രശ്‌നം രൂക്ഷമയാത്. വിയന്നയിലെ ചർച്ചയിൽ പ്രശ്‌നപരിഹാരത്തിനു വഴിതെളിയുമെന്ന പ്രതീക്ഷയിലാണ് റഷ്യ. അതിനിടെ റഷ്യൻ നീക്കങ്ങൾ ഫലം കാണുമെന്ന ഭയമാണ് ചർച്ചയ്ക്ക് അമേരിക്കയെ തയ്യാറാക്കിയതെന്ന വാദവുമുണ്ട്. ഈ ചർച്ചയ്ക്ക് മുന്നോടിയായി നാറ്റോ സേനയെ വിന്യസിക്കുന്നത് പുതിയ തന്ത്രമാണ്.

ചർച്ച പൊളിഞ്ഞാൽ എന്തും സംഭവിക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറും. അതിന്റെ സൂചനയാണ് നാറ്റോ നൽകുന്നത്. റഷ്യയിൽനിന്ന് ഭീഷണി നേരിടുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ സൈനികനീക്കമെന്നാണ് നാറ്റോയുടെ വിശദീകരണം. കിഴക്കൻ യുക്രൈനിനെ റഷ്യാവിരുദ്ധ വിമതരെ സഹായിക്കുന്നതുൾപ്പെടെയുള്ള അജൻഡകളാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. നാറ്റോയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സമാധാന സേനയാകും ഇവിടേക്ക് നിയോഗിക്കപ്പെടുക. ഇതോടെ മേഖലയിൽ ഏത് സമയവും യുദ്ധം പൊട്ടിപുറപ്പെടാമെന്ന സ്ഥതിയുണ്ടാകും.

800 മുതൽ 1000 വരെയുള്ള സംഘങ്ങളെയാകും പോളണ്ട്, ലിത്വാനിയ, ലാത്വിയ, എസ്‌റ്റോണിയ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തിയിലേക്കാണ് നാറ്റോ സേനയെ നിയോഗിക്കുക. റഷ്യയുടെ കടന്നുകയറ്റത്തിനെതിരെ നാറ്റോ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കുമെന്ന സന്ദേശം മോസ്‌കോയ്ക്ക് നൽകുന്നതിനുവേണ്ടിയാണ് ഈ സൈനിക വിന്യാസം നടത്തുന്നത്. റഷ്യയിൽനിന്നുള്ള ഭീഷണി ഒഴിവാക്കാൻ ഈ മേഖലയിൽ സഖ്യസേനയുടെ സാന്നിധ്യം വേണമെന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിറിയയിലെ വിമതരേയും അവരെ പിന്തുണയ്ക്കുന്ന ഐസിസിനേയും മാത്രമേ ഇത് സഹായിക്കൂ എന്നാണ് വാദം.

കിഴക്കൻ യൂറോപ്പിൽ നാറ്റോ സൈന്യത്തിന്റെ സാന്നിധ്യം കൂടുന്നതാണ് യുക്രൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റഷ്യാവിരുദ്ധ വികാരം ശക്തമാകാൻ കാരണമെന്നാണ് പുട്ടിന്റെ അഭിപ്രായം. റഷ്യക്കെതിരെ തുടർച്ചയായി പ്രതിരോധമുയർത്തുന്ന നാറ്റോ രാജ്യത്തിന് സുരക്ഷാ ഭീഷണിയായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. അതിർത്തികളിലെ സൈനിക സാന്നിധ്യം നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള 1994ലെ കരാറിന് വിരുദ്ധമാണ് നാറ്റോയുടെ നീക്കമെന്നും റഷ്യ കരുതുന്നു. എന്നാൽ, കരാർ ലംഘിക്കുന്നത് റഷ്യയാണെന്നാണ് നാറ്റോ ആവർത്തിക്കുന്നത്.

വിയന്ന ചർച്ചകളിൽ അസദിനെ പിന്തുണയ്ക്കുന്ന ഇറാൻ പങ്കെടുക്കുന്നത് നാലു വർഷം നീണ്ട യുദ്ധത്തിനു രാഷ്ട്രീയ പരിഹാരം അസാധ്യമാക്കുമെന്ന് പാശ്ചാത്യശക്തികളുടെ പിന്തുണയുള്ള സിറിയയിലെ വിമത സഖ്യത്തിന്റെ വൈസ് പ്രസിഡന്റ് ഹിഷാം മർവ പറയുന്നു. സൗദി അറേബ്യയും ഖത്തറുമാണ് പ്രധാനമായും വിമതസഖ്യത്തെ തുണയ്ക്കുന്നത്. എന്നാൽ സൗദി മനംമാറ്റത്തിലാണ്. അസദിനു കൂടി പങ്കാളിത്തമുള്ള ഭരണസംവിധാനത്തിനേ സിറിയൻ ജനതയുടെ താൽപര്യം സംരക്ഷിക്കാനാവൂ എന്ന നിലപാടിലാണ് റഷ്യയും ഇറാനും.

പ്രശ്‌ന പരിഹാരത്തിനായി കുറച്ചുകാലത്തേക്ക് അസദിനു കൂടി പങ്കാളിത്തമുള്ള ഭരണസംവിധാനത്തിന് യുഎസും ഇപ്പോൾ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ വൈകാതെ അധികാര രാഷ്ട്രീയത്തിൽ നിന്ന് അസദ് പിന്മാറണമെന്ന് അവർ താൽപര്യപ്പെടുന്നു. പ്രശ്‌നത്തിൽ പരിഹാരമുണ്ടായാൽ സിറിയയിലെ സൈനിക നടപടികൾ അവസാനിക്കും. റഷ്യ പിന്മാറും. ഫലത്തിൽ ഐസിസിനും രക്ഷപ്പെടാൻ കഴിയൂ. അവർക്കും വീണ്ടും ഒരുമിച്ച് ഭീകര പ്രവർത്തനങ്ങൾ നടത്താൻ വീണ്ടും അവസരം ഒരുങ്ങും.